- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളവണ്ടിക്കാരുടെ നാടെന്ന് സായിപ്പന്മാർ വിളിച്ചിരുന്ന ഇന്ത്യയെ ലോകത്തിന് മുന്നിൽ ഉയർത്തി പിടിച്ച മഹാനായ ശാസ്ത്രജ്ഞൻ; രോഹിണിയും അണ്വായുധവും മുതൽ മംഗൾയാൻ വരെയുള്ള ഇന്ത്യൻ ശാസ്ത്ര നേട്ടങ്ങളുടെ ചാലക ശക്തി
സ്വാതന്ത്ര്യവും വികസനവും നെഞ്ചുറപ്പുമുള്ള ഇന്ത്യയെ വാർത്തെടുക്കാൻ രാപകൽ കഷ്ടപ്പെട്ട ശാസ്ത്രജ്ഞനായിരുന്നു രാമേശ്വരത്ത് ജനിച്ച വീണ എപിജെ അബ്ദുൾ കലാം. സ്വാതന്ത്ര്യത്തിന് വേണ്ടത് സമാധാനമാണ്. അതിന് ആളുകളുടെ കഷ്ട നഷ്ടങ്ങൾ മാറണം. ആയുധങ്ങൾ യുദ്ധം ചെയ്യാനുള്ളതല്ല. മറിച്ച് ആരും ആക്രമിക്കില്ലെന്ന് ഉറപ്പിക്കാനുള്ളതാണ്. ഇന്ത്യയുടെ ആണവ
സ്വാതന്ത്ര്യവും വികസനവും നെഞ്ചുറപ്പുമുള്ള ഇന്ത്യയെ വാർത്തെടുക്കാൻ രാപകൽ കഷ്ടപ്പെട്ട ശാസ്ത്രജ്ഞനായിരുന്നു രാമേശ്വരത്ത് ജനിച്ച വീണ എപിജെ അബ്ദുൾ കലാം. സ്വാതന്ത്ര്യത്തിന് വേണ്ടത് സമാധാനമാണ്. അതിന് ആളുകളുടെ കഷ്ട നഷ്ടങ്ങൾ മാറണം. ആയുധങ്ങൾ യുദ്ധം ചെയ്യാനുള്ളതല്ല. മറിച്ച് ആരും ആക്രമിക്കില്ലെന്ന് ഉറപ്പിക്കാനുള്ളതാണ്. ഇന്ത്യയുടെ ആണവപദ്ധതിയിക്ക് ചുക്കാൻ പിടിക്കുമ്പോഴും അയൽ രാജ്യങ്ങളെ നശിപ്പിക്കണമെന്ന് ചിന്തിക്കാൻ പോലും കലാമെന്ന ശാസ്ത്രജ്ഞന് കഴിയുമായിരുന്നില്ല. ആണവോർജ്ജത്തിന്റെ സാധ്യതകൾ നന്നായി മനസ്സിലാക്കി തന്നെയാണ് അദ്ദേഹം തന്റെ ശാസ്ത്ര പദ്ധതികൾ ആവിഷകരിച്ചത്. അതിന്റെ കൂടെ നേർചിത്രമാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ.
ആണവോർജ്ജം നേടിയ ഇന്ത്യയെ മറ്റ് രാജ്യങ്ങൾ ബഹുമാനത്തോടെ കാണാൻ തുടങ്ങി. ചന്ദ്രയാനും മംഗൾയാനുമെല്ലാം യാഥാർത്ഥ്യമാക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷകർക്ക് പ്രചോദനമായതും കലാമെന്ന വ്യക്തിയുടെ സ്വാധീനം തന്നെയാണ്. തന്റെ അടുത്ത തലമുറ ശാസ്ത്രജ്ഞർക്ക് വ്യക്തമായ ദിശാ ബോധം കലാം നൽകി. മിസൈൽ മാനെ രാഷ്ട്രപതിയാക്കി രാജ്യം ആദരിച്ചതും ശാസ്ത്ര ലോകത്തിന് ആവേശമായി. രാജ്യത്തിനായി പണിയെടുത്താൽ ആദരവ് കിട്ടുമെന്ന സന്ദേശമായിരുന്നു അതിലൂടെ സംഭവിച്ചത്. കലാമിന്റെ പിൻഗാമികളും അവേശത്തിലായി. അങ്ങനെ ഇന്ത്യ ചന്ദ്രനിലെത്തി. ചൊവ്വയുടെ പടം പിടിച്ചു. ചന്ദ്രനിലെ വെള്ളത്തിന്റെ അംശം പുറം ലോകത്തെ അറിയിച്ചു. ആധുനിക ശാസ്ത്ര ലോകത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതു പാതയൊരുക്കിയ മഹനായിരുന്നു കലാം. ജീവിതം പോലും ഗവേഷണത്തിന് മാറ്റി വച്ച് പിറന്നു വീണ നാടിന്റെ തലയെടുപ്പ് കൂട്ടിയ അസാമാന്യ പ്രതിഭ.
മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിങ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്‌റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ഈ ശാസ്ത്ര നേട്ടങ്ങളുടെ കരുത്തുമായി രാഷ്ട്രപതി പദത്തിലെത്തിയപ്പോഴും സ്ഥാനമൊഴിഞ്ഞ ശേഷവും ഇന്ത്യൻ ശാസ്ത്ര ലോകത്തിന് ദിശാബോധം നൽകാൻ മുന്നിൽ നിന്നു. വിവാദങ്ങളോട് പ്രതികരിക്കുക പോലും ചെയ്യാത്തെ പ്രവർത്തിയിലൂടെ മനസ്സ് ലോകത്തെ അറിയിച്ച മഹാനായിരുന്നു കലാം.
യാഥാസ്ഥിതിക മതചിന്തകളിൽപ്പെട്ട് ജീവിതം മറ്റൊരു വഴിക്കാകേണ്ട സാധാരണ കുട്ടിക്കാലമാണ് കലാമിന്റേത്. നിന്റെ വഴി ശാസ്ത്രത്തിലൂടെയാകണമെന്നും ആരും കൊച്ചു കലാമിനെ പഠിപ്പിച്ചില്ല. എന്നാലും താൻ സഞ്ചരിക്കേണ്ട വഴി യഥാസമയം തിരിച്ചറിഞ്ഞ് മുന്നേറി. അതിലൂടെയാണ് രാമേശ്വരത്തെ കൊച്ചുപയ്യൻ ലോകമറിയുന്ന ശാസ്ത്രകാരനായത്. മിസൈൽ വിദഗ്ദ്ധനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഡോ.എ.പി.ജെ അബ്ദുൾ കലാം പിറന്നത് രാമേശ്വരം ദ്വീപിലെ മോസ്‌ക് സ്ട്രീറ്റിലാണെന്ന് വിശ്വസിക്കുക പോലും അസാധ്യമാണിന്ന്. അത്രയേറെ നേട്ടങ്ങൾ കലാമിന്റെ ശാസ്ത്ര ജീവിതത്തിലുണ്ട്. അച്ഛൻ ജൈനുലബ്ദീൻ. അമ്മ ആയിഷാമ്മ. ഔദ്യോഗിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളുടെ മകനായി, സാധാരണക്കാരിൽ സാധാരണക്കാരുടെ ഇടയിൽ, ഇല്ലായ്മകളുടെ നടുവിൽ ജീവിച്ച അദ്ദേഹത്തിന്റേത് നിശ്ചയദാർഢ്യത്തോടെ പ്രതിബന്ധങ്ങളെ ഒന്നൊന്നായി അതിജീവിച്ച അസാധാരണമായ വിജയകഥയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷമുള്ള രാമേശ്വരത്തെ തെരുവുകളിൽ അതിരാവിലെ പത്രം വിതരണം ചെയ്തു നടന്നിട്ടുണ്ട്, എട്ടുവയസ്സുകാരനായ അബ്ദുൾ കലാം.
അബ്ദുൾ കലാമിന് ആറുവയസ്സുള്ളപ്പോൾ ബാപ്പ ഒരു ബോട്ടുണ്ടാക്കുന്നത് കാണാൻ ഇടവന്നു. സേതുക്കര എന്നും അറിയപ്പെടുന്ന ധനുഷ്‌കോടിയിലേക്ക് തീർത്ഥാടകരെ കൊണ്ടുപൊകാനുള്ള ബോട്ടായിരുന്നു ബാപ്പ നിർമ്മിച്ചത്. ഒരു ബന്ധുവായിരുന്ന അഹമ്മദ് ജല്ലാലുദ്ദീനായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ സഹായി. പിന്നീട് ജല്ലാലുദ്ദീന് കലാമിന്റെ സഹോദരിയായ സുഹ്‌റയെ നിക്കാഹ് കഴിച്ചു കൊടുത്തു, ബാപ്പ. തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ആ ബോട്ടു നിർമ്മാണം അബ്ദുൾ കലാമിനെ ആവേശം കൊള്ളിച്ചു. ബോട്ട് സർവ്വീസ് ലാഭകരമായി നടന്നുകൊണ്ടിരിക്കെ ധനുഷ്‌കോടിയിലും രാമേശ്വരത്തും ആഞ്ഞടിച്ച കൊടുങ്കാറ്റ് എല്ലാം തകർത്തു കളഞ്ഞു. നിറയെ യാത്രക്കാരുമായി പാമ്പൻ പാലത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന ട്രെയിൽ പാലം തകർന്ന് കടലിൽ വീണു. സംഹാരരുദ്രയായ കടൽ ധനുഷ്‌കോടിയെ വിഴുങ്ങി. പ്രളയത്തിലും കൊടുങ്കാറ്റിലും പെട്ട് തകർന്നടിഞ്ഞവയിൽ ബാപ്പയുടെ ബോട്ടും ഉൾപ്പെടും.
ബോട്ടു നഷ്ടപ്പെട്ടെങ്കിലും അബ്ദുൾ കലാമിന് ഉത്തമനായ ഒരു സുഹൃത്തിനെ ലഭിച്ചു. അബ്ദുൾ കലാമിന്റെ ജീവിതത്തിന്റെ ദിശ മാറ്റിമറിച്ചവരിൽ പ്രധാനി അദ്ദേഹമായിരുന്നു. പിന്നെ, ബാപ്പയും. രണ്ടാൾക്കും സ്‌കൂൾ വിദ്യാഭ്യാസമേ ഉണ്ടായിരുന്നില്ല. ജല്ലാലുദ്ദീൻ എപ്പോഴും വിദ്യാസമ്പന്നരായ മഹാത്മാക്കളെക്കുറിച്ചു, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോട് ആവേശപൂർവ്വം സംസാരിച്ചു കൊണ്ടിരുന്നു. അക്കാലത്ത് ഇംഗ്ലീഷ് എഴുതാൻ കഴിയുന്ന ദ്വീപിലെ ഏക വ്യക്തി അദ്ദേഹമായിരുന്നു. രാമേശ്വരത്തിന് പുറത്തുള്ള നൂതന ലോകത്തെക്കുറിച്ച് അബ്ദുൾ കലാമിന് പുതിയ പുതിയ അറിവുകൾ പകർന്നു നൽകി, അദ്ദേഹം. വിദ്യാഭ്യാസത്തിൽ തിളങ്ങാൻ അദ്ദേഹം അബ്ദുൾ കലാമിനെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഏതു പ്രതിസന്ധിയേയും തരണം ചെയ്യാൻ ശുഭ ചിന്തകൾക്കാവുമെന്ന് അദ്ദേഹം കലാമിനെ പഠിപ്പിച്ചു. അങ്ങനെ കലാം സ്വപ്‌നം കാണാൻ തുടങ്ങി. സ്വാതന്ത്ര്യം പോലും ഉറപ്പില്ലാത്ത കാലത്ത് മനസ്സിൽ മനക്കോട്ടകൾ കെട്ടി. ഒന്നും വെറുതെയായില്ല. അതായിരുന്നു നിശ്ചയദാർഡ്യം. പ്രാരാബ്ദങ്ങൾക്കിടയിലും ആകാശത്ത് പറക്കാനുള്ള വിദ്യാഭ്യാസം ഈ മനുഷ്യൻ സ്വന്തമാക്കി. ബാക്കിയെല്ലും ചരിത്രവും
1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കൽ ഡിവലപ്പ്‌മെന്റ് ആൻഡ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം. തന്റെ സ്വപ്‌നം അതായിരുന്നില്ലെന്ന് കലാം തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ആ ജോലിയിൽ സംതൃപ്തനുമായിരുന്നില്ല. എന്നാൽ കലാമെന്ന യുവാവിന്റെ മനസ്സ് തിരിച്ചറിയാൻ ഒരാളെത്തി. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് അടിത്തറ പാകിയ സാക്ഷാൽ ഡോക്ടർ വിക്രം സാരാഭായി. തന്റെ ഗുരുവിനെ കലാം തിരിച്ചറിഞ്ഞു. അഥവാ കണ്ടെത്തി എന്ന് പറയുന്നതാണ് ശരി.
ഒടുവിൽ വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി കകക എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു. കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു.
ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇത് തനിക്കും സാധിക്കണമെന്ന് മനസ്സിൽ കുറിച്ചു. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി മൂന്നിന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിളിന്റെ നിർമ്മാണത്തിലും സജീവമായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം.
ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്‌നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്ടുസർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്.
ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷൻ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോഓർഡിനേറ്റർ എന്ന ചുമതല കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷൻ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു. ശാസ്ത്ര ലോകത്ത് ഇന്ത്യ ആദ്യമായി തലപൊക്കി പിടിച്ചു. വാജ്‌പേയ് സർക്കാരിന് വേണ്ടിയായിരുന്നു അതെന്ന വിമർശനങ്ങൾ സജീവമായി. അപ്പോഴും ഭാവിയുടെ സാധ്യതകൾ ആണവോർജ്ജത്തിലാണെന്ന് കലാം വിശ്വസിച്ചു.
അതുകൊണ്ട് തന്നെയാണ് കൂടംകുളത്തിനേയും കലാം അനുകൂലിച്ചത്. തന്റെ നാടായ രാമേശ്വരത്തെ പോലും തകർക്കാൻ പോന്ന പദ്ധതിയായി പരിസ്ഥിതി വാദികൾ കൂടംകുളത്തെ അവതരിപ്പിച്ചു. കാര്യകാരണങ്ങൾ സഹിതം അതിനെ ഖണ്ഡിക്കാൻ കലമെത്തിയതോടെ വിമർശകർ കുറഞ്ഞു. തമിഴ്‌നാടിന്റെ ഊർജ്ജ പ്രതിസന്ധിക്കും അതോടെ പരിഹാരമായി. ഇതു തന്നെയാണ് കലാം ലോകത്തിന് പകർന്ന് നൽകിയത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാകണം ശാസ്ത്രത്തെ പ്രയോഗിക്കേണ്ടത്. അതുമാത്രമാണ് ഈ അപൂർവ്വ വ്യക്തിത്വം ലോകത്തോട് വിളിച്ചു പറഞ്ഞ വലിയ സന്ദേശവും.