- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരവും ഇടഞ്ഞാൽ അത് സഹിക്കാനാകില്ല! പിണറായിയെ അനുകൂലിച്ചിരുന്ന എ പി സുന്നി വിഭാഗം സെക്രട്ടറിയേറ്റിലേക്കും ജില്ലാ കള്കട്രേറ്റുകളിലും മാർച്ചും നടത്തിയതോടെ സർക്കാർ വെട്ടിൽ; ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്ന് നീക്കാൻ മുഖ്യമന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദം; പ്രതിഷേധങ്ങൾക്ക് ഒടുവിൽ ശ്രീറാം തെറിച്ചേക്കും
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാരും രംഗത്തെത്തിയതോടെ സർക്കാരിന് മേൽ സമ്മർദ്ദം ഇരട്ടിയായി. ഇതോടെ ശ്രീറാമിനെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകൾ തുടങ്ങി. കാന്തപുരം മുഖ്യമന്ത്രിയോട് ഫോണിലൂടെ അത്യപ്തി അറിയിച്ചതായാണ് വിവരം. ജില്ലയ്ക്ക് പുറത്തായിരുന്ന മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റിൽ എത്തുന്നതോടെ ഇത് സംബന്ധിച്ച കൂടിയാലോചനകൾ നടക്കും.
കൂടാതെ ഇന്ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്‌ട്രേറ്റുകളിലും മുസ്ലിം ജാമഅത്തിന്റെ പേരിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു. അതും കാന്തപുരത്തിന്റെ പിന്തുണയോടെയാണ്. കാന്തപുരം സുന്നി യുവജനസംഘം പ്രവർത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ തുടക്കം മുതൽ കാന്തപുരം വിഭാഗം ശക്തമായ നിലപാടിലാണ്.
ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെശ്രമങ്ങൾക്കെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഈ പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ കുറ്റാരോപിതനെ ജില്ല കളക്ടറാക്ടറായി നിയമിച്ച നടപടി കാന്തപുരം വിഭാഗത്തിന് കനത്ത തിരിച്ചടിയായി. ഇതോടെയാണ് കാന്തപുരം തന്നെ രംഗത്തെത്തിയത്. ശ്രീറാമിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കുന്നതിനാണ് ഇന്ന് സംസ്ഥാനത്തുടനീളം മാർച്ചും സംഘടിപ്പിച്ചത്.
ബഷീർ വധക്കേസിൽ തങ്ങളുടെ പ്രതിഷേധം അവഗണിച്ച് സർക്കാർ എടു ത്ത തീരുമാനം അഭിമാന പ്രശ്‌നമായാണ് കാന്തപുരം വിഭാഗം വിലയിരുത്തുന്നത്. വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചപ്പോൾ പോലും പരോക്ഷമായി സർക്കാരിനെ പിന്തുണക്കുന്ന നയമാണ് കാന്തപുരം വിഭാഗം സ്വീകരിച്ചിരുന്നത്. പിണറായിയും കാന്തപുരവും തമ്മിലുള്ള അന്തർധാര സജീവമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇടത് സർക്കാർ എന്നതിലുപരി കാന്തപുരം, പിണറായിയുമായുള്ള വ്യക്തി ബന്ധത്തിനാണ് പ്രധാന്യം നൽകുന്നത്. അതിനാൽ ശ്രീറാമിന്റെ സ്ഥാന ചലനം ഉറപ്പായി.
ഇക്കാര്യങ്ങൾ നിരീക്ഷിച്ച് നടപടി ഉറപ്പായെന്ന് മനസിലായതോടെയാണ് കേരള പത്രപ്രവർത്തക യൂണിയനും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഇതോടെ നടപടി ഉണ്ടായാൽ ആദ്യ ക്രെഡിറ്റ് തങ്ങൾക്ക് കിട്ടുമെന്നാണ് ഇടത് അനുകൂല സംഘടനയായ യൂണിയൻ നേതാക്കളുടെയും വിലയിരുത്തൽ. മാധ്യമപ്രവർത്തകരുടെ പരാതിയെ തുടർന്ന് മാറ്റുന്നുവെന്ന് സർക്കാർ കേന്ദ്രങ്ങൾക്ക് പ്രചരിപ്പിക്കുകയും ചെയ്യാം. എന്നാൽ കാന്തപുരം വിഭാഗത്തിന് ശ്രീറാമിനെ തെറിപ്പിച്ച ക്രെഡിറ്റ് പരസ്യമായി വേണ്ട, തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ അത് പ്രചരിപ്പിക്കാൻ സംഘടനയ്ക്ക് അവരുടേതായ സംവിധാനമുണ്ട്.
അടുത്തിടെ കാന്തപുരത്തിന്റെ നോമിനിയെ വിവരാവകാശ കമ്മീഷണറായും നിയമിച്ചിരുന്നു പിണറായി. പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടറും കോഴിക്കോട് മർക്കസ് നോളഡ്ജ് സിറ്റി ഡയറക്ടറുമായ എ.അബ്ദുൾ ഹക്കീമിനെയാണ് നിയമിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കാന്തപുരത്തിന്റെ ആവശ്യപ്രകാരം, ആരാധനാലയങ്ങൾ നിർമ്മിക്കാൻ ജില്ലാ കളക്ടറുടെ അനുമതി നിർബന്ധമാണെന്ന ഉത്തരവിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് കളക്ടറുടെ അനുമതി നിർബന്ധമാക്കിയിരുന്നത്.
ഇത് ഒഴിവാക്കി ആരാധനാലയം നിർമ്മിക്കാൻ ദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി മതിയെന്നാണ് ഭേദഗതി വരുത്തിയത്. മലപ്പുറത്തും കോഴിക്കോട്ടും പള്ളികൾ നിർമ്മിക്കാൻ കാന്തപുരം ശ്രമിച്ചപ്പോൾ പ്രാദേശികമായ എതിർപ്പ് കാരണം കളക്ടർമാർ അനുമതി നൽകിയിരുന്നില്ല. ഇത് മറികടക്കാനാണ് സർക്കാരിനെ സമീപിച്ച് കാന്തപുരം നിയമം തന്നെ മാറ്റിയെഴുതിയത്.