മലപ്പുറം: ദേവസ്വം ബോർഡിലെ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടു കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടിട്ട് കാലം കുറച്ചായി. അന്ന് മുതൽ വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നതാണ് വഖഫ് ബോർഡ് നിയമനങ്ങളും പിഎസ് സിക്ക് വിടണമെന്നത്. എന്നാൽ, ഇക്കാര്യത്തിൽ മുസ്ലിം സംഘടനകൾ എതിർപ്പുമായാണ് രംഗത്തെത്തിയത്. ഈ വിഷയത്തിൽ സർക്കാറിനെ പിന്തുണച്ചു കൊണ്ട് എ പി വിഭാഗം സുന്നികൾ രംഗത്തെത്തി. മറ്റ് മുസ്ലിം സംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്ത് വരികയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാറിന് പിന്തുണയുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്ലിം ജമാഅത്താണ് നിലപാട് വ്യക്തമാക്കിയത്.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിൽ സർക്കാറിനെതിരെ ശക്തമായി രംഗത്ത് വന്നത് മുസ്ലിം ലീഗും ഇ.കെ വിഭാഗം സുന്നികളുമാണെന്നതാണ് എ.പി സുന്നികളെ ചൊടിപ്പിച്ചത്. മുസ്ലിംലീഗിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കഴിഞ്ഞ കാലങ്ങളിൽ വഖഫ് ബോർഡിൽ ഇഷ്ടക്കാരെ നിയമിക്കുകയായിരുന്നുവെന്നാണ് എ.പി വിഭാഗത്തിന്റെ ആരോപണം. ഇത് പല തീരുമാനങ്ങളും ഏകപക്ഷീയമാക്കിയതായും നേതാക്കൾ പറയുന്നു. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത മുസ്ലിംസംഘടനകൾക്കെതിരെ വഖഫ് മന്ത്രി ഡോ.കെ.ടി ജലീൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ നിയമന വിഷയത്തിൽ ഒരു പ്രമുഖ മുസ്ലിം സംഘടന സർക്കാറിന് പരസ്യ പിന്തുണയുമായി ആദ്യമായാണ് എത്തുന്നത്.

കേരള വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ കൈകൊണ്ട തീരുമാനത്തെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയത്. ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പുതിയ തീരുമാനം വഴിയൊരുക്കും. വഖഫ് ബോർഡിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പിലാക്കണമെന്നും പ്രസ്താവനയിലൂടെ കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സമസ്ത എ.പി വിഭാഗം നേതാക്കളായ സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കെ.പി. അബൂബക്കർ മൗലവി പട്ടുവം, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, എം.എൻ സിദ്ദീഖ് ഹാജി, എ. മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അഡ്വ: എ.കെ ഇസ്മാഈൽ വഫ, പ്രൊഫ: കെ.എം.എ റഹീം, എൻ. അലി അബ്ദുല്ല, എ സൈഫുദ്ദീൻ ഹാജി, പ്രൊഫ: യു.സി അബ്ദുൽ മജീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കേരള മുസ്ലിംജമാഅത്ത് പി.എസ്.സി നിയമനത്തെ അനുകൂലിച്ച് രംഗത്തെത്തിയതോടെ വഖഫ് നിയമന ചർച്ച പുതിയ തലത്തിലെത്തിയിരിക്കുകയാണ്. എല്ലാ മുസ്ലിംസംഘടനകളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷമാണ് തീരുമാനം നടപ്പാക്കിയതെന്ന് മന്ത്രി ജലീൽ പറഞ്ഞിരുന്നു. പിന്നീട് സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ഏതാനും മുസ്ലിം സംഘടനകൾ കോഴിക്കോട്ട് യോഗം ചേർന്നതിനെതിരെയും ജലീൽ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരുന്നു. 'വഖഫ് ബോർഡ് നിയമനത്തിൽ ഇനിമേൽ ആരുടേയും കൈകടത്തുണ്ടാവില്ല...' എന്ന തലക്കെട്ടോടെയായിരുന്നു ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

എന്നാൽ പി.എസ്.സിക്കു വിടാനുള്ള തീരുമാനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പിൻവലിക്കണമെന്നുമാണ് മുസ്ലിം സംഘടനകളുടെ ആവശ്യം. വഖഫ് ബോർഡിന്റെയും ദേവസം ബോർഡിന്റെയും നിയമനങ്ങൾ പി.എസ്.സിക്കു വിടാൻ തീരുമാനിച്ച സർക്കാർ പിന്നീട് ദേവസം ബോർഡിന്റെ കാര്യത്തിൽ നിന്ന് പിന്മാറിയത് ഇരട്ട നീതിയാണെന്നുമാണ് മുസ്ലിം സംഘടനകളുടെ ആക്ഷേപം. എം.ഐ ഷാനവാസ് എം പി യും വഖഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങളും മുസ്ലിം സംഘടനകളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. സമസ്ത (ഇ.കെ വിഭാഗം), മുസീം ലീഗ്, കെ.എൻ.എം, ജമാഅത്തേഇസ്ലാമി, എം.ഇ.എസ്, എം.എസ്.എസ് എന്നീ സംഘടനാ പ്രതിനിധികളും മൂന്ന് വഖഫ് ബോർഡ് അംഗങ്ങളുമാണ് കോഴിക്കോട് സർക്കാർ തീരുമാനത്തിനെതിരെ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ശേഷം ഈ സംഘടനകൾ മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെയും സമസ്ത ഇ.കെ വിഭാഗവുമാണ് പി.എസ്.സിക്കു വിടുന്നത് എതിർത്ത് ശക്തമായി രംഗത്ത് വന്നത്. എന്നാൽ എ.പി സുന്നികൾ തുടക്കം മുതലേ സർക്കാർ നിലപാടിനൊപ്പമായിരുന്നെങ്കിലും നിലപാട് വ്യക്തമാക്കിയിരുന്നില്ല.

നല്ല യോഗ്യതയുള്ള മുസ്ലിം യുവതീയുവാക്കൾക്ക് ഒരാളുടെയും ഒരു സംഘടനയുടെയും ശുപാർശയില്ലാതെ ഇനി വഖഫ് ബോർഡിൽ നിയമിതരാകാം എന്ന് മന്ത്രി ജലീൽ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ചിലരുടെ തന്നിഷ്ടം നടക്കില്ലെന്ന തിരിച്ചറിവാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും പല പള്ളി മദ്റസ തർക്കങ്ങളിലും ജീവനക്കാർ കക്ഷി ചേരുന്ന സ്ഥിതി നിലവിലുണ്ടെന്നും പോസ്റ്റിലൂടെ പറഞ്ഞിരുന്നു. പല കേസുകളിലും ഫയലുകൾ വെച്ച് താമസിപ്പിക്കുന്നതും പതിവാണ് . ഇതു മൂലം ചില പ്രത്യേക സംഘടനകളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുകയും പലർക്കും ന്യായമായത് നിഷേധിപ്പെടുകയും ചെയ്യുന്ന സാഹചര്യം ജീവനക്കാരുടെ അതിരു കടന്ന പാർട്ടീ പക്ഷപാതിത്വം കാരണം ബോർഡിൽ നടക്കുന്നുവെന്നത് നിഷേധിക്കാവതല്ലെന്നും ജലീൽ ഫേസ്‌ബുക്കിലൂടെ തുറന്നടിച്ചിരുന്നു.

വകുപ്പ് മന്ത്രി കൂടിയായ ജലീലിന്റെ അഭിപ്രായത്തെ പിൻതാങ്ങുന്നതാണ് കേരള മുസ്ലിം ജമാഅത്തിന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. അതേസമയം സർക്കാറിനെ പിന്തുണച്ച എ.പി സുന്നികൾക്കെതിരെ മറ്റ് മുസ്ലിം സംഘടനകളുടെ അമർഷവും പ്രകടമായിട്ടുണ്ട്. മലബാറിൽ കാലങ്ങളായി തീർപ്പാകാതെ കിടക്കുന്ന വഖഫ് സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥ നിയമനത്തിലൂടെ നിഷ്പക്ഷമായി തീർപ്പാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ വഖഫ് ബോർഡ് നിയന്ത്രണത്തിലായിരുന്നു നിയമനം. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി മുൻഗണനാ ക്രമം തെറ്റിച്ച് ബോർഡ് ഇഷ്ടക്കാർക്ക് നിയമനം നൽകുന്നുവെന്നത് സ്ഥിരം ആക്ഷേപമായിരുന്നു. സംഘടനകളുടെ ശുപാർശയില്ലാതെ വഖഫ് ബോർഡിൽ നിയമനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ മറ്റ് മുസ്ലിംസംഘടനകളുടെ എതിർപ്പ് സർക്കാർ എങ്ങിനെ മറികടക്കുമെന്നത് കണ്ടറിയണം. വഖഫ് നിയമനം പി.എസ്.സിക്കു വിടുന്ന തീരുമാനവുമായി മുന്നോട്ടു പോകാനാണ് നിലവിൽ സർക്കാർ തീരുമാനം.