- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാർ തന്നെ മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം; പ്രദീപ് മത്സരിച്ചാൽ പ്രചരണത്തിന് ഇറങ്ങും; രഞ്ജിത്ത് മത്സരിച്ചേക്കില്ലെന്ന് സൂചനകൾ; ജയസാധ്യതയിൽ മുമ്പിലുള്ള പ്രദീപ് കുമാറിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം; ബേപ്പൂരിൽ മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിൽ എ പ്രദീപ് കുമാർ തന്നെ വീണ്ടും സ്ഥാനാർത്ഥിയായേക്കും. പ്രദീപ്കുമാർ സ്ഥാനാർത്ഥിയായാൽ അദ്ദേഹത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് സംവിധായകൻ രഞ്ജിത് സൂചിപ്പിച്ചു. കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാർ തന്നെ മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.
കോഴിക്കോട് രഞ്ജിത് സ്ഥാനാർത്ഥിയാവുമെന്ന് സൂചനകളുണ്ടായിരുന്നു. സിപിഎം നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു തന്നെ സമീപിച്ചതായി രഞ്ജിത് തന്നെ നേരത്തെ വ്യക്തമാക്കുകയും ചെയ്തു. ഇന്നു ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില് രഞ്ജിത്തിന്റെ പേരും പരിഗണനയ്ക്കു വന്നു. എ പ്രദീപ് കുമാറിനാണ് മണ്ഡലത്തിൽ ജയസാധ്യതയെന്ന നിലപാടിനാണ് യോഗത്തിൽ മേൽക്കൈ ലഭിച്ചത്. മൂന്നു തവണയെന്ന മാനദണ്ഡത്തിൽ ഇളവു നൽകി പ്രദീപ് കുമാറിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മണ്ഡലത്തിൽ പ്രദീപ് കുമാറിനൊപ്പം രഞ്ജിത്തിന്റെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സരിക്കാൻ താൽപര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ജില്ലയിൽ നിന്ന് തന്നെ ചില സംസ്ഥാന സമിതി അംഗങ്ങൾ എതിർപ്പുന്നയിച്ചതായാണ് സൂചന. പാർട്ടിക്കുള്ളിൽ വലിയ രീതിയിൽ ചർച്ച നടത്താതെയായിരുന്നുവെന്നും ഒരു വിഭാഗം പരാതിയുന്നയിച്ചു. കോഴിക്കോട് ജില്ലയിൽ ബിജെപി ഏറ്റവും അധികം വോട്ട് പിടിച്ച മണ്ഡലങ്ങളിലൊന്നായ കോഴിക്കോട് നോർത്തിൽ എംടി രമേശാകും ബിജെപി സ്ഥാനാർത്ഥിയെന്ന സൂചനകളുണ്ട്. കോൺഗ്രസിന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തായിരിക്കും സ്ഥാനാർത്ഥിയെന്നാണ് വിവരം.
ആ നിലയിൽ രഞ്ജിത്ത് മണ്ഡലത്തിന് പറ്റിയ സ്ഥാനാർത്ഥിയാകുമോ എന്നതാണ് സിപിഎമ്മിനുള്ളിൽ നിന്നും തന്നെ ഉയർന്ന ചർച്ച. സോഷ്യൽ മീഡിയയിലടക്കം പ്രദീപ് കുമാറിനായി വലിയ ചർച്ചകളുയർന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പ്രദീപ് കുമാറിനെ വീണ്ടും ഇറക്കാനുള്ള സാധ്യത തുറന്നത്. 13 അസംബ്ലി മണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയിൽ ഇക്കുറി 6 സീറ്റുകളിലായിരിക്കും സിപിഎം മത്സരിക്കുക. കോഴിക്കോട് നോർത്ത്, ബേപ്പൂർ, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, കുറ്റ്യാടി അതല്ലെങ്കിൽ തിരുവമ്പാടി എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിക്കാൻ ധാരണയായത്.
പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണനും ജില്ലാ സെക്രട്ടറി പി മോഹനനുമാണ് സാധ്യത. ബേപ്പൂരിൽ അഡ്വ. മുഹമ്മദ് റിയാസിന് സീറ്റ് നൽകിയേക്കും. കൊയിലാണ്ടിയിൽ സിറ്റിങ് എംഎൽഎ കെ ദാസൻ തന്നെ സ്ഥാനാർത്ഥിയായേക്കും. ബാലുശ്ശേരിയിൽ സച്ചിൻ ദേവിനും കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടിക്കും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ