സന്നിധാനം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞെന്ന വാദം തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ഈ മണ്ഡലക്കാലത്ത് ഇതുവരെ 32 ലക്ഷം തീർത്ഥാടകർ ഇതിനകം ദർശനം നടത്തി. കഴിഞ്ഞതവണ ആകെ 69 ലക്ഷം പേരാണ് എത്തിയത്. വരുമാനം ഇതുവരെ 105 കോടിയാണ്. കഴിഞ്ഞ സീസണിൽ ആകെ 163 കോടിയായിരുന്നു. ചിലർ പ്രചരിപ്പിക്കുന്ന കണക്കുകൾ കെട്ടിച്ചമച്ചതാണെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞു. തീർത്ഥാടനം അട്ടിമറിക്കാൻ ശ്രമമുണ്ടായെന്നും എ.പത്മകുമാർ സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

'അനാവശ്യ കണക്കുകൾ പറഞ്ഞ് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം ദേവസ്വം ബോർഡിനില്ല. കഴിഞ്ഞ കാലത്ത് ചില പ്രസിഡന്റുമാരുടെ അവകാശവാദം ശബരിമലയിൽ അഞ്ച് കോടി പേർ എത്തിയെന്നായിരുന്നു. എന്നാൽ ഒരു മിനിട്ടിൽ 100 പേരെ വച്ച് കടത്തിവിട്ടാലും 60 ദിവസം കൊണ്ട് പരമാവധി 72 ലക്ഷം പേരെ മാത്രമെ കടത്തി വിടാൻ കഴിയൂ.

കാണിക്കയിനത്തിൽ കഴിഞ്ഞ വർഷം 59 കോടിയാണ് ശബരിമലയിൽ നിന്ന് ദേവസ്വം ബോർഡിന് ലഭിച്ചത്. എന്നാൽ ഇത്തവണ അത് 42 കോടി 33 ലക്ഷത്തി എഴുപത്തി അയ്യായിരത്തി നൂറ്റി അറുപത്തിയാറാണ്. അപ്പം (കഴിഞ്ഞ വർഷം- 12 കോടി 19 ലക്ഷം, ഇത്തവണ- മൂന്ന് കോടി 88 ലക്ഷം) അരവണ (കഴിഞ്ഞ വർഷം- 70 കോടി 68 ലക്ഷം, ഇത്തവണ- 40 കോടി 99 ലക്ഷം) എന്നതാണ് കണക്കുകളെന്ന് പത്മകുമാർ വ്യക്തമാക്കി. മകരവിളക്ക് കഴിയുമ്പോൾ ഈ കണക്കുകളിലെല്ലാം തന്നെ ഗണ്യമായ വർദ്ധവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡല കാലത്ത് സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഏറെ സഹായകരമായി. പൊലീസ് ആത്മസംയമനത്തോടെയാണ് ഇടപെട്ടത്. ദേവസ്വം ബോർഡിന് സർക്കാരിന്റെ എല്ലാ സഹായവും ലഭിച്ചുവെന്നും പത്മകുമാർ പറഞ്ഞു. നിരീക്ഷണസമിതിയുടെയും പിന്തുണയുണ്ടായെന്നും പത്മകുമാർ പറഞ്ഞു. എല്ലാ കാര്യങ്ങൾക്കും നല്ല പിന്തുണയാണ് നിരീക്ഷകസമിതി നൽകുന്നത്. സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഉപകാരപ്പെട്ടുവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.

ഒറ്റ ദിവസത്തെ വരുമാനത്തിലും വദ്ധനയുണ്ടായി. 39ാം ദിവസത്തെ കാണിക്ക വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 14 ലക്ഷം രൂപയുടെ വർദ്ധനവുണ്ടായി. അതേസമയം മൊത്തം വരുമാനത്തിൽ മുൻവർഷത്തേക്കാൾ കുറവുണ്ടായി. കഴിഞ്ഞ വർഷം 160 കോടിയുടെ വരുമാനമുണ്ടായിരുന്നത് ഈ വർഷം 105 കോടിയാണ് ലഭിച്ചിട്ടുള്ളത്. മകരവിളക്ക് കഴിയുമ്പോൾ കഴിഞ്ഞ വർഷത്തെ അത്രയും വരുമാനം ലഭിക്കും. അപ്പം അരവണ വിൽപ്പനയിലും കാര്യമായ കുറവില്ല. അതേസമയം അരവണക്കും അപ്പത്തിമെതിരെ ഉണ്ടായ ആരോപണങ്ങൾ അന്വേഷിക്കും. ഇത്തവണത്തെ അരവണ മോശമായിരുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മണ്ഡല-മകര വിളക്ക് കാലത്ത് വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു

മകരവിളക്കിന് കൂടുതൽ പേർ എത്തിചേരുമെന്നാണ് പ്രതീക്ഷ. നാളിതുവരെ ശരണം വിളിക്കാത്തവർപോലും ഇത്തവണ ശരണം വിളിച്ചതിൽ സന്തോഷമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി പത്മകുമാർ പറഞ്ഞു.