ഹാഭൂരിപക്ഷം വരുന്ന മലയാളം വായനക്കാരും ദൈനംദിനം വായിക്കുന്ന രണ്ടു പത്രങ്ങളാണ് മനോരമയും മാതൃഭൂമിയും. ഈ പത്രങ്ങൾക്കും മറ്റെല്ലാ പത്രങ്ങളെയും പോലെ മതവും രാഷ്ട്രീയവും അജണ്ടകളും ഉണ്ടെങ്കിലും പൊതുസമൂഹത്തിന്റെ ഈ അതിർവരമ്പുകളെ ഒരു പരിധി വരെ അതിജീവിക്കാനും എല്ലാവരുടെയുമാണ് എന്ന പ്രതീതി വരുത്താനും കഴിയുന്നുണ്ട്. അതുകൊണ്ട് മതം, രാഷ്ട്രീയം, ബിസിനസ് എന്നീ വിഷയങ്ങളിൽ ഈ പത്രങ്ങൾ ഒരിക്കലും നിലപാടെടുക്കാറില്ല. ഈ മൂന്നു ഘടകങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം പ്രവർത്തിക്കുന്ന മറ്റ് പത്രങ്ങൾ എല്ലാം കൂടി എടുത്താലും മനോരമയുടെയും മാതൃഭൂമിയുടെയും ഒറ്റയ്ക്കുള്ള വായനക്കാരുടെ അടുത്തുപോലും എത്തുകയില്ല എന്നതാണ് സത്യം. എന്നിട്ടും ഈ രണ്ട് പത്രങ്ങൾ പലപ്പോഴും പൊതുജനം ആഗ്രഹിക്കുന്ന മിനിമം മര്യാദകൾ മറന്നു പോകുന്നു.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ കുറ്റകരമായ മൗനമാണ് ഈ മാദ്ധ്യമങ്ങൾ പുലർത്തുന്നത്. എന്നാൽ നിഷ്പക്ഷത എന്ന തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടിയാണ് പൊതുസമൂഹം സൗകര്യപൂർവ്വം ഉപയോഗിക്കുന്നത് എന്ന് വരുമ്പോൾ ചിലപ്പോഴെങ്കിലും ഇത്തരം നിലപാടിൽ മാദ്ധ്യമങ്ങളെ കുറ്റംപറയാൻ കഴിയില്ല. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇടത് മുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടാകാൻ കാരണമായത് എന്ന് സിപിഎമ്മും അതിന്റെ ചുവടു പിടിച്ച് പൊതുസമൂഹവും വിശ്വസിക്കുമ്പോൾ തന്നെ ഈ നിഷ്പക്ഷതയുടെ കാപട്യം വ്യക്തമാകും. വോട്ടു നഷ്ടപ്പെടുത്തി ഒരു പാർട്ടിയോ വായനക്കാരെ നഷ്ടപ്പെടുത്തി ഒരു പത്രമോ മാന്യത ചമയേണ്ട ഒരു കാര്യവുമില്ല.

ഈ പശ്ചാത്തലത്തിൽ നമുക്ക് മതത്തേയും രാഷ്ട്രീയത്തെയും ഉപേക്ഷിക്കാം. എന്നാൽ ബിസിനസ് സ്ഥാപനങ്ങളോടുള്ള ഈ നിലപാട് പലപ്പോഴും നിരാശാകരമായി മാറുന്നില്ലേ എന്നതാണ് ഇവിടെ ഉന്നയിക്കാൻ ശ്രമിക്കുന്ന ചോദ്യം. മത നേതാക്കളുടെ തിന്മകൾ എഴുതിയാൽ ഒരു വിഭാഗം നഷ്ടമാകും എന്ന് ഭയക്കുന്നതിൽ ശരി കാണുമ്പോഴും ഒരു ബിസിനസ് പ്രമുഖന്റെ നിസാരമായ തിന്മ പോലും മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാകുന്നു. മറുനാടൻ മലയാളി മുമ്പോട്ട് വച്ച കരിക്കിനേത്തുകൊലപാതകം മുതൽ ബോബി ചെമ്മണ്ണൂർ എന്നയാൾ ഈ സമൂഹത്തെ വ്യാജ സോഷ്യൽവർക്കർ ചമഞ്ഞ് കബളിപ്പിക്കാൻ ശ്രമിച്ചത് വരെ അക്കൂട്ടത്തിൽ പെടുത്തേണ്ട ഉദാഹരണങ്ങളാണ്. മുമ്പ് ഞങ്ങൾ പലതവണ ചൂണ്ടിക്കാട്ടിയത് പോലെ മാദ്ധ്യമങ്ങൾക്ക് വാരിക്കോരി പണം കൊടുക്കുന്ന ആർക്കും എന്ത് തട്ടിപ്പും വേണമെങ്കിൽ കൊലപാതകവും വരെ ചെയ്യാൻ പറ്റുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

കിംസ് ആശുപത്രിയിലെ പത്താം നിലയിൽ നിന്നും ഒരു നഴസിങ് വിദ്യാർത്ഥി എടുത്ത് ചാടി മരിച്ചപ്പോൾ പ്രമുഖ മാദ്ധ്യമങ്ങൾ ഒക്കെ ഒരു സ്വകാര്യ ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് എന്നുപറഞ്ഞാണ് റിപ്പോർട്ട് ചെയ്തത്. കിംസ് ആശുപത്രിയുടെ പത്താം നിലയിൽ നിന്നാണ് ചാടി മരിച്ചത് എന്ന് എഴുതിയാൽ എന്താണ് സംഭവിക്കുക? മലബാർ ഗോൾഡ്, ബോബി ചെമ്മണ്ണൂർ മുതലായ പല സ്ഥാപനവുമായി ബന്ധപ്പെട്ട പൊലീസ് പരിശോധനകളും അന്വേഷണങ്ങളും ഇങ്ങനെ പരാമർശിക്കപ്പെടാത്ത വാർത്തകളുടെ കൂടെയുണ്ട്. ഈ വളരെ ദയനീയ സാഹചര്യത്തിന്റെ ഏറ്റവും ലജ്ജാവഹമായ ഒരു എപ്പിസോഡ് ഇന്ന് അരങ്ങേറുകയുണ്ടായി. കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കൊച്ചി മെട്രോക്ക് തടസമായി നാളുകളായി നിലനിന്നിരുന്ന ശീമാട്ടി എന്ന വസ്ത്ര വ്യാപാര ശൃംഖലയുടെ 32 സെന്റ് ഭൂമി ബലമായി പിടിച്ചെടുക്കാനുള്ള ധീരമായ തീരുമാനത്തെ കുറിച്ചുള്ള റിപ്പോർട്ട് ആയിരുന്നു ഇത്. ചെറുകിട പത്രങ്ങൾ ഈ വാർത്ത മാന്യമായി റിപ്പോർട്ട് ചെയ്തപ്പോൾ മനോരമയും മാതൃഭൂമിയും സ്വകാര്യ സ്ഥാപനം എന്ന സംജ്ഞ ഉപയോഗിച്ചാണ് ഇത് വളരെ അപ്രധാനമായി റിപ്പോർട്ട് ചെയ്തത്.[BLURB#1-H]

വികസനത്തിനുവേണ്ടി ആളുകളെ ഇറക്കി വിടുക നമ്മുടെ രാജ്യത്തു പതിവാണ്. അവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം ഒരിക്കലും സർക്കാർ നൽകാറില്ല. എന്നു മാത്രമല്ല നൽകുന്ന തുച്ഛമായ തുകപോലും നേടിയെടുക്കാൻ ദീർഘനാളത്തെ പ്രയത്‌നമാണ്. വികസനത്തിനു വേണ്ടി കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് സ്വന്തംപേരിൽ ഭൂമി ഇല്ലാത്തതിനാൽ നഷ്ടപരിഹാരം പോലും നിഷേധിക്കപ്പെട്ട അനേകം ഉദാഹരണങ്ങൾ ഉണ്ട്. നർമ്മദാ പ്രശ്‌നത്തിന്റെ വേരുകൾ തേടിയാൽ ഇത് വളരെ വേഗം മനസിലാകും. നെടുമ്പാശേരി വിമാനത്താവളത്തിനും വല്ലാർപ്പാടം പാതയ്ക്കായുമൊക്കെ വേണ്ടി കുടിയിറക്കപ്പെട്ടവരുടെ അനുഭവകഥ കൊച്ചിക്കാർക്കെല്ലാം അറിയാവുന്നതാണ്. എന്നിട്ടും വർഷങ്ങളായി വികസനം മുടക്കുന്ന ശീമാട്ടിയോട് ഇതുവരെ സർക്കാർ കാട്ടിയ ദാക്ഷണ്യം പോലും റിപ്പോർട്ട് ചെയ്യപ്പെടേണ്ടതായിരുന്നു.[BLURB#2-VL] 

ജനകീയ വിഷയം എന്ന നിലയിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ശീമാട്ടിയുടെ മുമ്പിൽ ഇനി കീഴടങ്ങേണ്ട എന്ന് തീരുമാനിച്ച് ബലമായി കയ്യേറാൻ തീരുമാനിച്ചത് കയ്യോടെ അനുമോദിക്കേണ്ട വലിയൊരു സംഭവം തന്നെയായിരുന്നു. മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണെങ്കിൽ കൂടി സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഇത് അംഗീകരിക്കപ്പെടേണ്ട കാര്യം തന്നെയായിരുന്നു. ശീമാട്ടിയുമായി ചർച്ചക്ക് പോയ ഉദ്യോഗസ്ഥർ ഒരേ പോലെ ബീന കണ്ണന്റെ അഹങ്കാരത്തെക്കുറിച്ച് പറയുന്നുണ്ട്. അനധികൃതമായി ഒട്ടേറെ ആനുകൂല്യങ്ങൾ വാഗ്ദാനം നൽകിയിട്ടും അവർ വഴങ്ങാതെ തുടർന്നപ്പോഴാണ് പൊന്നുംവില നൽകി പിടിച്ചെടുക്കാൻ തീരുമാനിച്ചത്. നഗരത്തിന്റെ വികസനത്തിനു പാരവയ്ക്കുന്ന മുതലാളിത്ത മനോഭാവത്തോടെ ബീനാ കണ്ണൻ കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

ഒരു സമൂഹത്തിന്റെ പൊതുവായ ആവശ്യത്തെ വെല്ലുവിളിക്കുന്ന ബീന കണ്ണനെതിരെ ജനകീയ വികാരം ഉയർത്താൻ ബാധ്യസ്ഥരായ പ്രധാന മാദ്ധ്യമങ്ങൾ പക്ഷേ ഇത്രയും പ്രധാനപ്പെട്ട ഒരു സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ ശീമാട്ടിയെന്നോ ബീനാ കണ്ണൻ എന്ന പേര് പോലും പറയാൻ മടിച്ചു എന്നത് എത്ര ലജ്ജാവഹവും സാമൂഹിക വിരുദ്ധവുമാണ്. കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പത്രക്കുറിപ്പിലും എല്ലാം ഇത് വ്യക്തമാക്കിയിരുന്നു. പരസ്യദാതാവ് എന്ന നിലയിൽ അവരെ വിമർശിക്കാൻ മടി കാണിച്ചാൽ അത് മനസിലാകും. എന്നാൽ ജനങ്ങൾ അറിയേണ്ട ഒരു വാർത്ത മനഃപൂർവ്വം മറച്ചു വച്ച് രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്നത് എന്തിന് വേണ്ടിയാണ്? നിലപാടെടുക്കാൻ സാധിക്കുന്നില്ലെങ്കിലും ഒരു സംഭവം റിപ്പോർട്ട് ചെയ്യാനുള്ള സാമാന്യ മര്യാദ ഈ മാദ്ധ്യമങ്ങൾക്കില്ലേ? പണം വാങ്ങി പത്രം വാങ്ങുന്ന വായനക്കാരോട് മിനിമം മര്യാദ എങ്കിലും കാണിക്കേണ്ട ബാധ്യത പത്രമുതലാളിമാർക്കില്ലേ?

ഇങ്ങനെയൊരു മര്യാദകേടു കാണിച്ചത് ചെറുകിട പത്രങ്ങൾ ആയിരുന്നെങ്കിൽ പൊറുക്കാമായിരുന്നു. കാരണം ഇത്തരക്കാരുടെ പരസ്യങ്ങൾ ഇല്ലാതെ ഈ പത്രങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. എന്നാൽ മനോരമയും മാതൃഭൂമിയും എന്തിനാണ് ബീനാ കണ്ണനെ പോലെയുള്ളവരെ ഭയപ്പെടുത്തുന്നത്. ശീമാട്ടി നിങ്ങൾക്ക് പരസ്യം നൽകുന്നുണ്ടെങ്കിൽ അതവരുടെ ഉൽപ്പന്നം വിറ്റുപോകാൻ വേണ്ടിയാണ്. അല്ലാതെ നിങ്ങളെ സന്തോഷിപ്പിച്ച് നിർത്താനല്ല. വനിതയും ഗൃഹലക്ഷ്മിയും പോലെയുള്ള പ്രസിദ്ധീകരണങ്ങൾ ഇടക്കിടെ ഫാഷൻ ഐക്കണായി ബീനാ കണ്ണന്മാരെ അവതരിപ്പിക്കുന്നതു കൊണ്ടുമാത്രമാണ് മറ്റുള്ളവരെക്കാൾ മികച്ച പ്രകടനം മാർക്കറ്റിൽ അവർ കാണിക്കുന്നത്. വാർത്ത എഴുതിയാൽ ബീനാ കണ്ണന്റെ പരസ്യം നിന്നുപോകും എന്ന് കരുതുന്നത് എത്ര മൗഢ്യമാണ്. ഈ രണ്ടു പത്രങ്ങളിൽ പരസ്യം നൽകാതെ ബീനാ കണ്ണന്മാർക്ക് നിലനിൽപ്പില്ല എന്നതല്ലേ സത്യം. ആ ശക്തി തിരിച്ചറിഞ്ഞു പരസ്യത്തെ പരസ്യമായും വാർത്തയെ വാർത്തയായും സമീപിക്കാൻ എന്തുകൊണ്ടാണ് ഈ പത്രമുത്തശ്ശിമാർക്ക് സാധിക്കാത്തത്‌?

ഒരു ഉത്പ്പന്നം വിറ്റ് പോകാൻ വേണ്ടിയാണ് പരസ്യങ്ങൾ നല്കുന്നത്. സ്ഥിരമായി പരസ്യം നല്കുന്നതിന്റെ ഭാഗമായി അവരുടെ ഉൽപ്പന്നത്തെ പുകഴ്‌ത്തി എഴുതുന്നതും തെറ്റായി കാണപ്പെടാൻ കഴിയില്ല. എന്നാൽ ഉത്പ്പന്നവുമായി ഒരു ബന്ധവുമില്ലാതെ ഒരു നിയമ വിരുദ്ധ പ്രവൃത്തി റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ പരസ്യം നഷ്ടപ്പെട്ടാൽ അത് പോവട്ടെ എന്ന് വെയ്ക്കാനുള്ള ധീരത മനോരമയും മാതൃഭൂമിയും എങ്കിലും കാണിക്കേണ്ട സമയമായി. ഇക്കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‌ച്ചയില്ലാത്ത ഒരു നിലപാട് എടുക്കുന്ന മാദ്ധ്യമം എന്ന നിലയിൽ ഇത് ഊന്നി പറയാൻ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ. പരസ്യ ഡിപ്പാർട്ട്‌മെന്റുകാർ എഡിറ്റോറിയൽ ബോർഡിനെ നിയന്ത്രിക്കുന്ന കാലത്തെ അതിജീവിച്ചാൽ മാത്രമേ യഥാർത്ഥ പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ തുടങ്ങൂ. അതിന് നേതൃത്വം നൽകേണ്ടത് മനോരമയും മാതൃഭൂമിയുമാണ്. മാമ്മൻ മാത്യുവും എംപി വീരേന്ദ്രകുമാറും ഒക്കെ ബീനാ കണ്ണൻ എന്ന സ്ത്രിയെ ഭയപ്പെടുന്നു എന്നത് ഈ സമൂഹത്തിന് ഒട്ടും നല്ല സന്ദേശമല്ല നൽകുന്നത്. പ്രത്യേകിച്ച് നവമാദ്ധ്യമങ്ങളുടെ ഈ കാലത്ത്. ബീന കണ്ണന്റെ കണ്ണുരുട്ടലിൽ വീണുപോയ പത്ര മാനേജ്‌മെന്റുകൾ ഇതൊരു പാഠമായി എടുത്ത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നാണ് ഞങ്ങളുടെ പ്രാർത്ഥന.