ല്ലാ വിഷയങ്ങൾക്കും ഏപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ഫ്‌ലെക്‌സ് ബോർഡുകൾക്കെതിരേയും, എൻട്രൻസിനും എഞ്ചിനീയറിംഗിനും മറ്റും വേണ്ടി വിദ്യാർത്ഥികളുടെ മേൽ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തുന്നതിനെതിരേയുമുള്ള ചില പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടു.

അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസശാഖ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നവർക്കും അതിസമ്പന്നർക്കും മാത്രമേയുള്ളു. ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ഇന്ന് ആ സ്വാതന്ത്ര്യമില്ല. കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ തന്നെ കാരണം. 2013 മാർച്ച് പതിനഞ്ചാം തീയതി ഇന്ത്യൻ എക്സ്‌പ്രസ്സിൽ വന്ന റിപ്പോർട്ടനുസരിച്ച് ഗോവ, ത്രിപുര, സിക്കിം എന്നീ ചെറിയ സംസ്ഥാനങ്ങളെ മാറ്റിനിർത്തിയാൽ, കേരളത്തിലാണ് ഏറ്റവുമുയർന്ന തൊഴിലില്ലായ്മാനിരക്കുള്ളത്: 9.9 ശതമാനം. ദേശീയനിരക്ക് (2014 ജനുവരിയിൽ) 4.9 ശതമാനം മാത്രം. ദൈനംദിനസ്ഥിതി (കറന്റ് ഡെയ്‌ലി സ്റ്റേറ്റസ്) എന്ന രീതിയിലുള്ള കണക്കെടുപ്പിൽ കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക് 14.3 ശതമാനമായി ഉയരുന്നു; ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തിലല്ലാതെ, മറ്റൊരു സംസ്ഥാനത്തിലും ഇത്ര ഉയർന്ന തൊഴിലില്ലായ്മാനിരക്കില്ല.

മേൽപ്പറഞ്ഞ വാർത്തയനുസരിച്ച് കേരളത്തിൽ 2013ൽ ആകെ 45 ലക്ഷം തൊഴിൽരഹിതരുണ്ടായിരുന്നു. ഇവിടെ തൊഴിൽ ലഭ്യത കുറവായതിനാൽ ആളുകൾ ജോലിതേടി അന്യസംസ്ഥാനങ്ങളിലേയ്ക്കും വിദേശങ്ങളിലേയ്ക്കും പോകുന്നു. അന്യസംസ്ഥാനങ്ങളിലും വിദേശത്തുമായി 47.33 ലക്ഷം മലയാളികളുണ്ട് (വിക്കിപ്പീഡിയ). കേരളസർക്കാർ സർവ്വീസിൽ ആകെയുള്ള അഞ്ചേകാൽ ലക്ഷം ജീവനക്കാരിൽ 20000 പേർ മാത്രമാണ് പ്രതിവർഷം വിരമിക്കുന്നത്. ബി എസ് എൻ എല്ലും റെയിൽവേസുമുൾപ്പെടെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ ഇവിടെയുണ്ടെങ്കിലും, ഒഴിവുകൾ പൊതുവിൽ കുറവു തന്നെ. വൻകിട വ്യവസായസ്ഥാപനങ്ങൾ കേരളത്തിലേയ്ക്ക് കടന്നു വരുന്നില്ല. ഇവിടുത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ, കച്ചവടസ്ഥാപനങ്ങളുൾപ്പെടുന്ന, സ്വകാര്യമേഖലയിലാകട്ടെ, കഷ്ടപ്പെടുന്നവർ ഏറെയുണ്ട്.

പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും അന്യസംസ്ഥാനങ്ങളിലായാലും വിദേശങ്ങളിലായാലും നല്ലൊരു ജോലി കിട്ടണമെങ്കിൽ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് ഉന്നതവിജയം നേടുക തന്നെ വേണം. തൊഴിൽസാദ്ധ്യത കൂടുതലുള്ള വിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ നിർബ്ബദ്ധരാകുന്നത് അതുകൊണ്ടാണ്. ജോലിയില്ലാത്ത ഏഴുലക്ഷത്തിലേറെ എഞ്ചിനീയർമാർ ഇന്ന് ഇന്ത്യയിലുണ്ടെങ്കിലും, സാധാരണ ബി ഏ, ബി എസ് സി ബിരുദങ്ങളേക്കാൾ കൂടുതൽ ജോലിസാദ്ധ്യത പ്രൊഫഷണൽ ബിരുദങ്ങൾക്കായതുകൊണ്ട് വിദ്യാർത്ഥികൾ അവയ്ക്കായി കിണഞ്ഞു പരിശ്രമിക്കുന്നു. നടന്നു തുടങ്ങുമ്പോഴേയ്ക്കും ആരംഭിക്കുന്ന ഇന്നത്തെ വിദ്യാർത്ഥിജീവിതം ഒരു തരം മാരത്തോൺ ഓട്ടമാണ്. മാരത്തോൺ ഓടുന്നവരെ വഴിനീളെ കാണികൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതു പതിവാണ്. കൈയടി ഓട്ടത്തിന്റെ വേഗം കൂട്ടുന്നു. കൈയടി കിട്ടാതെ ഓടിത്തീർക്കുക പോലും ദുഷ്‌കരം. ഫ്‌ലെക്‌സ് ബോർഡുകൾ അത്തരമൊരു കൈയടിയാണ്.

മുപ്പതു ശതമാനം മാർക്കു തികയ്ക്കാൻ വേണ്ടി സർക്കാർ ഗ്രേസ് മാർക്കു നൽകുന്നൊരു സംസ്ഥാനത്ത്, ഒരു തപസ്യ പോലെ ബുദ്ധിമുട്ടി പഠനം നടത്തി എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിലേറെ നേടിയ വിദ്യാർത്ഥികൾ അഭിനന്ദിക്കപ്പെടുക തന്നെ വേണം. പക്ഷേ, അനുമോദനങ്ങളിൽ മിതത്വം പാലിക്കുകയും വേണം. ഉന്നതവിജയം നേടിയവർക്കു നൽകുന്ന പ്രോത്സാഹനം അതു നേടാനാകാതെ പോയവരെ നിരുത്സാഹപ്പെടുത്താതെ സൂക്ഷിക്കുകയും വേണം. പിന്നിലായിപ്പോയവരേയും പ്രോത്സാഹിപ്പിച്ച് മുന്നോട്ടു കൊണ്ടു വരേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ ദൃഷ്ടിയിൽ അവരും തുല്യർ തന്നെ. ബിരുദപ്പരീക്ഷയിൽ ആദ്യം തോറ്റുപോയ കേരളപാണിനി ഏ ആർ രാജരാജവർമ്മ ബിരുദാനന്തരബിരുദപ്പരീക്ഷയിൽ ഒന്നാം റാങ്കു നേടിയതു പോലെ, കഴിഞ്ഞ പരീക്ഷയിൽ മുന്നിലെത്താൻ കഴിയാതെ പോയവരാകാം അടുത്ത പരീക്ഷയിൽ മുൻപന്തിയിൽ.

വിദ്യാർത്ഥികളുടെ മേലുള്ള ഇന്നത്തെ സമ്മർദ്ദത്തിനു കാരണം രണ്ടാണ്. ജനസംഖ്യാവർദ്ധനയാണൊന്ന്. രണ്ടാമത്തേത് സാക്ഷരതാവർധനയും. 1901ൽ കേരളത്തിലെ ജനസംഖ്യ കേവലം 64 ലക്ഷമായിരുന്നു. ഇന്ന് ജനസംഖ്യ അഞ്ചിരട്ടിയിലേറെയായിരിക്കുന്നു. 1901ൽ അവിഭക്തഭാരതത്തിന്റെ സാക്ഷരത 5.4 ശതമാനമായിരുന്നു. ഭൂരിഭാഗം ജനതയ്ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യമില്ലാതിരുന്ന അന്ന് കേരളത്തിലെ സാക്ഷരതയും അത്രയൊക്കെ മാത്രമായിരുന്നിരിക്കണം. ഇന്നാകട്ടെ ഇവിടുത്തെ സാക്ഷരത പതിനെട്ടിരട്ടിയായി: 94%. എവിടേയും അഭ്യസ്തവിദ്യരുടെ തിരക്കു തന്നെ. ഇന്ന് ബിരുദാനന്തരബിരുദമുള്ള ബസ്‌കണ്ടക്ടർമാർ പോലുമുണ്ട്. ഇതിനനുസരിച്ച് ജോലിസാദ്ധ്യത കൂടിയിട്ടില്ല. സർ സി പി രാമസ്വാമി അയ്യരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട വ്യവസായസ്ഥാപനങ്ങളൊക്കെത്തന്നെയാണ് ഇന്നുള്ള പൊതുമേഖലാസ്ഥാപനങ്ങളിൽ ഭൂരിഭാഗവും. വരുംകാലത്ത് തിരക്കു കൂടാനാണിട. അതിജീവനം കഠിനമാകും. നമ്മുടെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം.