തൃശൂർ: ഊട്ടി കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥൻ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു. ഡൽഹിയിൽനിന്നും മൃതദേഹം ഇന്നു രാത്രി കോയമ്പത്തൂരിൽ എത്തിക്കും.

അവിടെ നിന്നും സുലൂർ വ്യോമതാവളത്തിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം നാളെ രാവിലെ റോഡ് മാർഗം തൃശൂർ പുത്തൂരിലെത്തിക്കും. പ്രദീപിന്റെ കുടുംബത്തെ സുലൂർ വ്യോമതാവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ രാവിലെ സന്ദർശിച്ചിരുന്നു.

പ്രദീപ് പഠിച്ച പുത്തൂർ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടുവളപ്പിൽ തന്നെ സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂർ പൊന്നുകരയിലെ വീട്ടിൽ എത്തിയിരുന്നു.

അതേസമയം, എ. പ്രദീപിന്റെ വീട്ടുകാർക്ക് സർക്കാർ സഹായം ഒരുക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. പ്രദീപിന്റെ തൃശ്ശൂർ പൊന്നൂക്കരയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ രാധാകൃഷ്ണൻ. ഏഴു വയസ്സുകാരൻ ദക്ഷിൺ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കൾ. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്. വ്യോമസേന വാറന്റ് ഓഫീസറാണ് പ്രദീപ്.

2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു. ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, പ്രദീപ് എന്നിവരടക്കം 14 പേരിൽ 13 പേരും മരിച്ചു.