പാലക്കാട്: നാലുവയസ്സിൽ പോളിയോ ബാധിച്ച് രണ്ടു കാലുകളുടേയും ശേഷി ഇല്ലാതായ പെൺകുട്ടി. അവളെ അവളുടെ അമ്മ എന്നുമെടുത്ത് വീടിനു മുമ്പിൽ കൊണ്ടുവന്നിരുത്തും. വീടിനു മുമ്പിലെ പറമ്പ് ഒരു വലിയ ഗ്രൗണ്ടാണ്. അവിടെ നിരവധി കുട്ടികൾ ഓട്ടവും ചാട്ടവും ഫുട്ബോൾ കളിയുമൊക്കെയായി ഉണ്ടാവും. അവരൊക്കെ ഓടിക്കളിക്കുമ്പോൾ അവൾ അതുനോക്കിയിരിക്കും. തന്റെ സ്വാധീനമില്ലാത്ത കാലുകൾ ഇടയ്ക്കിളക്കി നോക്കും. അത് അനങ്ങില്ല അവൾ അമ്മയോട് വേദനയോടെ ചോദിക്കും, 'എനിക്ക് എന്നെങ്കിലും അവരെപ്പോലെ ഓടാൻ കഴിയുമോ? 'അമ്മ മറുപടി പറയും. നീ അവരെക്കാൾ നന്നായി ഓടും. വലിയ ഓട്ടക്കാരിയാകും. തളർന്ന് അനങ്ങാൻ വയ്യാതെയിരിക്കുന്ന അവളിൽ അമ്മ മനോധൈര്യമുണ്ടാക്കി. നിനക്ക് ഓടാൻ കഴിയും നീ വലിയ ഓട്ടക്കാരിയാവും എന്ന സന്ദേശം ഇടക്കിടെ അമ്മ അവൾക്ക് നൽകിക്കൊണ്ടിരുന്നു. ക്ഷീണിച്ച കാലുകൾക്ക് വയ്യെങ്കിലും തളരാത്ത മനസ്സ് ആ സന്ദേശം ഏറ്റെടുത്തു. ഓടിയേ പറ്റൂ എന്നതായിരുന്നു ആ തീരുമാനം. ഏഴാം വയസ്സിൽ അവൾ ചെറിയ തോതിൽ കാലുകൾ അനക്കി. 11 -ാം വയസ്സിൽ നടന്നു. പിന്നീട് ഓട്ടത്തിന്റെ ലോകത്തേക്ക് എത്തിയ അവൾ രണ്ടു തവണ ലോകത്തെ ഏറ്റവും വേഗതയേറിയ ആ ഓട്ടക്കാരിയായാണ് വിൽമാ റുഡോൾഫ്.

നിനക്കൊരിക്കലും ഓടാൻ കഴിയില്ല മകളേ, നിനക്ക് നടക്കാൻ പോലും കഴിയില്ല, നിന്റെ കാലുകൾ പോളിയോ വന്ന് സ്വാധീനം ഇല്ലാതായി എന്ന് ആ അമ്മ പറഞ്ഞിരുന്നുവെങ്കിൽ ആ മകൾ ജീവിതത്തിൽ ഒരിക്കലും ഓടുക പോയിട്ട് നടക്കുക കൂടി ചെയ്യില്ലായിരുന്നു. ഒരു ഇരുണ്ട മുറിയിൽ എന്നെന്നും അവളുടെ ജീവിതം തളച്ചിടപ്പെടേണ്ടി വന്നേനെ. തന്നിൽ സ്വയം വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ലോകത്ത് ചെയ്യാൻ കഴിയാത്ത ഒരു കാര്യവുമില്ലെന്നാണ് ആ അമ്മ മകളിലൂടെ ലോകത്തെ പഠിപ്പിച്ചത്. സാധ്യമല്ലാത്തതായി ഒന്നുമില്ലെന്ന (everything is possible) ഇതേ സന്ദേശമാണ് കുന്നംകുളത്തിനടുത്ത് അഗതിയൂരിൽ കലശമലയിൽ ആര്യലോക് അതീന്ദ്രിയ ഗുരുകുലം ആൻഡ് ആശ്രമത്തിലെ ശ്രീ ശ്രീ ആര്യമഹർഷി ജനങ്ങളിലേക്ക് എത്തിക്കുന്നത്.

മഹർഷി എന്ന് കേൾക്കുമ്പോൾ എല്ലാം ഈശ്വരനിൽ അർപ്പിച്ച വ്യക്തിയെയാവും നാം മനസ്സിൽ കാണുന്നത്. എന്നാൽ ഈശ്വരവിശ്വാസം തീരെയില്ലാത്ത, മറ്റുള്ളവന്റെ വേദന അറിയുന്നതാണ് യഥാർത്ഥ ആത്മീയത എന്ന് വിശ്വസിക്കുന്നയാളാണ് ഈ മഹർഷി. മനസ്സിന്റെ ഉള്ളിൽ ദൃഢമായ ലക്ഷ്യവും ശാന്തമായ മനസ്സും ഉണ്ടെങ്കിൽ ഏതുലക്ഷ്യത്തിലേക്കും എത്തിച്ചേരാമെന്നാണ് മഹർഷി പഠിപ്പിക്കുന്നത്. അമ്പലങ്ങളിലും പള്ളികളിലും പോയി യാചിച്ചിട്ട് കാര്യമില്ലെന്നും നമ്മുടെ എല്ലാ ബന്ധങ്ങളും ശരിയാക്കി മനസ്സിൽ പോസിറ്റീവ് ചിന്തകൾ നിറച്ച് ഒരു ലക്ഷ്യത്തിനായി ശ്രമിച്ചാൽ തീർച്ചയായും അതു നടന്നിരിക്കുമെന്നുമാണ് ആര്യമഹർഷി പറയുന്നത്.

ജാതിയോ, മതമോ, വർഗമോ, വർണമോ നോക്കാതെ അർഹരായ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി അവയവങ്ങൾ കണ്ടെത്തി നൽകാനുള്ള മഹത്തായ ലക്ഷ്യത്തിനായാണ് സ്വാമിയും ഭാര്യ സിമിയും ഇപ്പോൾ പ്രയത്‌നിച്ചു വരുന്നത്. ഇന്ത്യയിൽ ആദ്യമായി തന്റേയും ഭാര്യ സിമിയുടേയും വ്യക്കകൾ ഒരേ ദിവസം രണ്ടു പാവപ്പെട്ട യുവതീയുവാക്കൾക്ക് നൽകി ചരിത്രം സൃഷ്ടിച്ചാണ് ഇവർ അവയവദാന പ്രസ്ഥാനത്തിനു തുടക്കമിട്ടത്. ആംസ് ഓർഗൻ ഡോണേഴ്‌സ് ഇന്ത്യ എന്ന പേരിൽ ആശ്രമത്തിന്റെ കീഴിൽ ഒരു സംഘടന രൂപീകരിച്ച് അവയവദാന സെമിനാറുകളും രോഗ നിർണയ ബോധവൽക്കരണ ക്യാമ്പുകളും നടത്തി വരികയാണ്.

തിരുവനന്തപുരം പൂന്തുറയിലുള്ള ജീവാ സി. ക്രിസിസ് എന്ന 24 കാരിക്കാണ് സ്വാമിയുടെ ഭാര്യ സിമി വൃക്ക നൽകിയത്. അന്നുതന്നെ അങ്കമാലി തുറവൂരുള്ള നോബിൾ ജോസ് എന്ന 23 കാരനാണ് ആര്യമഹർഷി വൃക്ക നൽകിയത്. സിമിയുടേയും മഹർഷിയുടേയും വ്യക്കകൾ ജീവക്ക് അനുയോജ്യമെന്നു കണ്ട് പേപ്പർ ജോലികൾ പുരോഗമിക്കുമ്പോഴാണ് നോബിളിന്റെ അമ്മ മഹർഷിയെ വന്നുകണ്ടത്. ഇവരുടെ മൂത്തമകൻ വൃക്കരോഗം ബാധിച്ചുമരിച്ചു പോയിരുന്നു. മരണസമയത്ത് അവൻ അമ്മയെ വിളിച്ചു പറഞ്ഞു,'അമ്മേ, അനിയന് വ്യക്കരോഗം ഉണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. പരിശോധന നടത്തി ഉണ്ടെന്നു കണ്ടാൽ അവനെ മരണത്തിനു വിട്ടുകൊടുക്കരുത്. അവനെ നോക്കണം. എന്റെ കാര്യം ഇനി നോക്കേണ്ടതില്ല.

'പരിശോധനയിൽ അനിയന് കടുത്ത വൃക്കരോഗമുണ്ടെന്നു തെളിഞ്ഞു. തുടർന്നാണ് മൂത്തമകന്റെ ആഗ്രഹം നിറവേറ്റാനായി ആ അമ്മ മഹർഷിയെ വന്നുകണ്ടത്. അവർ തന്റെ മകനെ രക്ഷിക്കണം എന്നല്ല, മൂത്ത മകന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടതു ചെയ്യണമെന്നാണ് മഹർഷിയോട് ആവശ്യപ്പെട്ടത്. അവയവദാനം നടത്തണമെങ്കിൽ ദാനം ചെയ്യുന്ന വ്യക്തിക്ക് 50 കിലോയെങ്കിലും ഭാരം വേണം എന്നുണ്ട്. പക്ഷേ 46 കിലോ തൂക്കം ഉള്ളപ്പോഴാണ് 38 കാരിയായ സിമി വൃസ്വന്തക്ക ദാനം ചെയ്തത്. രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്- 10 വയസ്സുള്ള ആര്യശ്രീയും 4 വയസ്സുള്ള ശ്രീലോകയും. കഴിഞ്ഞ വർഷം മെയ്‌ 14 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് അച്ഛനും അമ്മയും വ്യക്കദാനം ചെയ്യുമ്പോൾ അടുത്ത് പിന്തുണയുമായി ഈ കുട്ടികളും ഉണ്ടായിരുന്നു.

'ആധിയകന്നാൽ വ്യാധിയകന്നു, മനുഷ്യന്റെ ഉന്നതവിജയത്തിനും പരാജയത്തിനും കാരണം ആധിയാണ്. ഒരു രോഗം വന്നാൽ മനസ്സിൽ അടിഞ്ഞു കൂടുന്ന വിഷാദം/വൈരാഗ്യം എല്ലാം പരാജയത്തിന് കാരണമാണ്. ജീവിതത്തിൽ പരാജയം ഉണ്ടാകാൻ തന്നെ മുഖ്യകാരണം ഉള്ളിൽ നിക്ഷിപ്തമായ തെറ്റായ നിർണയങ്ങളാണെന്നു സ്വാമി പറയുന്നു. ഇതൊക്കെ പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് കിഡ്‌നി രോഗ നിർണയ ക്യാമ്പ് 2013 നവംബർ 19 ന് സംഘടിപ്പിച്ചത്. പാവപ്പെട്ട രോഗികൾക്ക് സാമ്പത്തികസഹായവും വൃക്കരോഗ നിർണയക്യാമ്പുമാണ് അന്നു നടത്തിയത്. 50 ൽ പരം ശിഷ്യന്മാർ മരണാനന്തരം അവയവദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകി. എന്നാൽ ജീവനുള്ളപ്പോൾ തന്നെ ശരീരത്തിൽനിന്ന് എടുക്കാൻ പറ്റുന്ന അവയവങ്ങൾ എടുക്കാനാണ് മഹർഷിയും ഭാര്യയും സമ്മതപത്രത്തിൽ എഴുതിയത്. തുടർന്നാണ് രണ്ടുപേരും കിഡ്‌നി നൽകിയത്.

കണ്ണും നൽകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ജീവനുള്ളപ്പോൾ ഒരു അവയവം ദാനം ചെയ്യാൻ മാത്രമാണത്രെ നിയമമുള്ളൂ. അവയവ ദാനത്തെപ്പറ്റി മഹർഷിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആംസ് ഓർഗൻ ഡോണേഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടന പലയിടത്തും ക്ലാസ്സുകൾ നടത്തിവരികയാണ്. കഴിഞ്ഞ ജനുവരിയിൽ കണ്ണുർ ജയിലിൽ തടവുകാരുടെ ഇടയിലും ഇതിനെപ്പറ്റി ക്ലാസ്സ് നടത്തി. അന്നു ജയിലിലുള്ള നാലു തടവുകാർ ജീവിച്ചിരിക്കെ അവരുടെ എടുക്കാൻ കഴിയുന്ന ഏത് അവയവവും ദാനം ചെയ്യാൻ തയ്യാറായി മുമ്പോട്ടു വന്നു. ഇവരിൽ ഒരാളുടെ വ്യക്കയും, കരളും രണ്ടുപേർക്ക് നൽകാനുള്ള ശ്രമം നടത്തി വരികയാണ്. ജയിലിലെ തടവുകാരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ചില നിയമങ്ങൾ തടസ്സമായി നിൽക്കുന്നുണ്ട്. തടവുകാർക്ക് ഇതിനുവേണ്ട പരോൾ ലഭിക്കലാണ് ആദ്യ കാര്യം. പരോൾ ലഭിച്ചാൽ തന്നെ തടവുകാരുടെ അവയവം മാറ്റിവയ്ക്കാൻ ആശുപത്രികൾ തയ്യാറാവാത്ത കാര്യവുമുണ്ട്. ഇതിനെതിരെ ആഭ്യന്തര മന്ത്രിയേയും മറ്റും കണ്ട് നിയമതലത്തിൽ ശ്രമം നടത്തി വരിക കൂടിയാണ് മഹർഷി.

രോഗം വരുന്ന മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായാണ് മഹർഷി കാണുന്നത്. കാരണം വർഷങ്ങൾക്കുമുമ്പ് കടുത്ത രോഗത്തിൽനിന്നും വേദനയിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നതാണ് ഇദ്ദേഹം. ദുബായിൽ ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന മഹർഷി നാട്ടിൽ മടങ്ങി വന്ന ശേഷം കുറെ ടൂറിസ്റ്റ് ബസ്സുകളുടെ ഉടമയായി. 32 വയസ്സുള്ള സമയത്ത് ചെറുതായി വന്നിരുന്ന നടുവേദന ആയിടക്ക് വളരെയധികം മൂർഛിച്ചു. രണ്ടുമിനിറ്റ് പോലും നിൽക്കാനോ, ഇരിക്കാനോ, കിടക്കാനോ, നടക്കാനോ കഴിയാത്ത അവസ്ഥ. വേദന മാറാൻ സർജറി നടത്തണമെന്നും സർജറി നടത്തിയാൽ 70 ശതമാനം മാത്രമേ വിജയസാദ്ധ്യത ഉള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു. സർജറി വിജയിച്ചില്ലെങ്കിൽ ആജീവാനാന്തം കിടക്കയിൽ കഴിയേണ്ട അവസ്ഥ. വേദന സഹിക്കാതെ മഹർഷി അതിന് തയ്യാറായി. ഭാഗ്യത്തിന് ഓപ്പറേഷൻ വിജയമായിരുന്നു. ഈ സർജറിക്ക് ശേഷമാണ് മഹർഷി ആത്മീയമായ ഒരു അവസ്ഥയിലേക്ക് എത്തിയത്. പക്ഷെ ഈശ്വര വിശ്വാസം മുമ്പത്തെ പോലെ ഇന്നുമില്ല. പഴഞ്ഞി പരിയാമ്പ്ര ശിവദാസന്റെ മകനായ മുരളി ശ്രീ ശ്രീ ആര്യമഹർഷി എന്ന് പേര് സ്വീകരിച്ചു.

സിമിയെ വിവാഹം കഴിച്ചില്ലെങ്കിലും ഒരു പക്ഷേ ഇത്തരം ആത്മീയ പ്രവൃത്തികൾ നടത്താൻ സാധ്യതയില്ലായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. മഹർഷിയുടെ എല്ലാ പ്രവൃത്തിക്കും അനുകൂലമായി ഭാര്യ സിമി കൂടെയുണ്ട്. ആറുവർഷം മുമ്പാണ് മഹർഷി തന്റെ ആശ്രമം സ്ഥാപിച്ചത്. ആശ്രമമെന്ന് പറയുമ്പോൾ അന്തേവാസികളായി ആരുമില്ല. വരുന്നവർക്ക് കൗൺസിലിങ്ങ് നടത്തും. ഞായറാഴ്‌ച്ചകളിൽ പ്രത്യേക ക്ലാസ്സുകളും. നെഗറ്റീവായ ചിന്തകൾ കൈവിട്ട് പോസീറ്റിവായി ചിന്തിച്ചാൽ വിജയം ഉറപ്പാണെന്ന് മഹർഷി പറയുന്നു.