മനാമ: ആറുമാസത്തിനുള്ളിൽ തിളക്കമുള്ള പുതിയ കോൺഗ്രസ് പാർട്ടിയെ സമ്മാനിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ ബഹറിനിൽ തിങ്കളാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2019 ൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാഹുൽ, കോൺഗ്രസ് അതിന് പ്രാപ്തമാണമെന്നും പറഞ്ഞു.

തങ്ങളുടെ കോട്ടയായിരുന്ന ഗുജറാത്തിൽ ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആരോഗ്യമഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നതാണ് രാജ്യപുരോഗതിക്കു വേണ്ടി താൻ മുൻഗണന നൽകുന്ന കാര്യങ്ങളെന്നും രാഹുൽ പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമർഷത്തെ സമൂഹങ്ങൾ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു.

ഇന്ത്യ ഇന്ന് സ്വതന്ത്രമാണ്. എന്നാൽ ഒരിക്കൽ കൂടി ഭീഷണിയുടെ പിടിയിലാണ്. വ്യക്തമായ രണ്ട് ഭീഷണികളാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്നത്. ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. എല്ലാ മതത്തിലുമുള്ളവരെ ഒരുമിച്ചു നിർത്തുന്നതിനു പകരം തൊഴിലില്ലായ്മ മൂലമുള്ള അമർഷത്തെ സമൂഹങ്ങൾ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റാനുള്ള തിരക്കിലാണ് നമ്മുടെ സർക്കാരെന്നും രാഹുൽ പറഞ്ഞു.