ദുബായ്: 'എന്റെ നിയോഗമിതാവാം. ജീവൻ വിട്ടേച്ചു പോകുന്നവർ ചിലരെങ്കിലും എന്റെ കൈ കാത്തിരിക്കുന്നുണ്ടാവും. അവസാനത്തെ കൈ. ഒരു തപസ്വിയെപ്പോലെ ജീവിതമുനമ്പ് തേടി ഞാൻ നീന്തുന്നു. കരകയറുമോ എന്നൊന്നും വേവലാതിയില്ല. ഒന്നെനിക്കറിയാം. ഇതാണെന്റെ ജീവിതം. ഇതുമാത്രമാണെന്റെ ജീവിതം. എല്ലാ വല്ലായ്മകളെയും നല്ലായ്മകളാക്കി ഞാൻ ജീവിതത്തെ ആശ്ലേഷിക്കുന്നു.'' ഇങ്ങനെ പറയാൻ നമുക്ക് ഒരു അഷ്‌റഫ് താമരശ്ശേരി മാത്രം.

ദുബായിൽ അന്തരിച്ച പ്രമുഖ ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്തതിന് ശേഷം കൈമാറിയത് അഷ്രഫിന്. ദുബായ് സർക്കാരിന്റെ ഔദ്യോഗിക രേഖയിലാണ് ഇതുപറയുന്നത്. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിങ് കേന്ദ്രത്തിൽനിന്നാണ് അഷ്റഫിന് മൃതദേഹം കൈമാറിയുള്ള സർട്ടിഫിക്കറ്റ് കൈമാറിയത്.

ഇതെ കുറിച്ച് കെ.ടി.അബ്ദുറബ്ബ് ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ ധാരാളം.


'ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പൊലീസ് നടപടികൾ കഴിഞ്ഞു വിട്ടുകിട്ടാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു, അംബാനിയുടെ വിമാനം ചാർട്ടർ ചെയ്തു വന്നു- പക്ഷെ മൃതദേഹം കിട്ടിയത് ഇന്ന് മാത്രം. അതേറ്റു വാങ്ങിയതോ മലയാളികളുടെ സ്വന്തം അഷ്റഫ് താമരശ്ശേരിയും.

എംബാമിങ് സെന്ററിൽ നിന്ന് അഷ്റഫ് താമരശേരിയുടെ കൈകളിലേക്കാണ് ദുബായ് പൊലീസ് മൃതദേഹം കൈമാറിയത്. . അതെ, ലോകത്തെ മുഴുവൻ തന്റെ അഭിനയപ്രതിഭ കൊണ്ട് വിസ്മയിപ്പിച്ചു, ഒടുക്കം എല്ലാവരെയും കണ്ണീരിലാഴ്‌ത്തി ഞൊടിയിട കൊണ്ട് മണ്മറഞ്ഞ ശ്രീദേവിയുടെ എംബാമിങ് സർട്ടിഫിക്കറ്റിൽ എക്കാലവും ഇങ്ങനെ കാണാം - ഹാൻഡഡ് ഓവർ ടു അഷ്റഫ്, അജ്മാൻ.

എംബസിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഒന്നും വേണ്ടാത്ത നൂറുകണക്കിന് സാധാരണ മനുഷ്യർക്ക് മരണശേഷവും തുണയായി അഷ്റഫ് താമരശ്ശേരിക്ക് ഇതും അതുപോലൊന്നു മാത്രം. മരിച്ചു കഴിഞ്ഞവരെ പോലും തരാം തിരിക്കുന്ന, തൂക്കി വിലയിടുന്ന സമ്പ്രദായത്തിൽ അദ്ദേഹത്തിന് എല്ലാവരും തുല്യരാണ്. പ്രതിഫലം ആഗ്രഹിക്കാത്ത കർത്തവ്യമാണ്.

അദ്ദേഹത്തിനായി പ്രാർത്ഥിക്കാം.'

യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വം. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി. ഇതിനകം ജാതിമതദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി അയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെ തിരക്കിൽ തന്നെയായിരുന്നു അഷ്‌റഫ്.

20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏൽപിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്. പ്രവാസ ലോകത്ത് എന്തെങ്കിലും സംഭവിച്ചാൽ അഷ്‌റഫ് താമരശ്ശേരിയുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലയാളികളും ഏറെ.

കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ ഇദ്ദേഹം 16 വർഷമായി അജ്മാനിലാണ് പ്രവർത്തിക്കുന്നത്. യു.എ.ഇയിൽവെച്ച് മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്‌റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്. അഷ്‌റഫിന്റെ ജീവിതത്തെ കുറിച്ച് 'പരേതർക്കൊരാൾ' എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു.

അഷ്റഫ് ഇതുവരെ ഈ സേവനങ്ങൾക്കൊന്നും പ്രതിഫലും വാങ്ങിയിട്ടില്ല. ആരെങ്കിലും സ്നേഹത്തോടെ കൊടുക്കാൻ ശ്രമിച്ചാലും അത് നിരസിക്കും. ഒരു നന്ദിപോലും പറയാത്തവരോടും അഷ്റഫ് എങ്ങനെ വീട്ടിൽ തിരിച്ചെത്തുമെന്ന് ചോദിക്കാൻ സന്മനസ് കാണിക്കാത്തവരോടും അദ്ദേഹത്തിന് പരിഭവമില്ല.