- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി വരാന്തയിൽ ഇരുന്ന് പൊട്ടിക്കരയുന്ന മലയാളികൾക്ക് ആശ്വാസം പകർന്ന് തുടക്കം; ഇതുവരെ നാട്ടിലെത്തിച്ചത് 1800ഓളം മൃതദേഹങ്ങൾ; തിരിച്ചറിയാനാവാത്ത അനേകർക്ക് അന്ത്യകർമ്മങ്ങൾ നടത്തി; പാക്കിസ്ഥാനികൾക്കും അമേരിക്കക്കാർക്കും പോലും അവസാനത്തെ അഭയം; പ്രതിഫലം വാങ്ങാതെ കരയുന്നവന്റെ കണ്ണ് തുടയ്ക്കുന്ന യുഎഇയിലെ തമരശ്ശേരിക്കാരന് മുന്നിൽ ചാർട്ടേട് വിമാനവുമായി ലോകം കാത്തിരുന്നപ്പോൾ
ദൂബായ്: ഷാർജയിലെ കുവൈറ്റ് ഹോസ്പിറ്റലിൽ സുഖമില്ലാതെ കിടക്കുന്ന ഒരു സുഹൃത്തിനെക്കണ്ട് തിരിച്ചുവരുമ്പോൾ ആശുപത്രി വരാന്തയിൽ പൊട്ടിക്കരയുന്ന രണ്ടുപേരെ കാണുന്നു. മലയാളികളാണെന്നറിഞ്ഞപ്പോൾ കാര്യമന്വേഷിച്ചു. കുറച്ചുദിവസമായി ആശുപത്രിയിൽ സുഖമില്ലാതെ കിടന്നിരുന്ന അച്ഛൻ മരിച്ചിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയില്ല. നടപടിക്രമങ്ങളുടെ നൂലാമാലകൾ. അന്ന് അഷ്‌റഫ് അവരെ സഹായിക്കാൻ അവരോടൊപ്പം കൂടി. അതൊരു തുടക്കമായിരുന്നു. ഇപ്പോൾ 1600ലേറെ മൃതദേഹങ്ങൾ യു.എ.ഇയിൽ നിന്ന് നാട്ടിൽ അവരുടെ ബന്ധുമിത്രാദികളുടെ കൈകളിലെത്തിച്ചിരിക്കുന്നു. ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹങ്ങൾ അവിടെത്തന്നെ അടക്കം ചെയ്തിരിക്കുന്നു. മരിച്ചവർക്കുവേണ്ടിയുള്ള ആ ജീവിതയാത്ര അഷ്‌റഫ് താമരശ്ശേരി തുടരുന്നു. ദിവസത്തിൽ രണ്ടും മൂന്നും മൃതദേഹങ്ങൾക്ക് പിറകെ കെട്ടുപിണഞ്ഞ നിയമക്കുരുക്കുകളഴിച്ചുപോകുമ്പോഴും അഷ്‌റഫിന് ഒരു മടുപ്പും തോന്നുന്നില്ല. ഇത് അഷ്റഫ് താമരശ്ശേരിയുടെ ജീവിത വഴിയാണ്. പ്രവാസജീവിതത്തിനിടെ മരിക്കുന്നവരെുടെ ചേതനയറ്റ ശരീരം നാട്ടിലെത്തിക
ദൂബായ്: ഷാർജയിലെ കുവൈറ്റ് ഹോസ്പിറ്റലിൽ സുഖമില്ലാതെ കിടക്കുന്ന ഒരു സുഹൃത്തിനെക്കണ്ട് തിരിച്ചുവരുമ്പോൾ ആശുപത്രി വരാന്തയിൽ പൊട്ടിക്കരയുന്ന രണ്ടുപേരെ കാണുന്നു. മലയാളികളാണെന്നറിഞ്ഞപ്പോൾ കാര്യമന്വേഷിച്ചു. കുറച്ചുദിവസമായി ആശുപത്രിയിൽ സുഖമില്ലാതെ കിടന്നിരുന്ന അച്ഛൻ മരിച്ചിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയില്ല. നടപടിക്രമങ്ങളുടെ നൂലാമാലകൾ. അന്ന് അഷ്‌റഫ് അവരെ സഹായിക്കാൻ അവരോടൊപ്പം കൂടി. അതൊരു തുടക്കമായിരുന്നു. ഇപ്പോൾ 1600ലേറെ മൃതദേഹങ്ങൾ യു.എ.ഇയിൽ നിന്ന് നാട്ടിൽ അവരുടെ ബന്ധുമിത്രാദികളുടെ കൈകളിലെത്തിച്ചിരിക്കുന്നു. ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹങ്ങൾ അവിടെത്തന്നെ അടക്കം ചെയ്തിരിക്കുന്നു. മരിച്ചവർക്കുവേണ്ടിയുള്ള ആ ജീവിതയാത്ര അഷ്‌റഫ് താമരശ്ശേരി തുടരുന്നു. ദിവസത്തിൽ രണ്ടും മൂന്നും മൃതദേഹങ്ങൾക്ക് പിറകെ കെട്ടുപിണഞ്ഞ നിയമക്കുരുക്കുകളഴിച്ചുപോകുമ്പോഴും അഷ്‌റഫിന് ഒരു മടുപ്പും തോന്നുന്നില്ല.
ഇത് അഷ്റഫ് താമരശ്ശേരിയുടെ ജീവിത വഴിയാണ്. പ്രവാസജീവിതത്തിനിടെ മരിക്കുന്നവരെുടെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ കഷ്ടപ്പെടുമ്പോൾ അവർക്കു താങ്ങും തണലുമായി അഷറഫ് താമരശ്ശേരി യുഎഇയിലുണ്ട്. ഇതിനുള്ള അംഗീകാരമായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ. അങ്ങനെ രാജ്യം ആദരിച്ച മലയാളി വീണ്ടും വാർത്തകളിലെത്തുകയാണ്. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചതിന് പിന്നിലും അഷ്റഫിന്റെ ഇടപെടലുണ്ട്. കറകളഞ്ഞ മനുഷ്യ സ്‌നേഹത്തിന്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്‌റഫ്. പ്രതിഫലം ആഗ്രഹിക്കാതെയുള്ള ഈ സാമൂഹിക പ്രവർത്തനമാണ് അഷ്‌റഫ് നടത്തുന്നത്. സാമൂഹിക പ്രതിബന്ധതയുള്ള പ്രവാസി മലയാളിയായി മാറിയ കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ ഇദ്ദേഹം 18 വർഷമായി അജ്മാനിലാണ് പ്രവർത്തിക്കുന്നത്.
ഈ അനുഭവ സമ്പത്താണ് ബോണി കപ്പൂറിനും കുടുംബത്തിനും കരുത്തായത്. ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകൾ ചർച്ചയാപ്പോൾ മൃതദേഹം ഇപ്പോൾ വിട്ടു കിട്ടുമെന്ന കാര്യത്തിലും സംശയമായി. ഇവിടെയാണ് അഷ്റഫ് ഇടപെടലിന് എത്തിയത്. ഒന്നും ആഗ്രഹിക്കാതെ എല്ലാം നേർവഴിയിലാക്കി. അങ്ങനെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലുമെത്തി. മരിച്ചവരുടെ ഭൗതികശരീരം നാട്ടിലെ സ്വന്തക്കാരുടെ അടുത്തേക്ക് എത്തിക്കാൻ പ്രവാസികൾ ശ്രമിക്കുമ്പോൾ അവർക്ക് എന്നും തുണയായി നിൽക്കാൻ അഷറഫ് ഉണ്ടാകാറുണ്ടായിരുന്നു. ഇന്ത്യക്കു പുറമേ യുഎസ്, യുകെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങി 38 രാജ്യങ്ങളിലെ പൗരന്മാർക്കാണ അഷറഫ് സഹായമെത്തിച്ചിട്ടുള്ളത്. ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്കയയ്ക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ അൽപം വിഷമകരമാണ്. അകാലത്തിൽ എത്തുന്ന മരണത്തിനു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും പകച്ചുനിൽക്കുമ്പോഴാണ് ഇവർക്ക് സഹായവുമായി അഷറഫ് എത്തുന്നത്. നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കുന്നതുവരെ അഷ്‌റഫിന് പിന്നെ വിശ്രമമില്ല.
ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പൊലീസ് നടപടികൾ കഴിഞ്ഞു വിട്ടുകിട്ടാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു, അംബാനിയുടെ വിമാനം ചാർട്ടർ ചെയ്തു വന്നു- പക്ഷെ മൃതദേഹം കിട്ടിയത് ഇന്ന് മാത്രം. അതേറ്റു വാങ്ങിയതോ മലയാളികളുടെ സ്വന്തം അഷ്‌റഫ് താമരശ്ശേരിയും. എംബാമിങ് സെന്ററിൽ നിന്ന് അഷ്‌റഫ് താമരശേരിയുടെ കൈകളിലേക്കാണ് ദുബായ് പൊലീസ് മൃതദേഹം കൈമാറിയത്. . അതെ, ലോകത്തെ മുഴുവൻ തന്റെ അഭിനയപ്രതിഭ കൊണ്ട് വിസ്മയിപ്പിച്ചു, ഒടുക്കം എല്ലാവരെയും കണ്ണീരിലാഴ്‌ത്തി ഞൊടിയിട കൊണ്ട് മണ്മറഞ്ഞ ശ്രീദേവിയുടെ എംബാമിങ് സർട്ടിഫിക്കറ്റിൽ എക്കാലവും ഇങ്ങനെ കാണാം - ഹാൻഡഡ് ഓവർ ടു അഷ്‌റഫ്, അജ്മാൻ. എംബസിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഒന്നും വേണ്ടാത്ത നൂറുകണക്കിന് സാധാരണ മനുഷ്യർക്ക് മരണശേഷവും തുണയായി അഷ്‌റഫ് താമരശ്ശേരിക്ക് ഇതും അതുപോലൊന്നു മാത്രം.
അജ്മാനിലാണ് അഷ്‌റഫ് താമസിക്കുന്നത്. ഏതുസമയത്തും അദ്ദേഹത്തെ തേടി ഒരു ഫോൺ വിളിയെത്താം. അജ്മാനിലെ സ്ഥാപനം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏൽപ്പിച്ചാണ് സേവനപാതയിൽ അഷ്‌റഫ് സജീവമായത്. സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കിവരെ അദ്ദേഹം മറ്റുള്ളവർക്കു സഹായം ചെയ്യാറുണ്ട്. ചിലർ പണം വച്ചുനീട്ടിയാലും നിരസിക്കുകയാണു പതിവ്. ഷാർജ കുവൈത്ത് ആശുപത്രിയിൽ ചേതനയറ്റ പിതാവിന്റെ മൃതദേഹവുമായി കരഞ്ഞു തളർന്ന് എന്തു ചെയ്യണമെന്നറിയാതെ നിന്ന രണ്ടു യുവാക്കളുടെ നിസഹായാവസ്ഥയാണ് ഈ പാത തിരഞ്ഞെടുക്കാൻ അഷറഫിനെ പ്രേരിപ്പിച്ചത്. ബന്ധുവിനെ കാണാൻ എത്തിയപ്പോഴാണ് നിസഹായരായ യുവാക്കളെ അഷ്‌റഫ് കണ്ടത്. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി ക്രമങ്ങളുടെ പട്ടികയും നൂലാമാലകളും തിരിച്ചറിഞ്ഞ അഷ്‌റഫ്, തുടർന്ന് ഒട്ടേറെ നിരാലംബർക്ക് സഹായമാകുകയായിരുന്നു.
ദുബായിൽ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് അഷ്‌റഫ് താമരശ്ശേരിയെയും 0553886727 എന്ന നമ്പരും അറിയാം. മൊബൈൽ റിങ്‌ചെയ്യുമ്പോൾ അഷ്‌റഫിന് അറിയാം ശുഭകരമായ വാർത്തയല്ല കേൾക്കാൻ പോകുന്നതെന്ന്. പ്രതിമാസം ശരാശരി 3035 മരണങ്ങൾ യു.എയിൽ സംഭവിക്കാറുണ്ട്. എല്ലായിടത്തും അഷ്‌റഫ് ഓടിയെത്തും. 24 മണിക്കൂറും മരണപ്പെട്ടവർക്കായി പ്രവർത്തിക്കും. സാധാരണ മരണമോ അപകട മരണമോ ദുബായിയുടെ ഏത് ഭാഗത്തുണ്ടായാലും പൊതു പ്രവർത്തകരും മാധ്യമ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ആദ്യം വിളിക്കുക അഷ്‌റഫിനെയാണ്. എത്ര ദൂരെയായാലും ഏത് പാതിരാത്രിയിലായാലും അഷ്‌റഫ് അവിടെയെത്തും. താൻ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുമുണ്ടെന്ന് അഷ്‌റഫ് പറയുന്നു. കുടുംബസമേതം അജ്മാനിൽ താമസിക്കുന്ന അഷ്‌റഫിന് കുടുംബത്തോടൊപ്പം ഒന്ന് പുറത്തുപോകാൻപോലും സമയം കിട്ടാറില്ലെന്നതായണ് യാഥാർത്ഥ്യം.
വിവിധ പ്രവാസി സംഘടനകൾ ഇദ്ദേഹത്തിന്റെ സേവനത്തിനുള്ള അംഗീകാരമായി ആദരിച്ചിട്ടുണ്ട്. 83 അവാർഡുകൾ അഷ്‌റഫിനെ തേടി എത്തിയിട്ടുണ്ട്. വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസം മാത്രമാണ് ഇദ്ദേഹം ലീവിൽ നാട്ടിൽ എത്തുന്നത്. ഇക്കാലയളവിലും യു.എ.യിൽ നിന്നും ഇദ്ദേഹത്തെതേടി ടെലിഫോൺ കോളുകളെത്താറുണ്ട്. ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തി ടെലഫോണിൽ ബന്ധപ്പെട്ട് നാട്ടിലുള്ളപ്പോഴും സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനായി പൊലീസ്, സിഐഡി., കോടതി, മെഡിക്കൽ സെന്ററുകൾ, വിമാന ത്താവളം, മോർച്ചറി, ട്രാവൽസ്, എംബാമിങ് യൂണിറ്റ്, മുൻസിപ്പാലിറ്റി, എംബസി, കോൺസുലേറ്റ് എന്നിവിടങ്ങളിൽ നിരവധി തവണ കയറിയിറങ്ങി രേഖകൾ ശരിയാക്കേണ്ടതുണ്ട്. എംബാമിങ് കഴിഞ്ഞ മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിന് വീണ്ടും എംബസിയിൽ പോയി സീൽ ചെയ്യണമെന്ന നടപടി ഏറെ ദുരിതമുണ്ടാക്കുന്നുവെന്ന് അഷ്‌റഫ് പറയുന്നു.
അഷ്‌റഫ് എന്ന ചെറുപ്പക്കാരന്റെ ബാല്യകാലം അത്രയൊന്നും സുഖകരമായിരുന്നില്ല. ചോർന്നൊലിക്കുന്ന ഒരു ഓലപ്പുര. വറുതിയും ദാരിദ്ര്യവും പട്ടിണിയും ആ ഓലപ്പുരക്ക് ചുറ്റും എപ്പോഴും വട്ടമിട്ട് പറന്നുകൊണ്ടിരുന്നു. ഹൈസ്‌കൂൾ പഠനത്തിനപ്പുറമൊന്നും ചിന്തിക്കാൻ വിശപ്പ് അനുവദിച്ചിരുന്നില്ല. മഴക്കാലം ആ കുടുംബത്തിന് പേടിപ്പെടുത്തുന്ന ഒരു ഓർമ്മയായിരുന്നു. മഴവെള്ളം മുഴുവൻ വീട്ടിനകത്തേക്ക് ചോർന്നൊലിക്കുമായിരുന്നു. പുറത്ത് മഴപെയ്യുമ്പോൾ അകത്തവർ നനയാതിരിക്കാൻ ചേമ്പില ചൂടിയിരുന്നു. മഴതോർന്നാലും കിടന്നുറങ്ങാൻ കഴിയില്ല. മറ്റുപലരെയും പോലെ ഈ ദുരിതത്തിൽ നിന്ന് കരകയറാൻ അഷ്‌റഫും സൗദിയിലേക്ക് പലായനം ചെയ്തു. ഒരു പ്രവാസികൂടി. അധികകാലം അവിടെ പിടിച്ചുനിൽക്കാനായില്ല. നാട്ടിൽ തിരിച്ചെത്തിയ അഷ്‌റഫ് അളിയൻ അയച്ചുകൊടുത്ത വിസയിൽ തുടർന്ന് അജ്മാനിലേക്ക്. അവിടെ ഒരു പാർട്ട്ണറുമായി ചേർന്ന് ചെറിയൊരു വർക്ക്‌ഷോപ്പ്. പാർട്ട്ണർ നല്ലൊരു മനുഷ്യസ്‌നേഹിയായതുകൊണ്ട് അഷ്‌റഫിന് ജോലിചെയ്യാനൊന്നും സമയം കിട്ടാതിരുന്നിട്ടും കിട്ടുന്നതിന്റെ പകുതി അയാൾക്ക് നൽകി.
അജ്മാനിൽ വർക്ഷോപ് നടത്തുന്ന അഷറഫ് കോഴിക്കോട് താമരശേരി പാലോറക്കുന്നുമ്മൽ കുടുംബാംഗമാണ്. അഷ്‌റഫിന്റെ ജീവിതത്തെ കുറിച്ച് 'പരേതർക്കൊരാൾ' എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. ബഷീർ തിക്കോടി രചിച്ച ഈ പുസ്തകവും ആഷ്‌റഫിന്റെ സേവന പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. അഷ്‌റഫിന്റെ കഥ സിനിമയാക്കുന്നതും സുഹൃത്തുക്കളുടെ പരിഗണനയിലുണ്ട്. അഷ്‌റഫ് ഇതുവരെ ഈ സേവനങ്ങൾക്കൊന്നും പ്രതിഫലും വാങ്ങിയിട്ടില്ല. ആരെങ്കിലും സ്‌നേഹത്തോടെ കൊടുക്കാൻ ശ്രമിച്ചാലും അത് നിരസിക്കും. ഇപ്പോൾ അഷ്‌റഫിന്റെ ഭാര്യ ഫാത്തിമത്ത് സുഹ്‌റയും മക്കൾ മുഹമ്മദ് ഷാഫിയും ഷിഫാനയും മുഹമ്മദ് അമീനും അജ്മാനിലുണ്ട്. അവരും അഷ്‌റഫിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നു. അത് തന്നെയാണ് പ്രവാസികൾക്ക് ആശ്വാസമെത്തിക്കാൻ അഷ്‌റഫിനുള്ള പ്രധാന കരുത്തും.