ദുബായ്: ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങാനായത് തന്റെ നിയോഗമെന്ന് മലയാളിയും പൊതു പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരി. തന്റെ നിയോഗമായാണ് അഷ്റഫ് ഇതിനെ കരുതുന്നത്. ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ സർട്ടിഫിക്കറ്റിലും അഷ്‌റഫാണ് മൃതദേഹം ഏറ്റുവാങ്ങുന്നതെന്ന് വ്യക്തമാണ്. ഈ രേഖയുമായാണ് കോൺസുലേറ്റ് അധികൃതർ മൃതദേഹം ഇന്ത്യയിൽ എത്തിച്ചത്.

ഉറങ്ങുന്നത് പോലെയാണ് ശ്രീദേവിയെ അവസാനമായി കണ്ടപ്പോൾ തോന്നിയത്. 840 ദിർഹം വിലവരുന്ന മരത്തിന്റ ശവപ്പെട്ടിയിലാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചത്. വാർത്തകളിൽ പറയുന്നത് പോലെ മുറിവുകൾ ഒന്നും തലയിൽ കാണാനായില്ലെന്നും അഷ്‌റഫ് പറയുന്നു. സ്‌ക്രീനിൽ കാണുന്നതിനേക്കാൾ മെലിഞ്ഞ മുഖമായിരുന്നു അവസാനമായി കാണുമ്പോളെന്നും അഷ്‌റഫ് കൂട്ടിച്ചേർത്തു. മരണ ശേഷമുള്ള ശ്രീദേവിയുടെ മുഖം അടുത്ത് കാണാൻ പറ്റിയവരിൽ ചുരുക്കം ചിലരിൽ ഒരാളുമാണ് അഷ്‌റഫ്.

ബോണി കപൂറിന്റെ ബന്ധുവായ സൗരഭ് മൽഹോത്രയാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാം നടത്തിയിരുന്നതെങ്കിലും യുഎഇയിലെ നടപടികളെ കുറിച്ച് സൗരഭിന് ധാരണ ഇല്ലാഞ്ഞതിനാൽ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കാനായത്. അഷ്‌റഫ് താമരശ്ശേരിയ്‌ക്കൊപ്പം നാസർ വാടാനപ്പള്ളി, നാസർ നന്തി എന്നിവരും ഉണ്ടായിരുന്നു. മൂന്നു ദിവസമാണ് ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികളുമായി അഷ്‌റഫ് നടന്നത്.

എന്റെ നിയോഗമിതാവാം. ജീവൻ വിട്ടേച്ചു പോകുന്നവർ ചിലരെങ്കിലും എന്റെ കൈ കാത്തിരിക്കുന്നുണ്ടാവും. അവസാനത്തെ കൈ. ഒരു തപസ്വിയെപ്പോലെ ജീവിതമുനമ്പ് തേടി ഞാൻ നീന്തുന്നു. കരകയറുമോ എന്നൊന്നും വേവലാതിയില്ല. ഒന്നെനിക്കറിയാം. ഇതാണെന്റെ ജീവിതം. ഇതുമാത്രമാണെന്റെ ജീവിതം. എല്ലാ വല്ലായ്മകളെയും നല്ലായ്മകളാക്കി ഞാൻ ജീവിതത്തെ ആശ്ലേഷിക്കുന്നു.''-തന്റെ പ്രവർത്തനങ്ങളെ അഷ്‌റഫ് താമരശ്ശേരി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വം. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി.

ഇതിനകം ജാതിമതദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി അയച്ചിട്ടുണ്ട്. 20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏൽപിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്.

പ്രവാസ ലോകത്ത് എന്തെങ്കിലും സംഭവിച്ചാൽ അഷ്റഫ് താമരശ്ശേരിയുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലയാളികളും ഏറെ. കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ ഇദ്ദേഹം 18 വർഷമായി അജ്മാനിലാണ് പ്രവർത്തിക്കുന്നത്. അഷ്റഫിന്റെ ജീവിതത്തെ കുറിച്ച് 'പരേതർക്കൊരാൾ' എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. അഷ്‌റഫ് ഇതുവരെ ഈ സേവനങ്ങൾക്കൊന്നും പ്രതിഫലും വാങ്ങിയിട്ടില്ല. ആരെങ്കിലും സ്‌നേഹത്തോടെ കൊടുക്കാൻ ശ്രമിച്ചാലും അത് നിരസിക്കും. ഒരു നന്ദിപോലും പറയാത്തവരോടും അഷ്‌റഫ് എങ്ങനെ വീട്ടിൽ തിരിച്ചെത്തുമെന്ന് ചോദിക്കാൻ സന്മനസ് കാണിക്കാത്തവരോടും അദ്ദേഹത്തിന് പരിഭവമില്ല.