- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
47കാരിക്ക് 65 വയസുള്ള ക്ഷേത്രകമ്മറ്റി പ്രസിഡന്റിനോട് പ്രണയം! വളയുന്നില്ലെന്ന് കണ്ടപ്പോൾ കുടുംബ സുഹൃത്തായ യുവതിയുടെ പേര് ചേർത്ത് അപവാദ പ്രചാരണം; സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയുണ്ടെന്ന് ഭർത്താവിനെ അറിയിച്ചു; യുവതിക്ക് ഡിവോഴ്സിന് നോട്ടീസ് അയച്ച് ഭർത്താവ്; യുവതിയുടെ പരാതിയിൽ പൊലീസ് നിരാശാ കാമുകിയെയും സഹായിയെയും അറസ്റ്റ് ചെയ്തു
മല്ലപ്പള്ളി: നാട്ടിലുള്ള മറ്റു പലരോടുമെന്നതു പോലെ ക്ഷേത്രകമ്മറ്റി പ്രസിഡന്റായ വയോധികനോട് (65)മധ്യവയസ്കയ്ക്ക് (47)പ്രണയം. പല രീതിയിൽ വളയ്ക്കാൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ കുടുംബ സുഹൃത്തായ യുവതിയുടെ പേര് ചേർത്ത അപവാദം പ്രചരിപ്പിച്ചു. യുവതിയും വയോധികനുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ഉണ്ടെന്ന് ഭർത്താവിനെ അറിയിച്ചു. കേട്ടപാതി കേൾക്കാത്ത പാതി ഭർത്താവ് വിവാഹ മോചനത്തിന് നോട്ടീസ് അയച്ചു. ഭാര്യയ്ക്കും മക്കൾക്കും ചെലവിന് കൊടുക്കുന്നത് നിർത്തുകയും ചെയ്തു. നിരാലംബ യുവതി നൽകിയ പരാതിയിൽ കീഴ്വായ്പൂർ പൊലീസ് നിരാശാ കാമുകിയെയും അപവാദ പ്രചാരണത്തിന് കൂട്ടു നിന്ന യുവാവിനെയും കൈയോടെ പൊക്കി. ഇത്രയുമൊക്കെ ആയിട്ടും വിവാഹ മോചനമെന്ന നിലപാടിൽ ഭർത്താവ് ഉറച്ചു നിൽക്കുന്നതു കാരണം യുവതിയും രണ്ടു മക്കളും ആത്മഹത്യയുടെ വക്കിലുമായി.
കീഴ്വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആനിക്കാട് നുറോമ്മാവിന് സമീപമാണ് സംഭവം. നാട്ടിലെ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ കമ്മറ്റി പ്രസിഡന്റാണ് വയോധികൻ. ഇദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ള കുടുംബത്തിലേതാണ് യുവതി. ഗൾഫിൽ ജോലി നോക്കുന്ന ഭർത്താവുമായിട്ടാണ് ക്ഷേത്രകമ്മറ്റി പ്രസിഡന്റിനും കുടുംബത്തിനും അടുപ്പം കൂടുതൽ. യുവതിയുടെ പിതാവിന്റെ സ്ഥാനത്ത് നിൽക്കുന്നയാളാണ് ഈ വയോധികൻ. ഇദ്ദേഹത്തെ രഹസ്യമായി കാമിക്കുന്നതാകട്ടെ മണിമല സ്വദേശിയായ മധ്യവയസ്കയാണ്. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബക്കാരനാണ് വയോധികൻ. ഈ ലക്ഷ്യം വച്ചാണ് മധ്യവയസ്ക അടുത്തു കൂടിയതും. വയോധികന്റെ പിറന്നാൾ ദിനത്തിൽ ഒരു അനാഥാലയത്തിൽ അദ്ദേഹത്തിന്റെ പേരിൽ സമൂഹസദ്യ സംഘടിപ്പിച്ചു ഈ കാമിനി.
അതിന് ശേഷം സർപ്രൈസ് നൽകുന്നതിനായി അദ്ദേഹത്തെ വിളിച്ചെങ്കിലും ചെന്നില്ല. കലിപ്പിലായ നിരാശാ കാമുകി അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തു ബന്ധമുള്ള യുവതിയുമായി ചേർത്ത് അവിഹിതകഥ മെനഞ്ഞു. വിവരം യുവതിയുടെ ഭർത്താവിനെ അറിയിച്ചു. രാത്രി ഒമ്പതു മുതൽ പുലർച്ചെ അഞ്ചു വരെ വയോധികൻ നിങ്ങളുടെ വീട്ടിലാണെന്നും ഇരുവരുടെയും സ്വകാര്യ നിമിഷത്തിന്റെ വീഡിയോ ഉണ്ടെന്നും ഗൾഫിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. മനസമാധാനം നഷ്ടമായ ഭർത്താവ് ആരോടും പറയാതെ ഗൾഫിൽ നിന്ന് നാട്ടിലെത്തി. ഭാര്യയോട് ഇതേപ്പറ്റി ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. പകരം, ഭാര്യയുടെ അവിഹിത ബന്ധം പ്രചരിപ്പിക്കുന്നത് ഇയാൾ തന്നെ ഏറ്റെടുത്തു.
പുതുതായി വച്ച വീടും പറമ്പും ഭാര്യയുടെ പേരിലായിരുന്നു. അത് തിരിച്ചെഴുതി വാങ്ങാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോൾ വിവാഹ മോചനത്തിന് നോട്ടീസ് അയച്ച ശേഷം ഗൾഫിലേക്ക് തിരികെ പോയി. കഴിഞ്ഞ വർഷം നവംബർ മുതൽ ഇവർക്ക് ചെലവിന് കൊടുക്കുന്നതും നിർത്തി. ഹൗസിങ് ലോണും രണ്ടു പെണ്മക്കളുടെ പഠനവും വീട്ടുചെലവുമൊക്കെയായി യുവതി ഏറെ പാടുപെട്ടു. ഭർത്താവ് പറഞ്ഞ കഥ വിശ്വസിച്ച സ്വന്തം വീട്ടുകാർ പോലും ആദ്യം യുവതിയെ അവിശ്വസിച്ചു. ഇതോടെയാണ് സത്യം കണ്ടെത്താൻ യുവതി കീഴ്വായ്പൂർ പൊലീസിൽ പരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയ് അന്വേഷണം ആരംഭിച്ചു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ചങ്ങനാശേരിയിലുള്ള ഗിരീഷ് എന്നയാളാണ് യുവതിയുടെ ഭർത്താവിനെ വിളിച്ച് അപവാദകഥ ആദ്യം പ്രചരിപ്പിച്ചത് എന്നു കണ്ടെത്തി. ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ മണിമല സ്വദേശിനി ജയ എന്നയാളാണ് തന്നോട് ഇങ്ങനെ ചെയ്യാൻ പറഞ്ഞത് എന്ന് മൊഴി നൽകി. തുടർന്ന് ജയയെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് പ്രണയ രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്.
യുവതിയുടെയും വയോധികന്റെയും നിരപരാധിത്വം തെളിയിക്കപ്പെട്ടെങ്കിലും അത് വിശ്വസിക്കാൻ യുവതിയുടെ ഭർത്താവ് തയാറല്ല. യുവതിക്ക് ഭർത്താവ് അയച്ച വിവാഹമോചന നോട്ടീസിൽ അവിഹതത്തിന് സാക്ഷിയാണെന്ന് പറഞ്ഞിരുന്ന അയൽക്കാരൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ കടകം തിരിഞ്ഞു. യുവതി ഒരു സാധുവാണെന്നും താൻ അങ്ങനെ പറഞ്ഞിട്ടേയില്ലെന്നും പറഞ്ഞ് തലയൂരി. എന്തൊക്കെ തെളിഞ്ഞിട്ടും സ്വന്തം ഭർത്താവ് തള്ളിപ്പറഞ്ഞതിന്റെ മനോവേദനയിലാണ് ഇപ്പോൾ യുവതിയുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്