പത്തനംതിട്ട: പ്ലസ്ടു പാസായ മകൻ സമ്മാനമായി ആവശ്യപ്പെട്ടത് ബൈക്ക്. അതിനുള്ള പണം കൈയിൽ ഇല്ലാത്തതിനാൽ വാങ്ങിക്കൊടുത്തത് സ്മാർട്ട്ഫോൺ. വാങ്ങി നൽകുമ്പോൾ മാതാവ് അറിഞ്ഞില്ല, ഈ ഫോൺ തങ്ങളുടെ കുടുംബം കുളം തോണ്ടുമെന്ന്. സ്മാർട്ട് ഫോൺ വഴി പരിചയപ്പെട്ട 43കാരിയുമായി മകൻ നാടുവിട്ടു. അവരിൽ നിന്ന് 43,000 രൂപ വാങ്ങുകയും ചെയ്തു. മധുവിധുവിന്റെ ലഹരി കഴിഞ്ഞപ്പോൾ ഇരുവരും അകന്നു. ഇതോടെ കാമുകി കാമുകനെതിരേ നൽകിയ പരാതിയിലാണ് കിടപ്പാടം പോലും നഷ്ടമാകുമെന്ന സ്ഥിതി വന്നത്.

ഇന്നലെ പത്തനംതിട്ട നടന്ന വനിതാ കമ്മിഷൻ മെഗാഅദാലത്തിലാണ് ഇതു സംബന്ധിച്ച പരാതി വന്നത്. കമ്മിഷൻ ചെയർപേഴ്സണും അംഗങ്ങളും കഥയറിഞ്ഞ് ഞെട്ടി. കലക്ടറേറ്റിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാണ് ആരുടെയും കരളലിയിക്കുന്ന രോദനവുമായി ഒരമ്മ എത്തിയത്. പ്ലസ്ടു പാസായപ്പോൾ ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭർത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ ആ അമ്മയ്ക്ക് ബൈക്ക് വാങ്ങി നൽകാൻ കഴിയാത്തതിനാൽ സമ്മാനമായി ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകി.

സോഷ്യൽ മീഡിയയിലൂടെ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒരു ഹോം നഴ്സുമായി മകൻ ചങ്ങാത്തത്തിലായി. 42 വയസുള്ള ഹോം നഴ്സ് ഇയാളുടെ അക്കൗണ്ടിലേക്ക് 43000 രൂപ നിക്ഷേപിച്ചു. തുടർന്ന് നാട്ടിലെത്തിയ ഈ സ്ത്രീ 17കാരനുമായി ബാംഗ്ലൂരിന് കടന്നു. ആറ് മാസത്തോളം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ 17കാരൻ ഹോംനഴ്സിനൊപ്പം താമസിച്ചു. പിന്നീട് ഇവർ തമ്മിൽ തെറ്റിയതോടെ ഹോം നഴ്സ് തുക തിരികെ ആവശ്യപ്പെട്ടു. തുക നൽകുവാൻ കഴിയാതെ വന്നതോടെ 17 കാരൻ തിരികെ വീട്ടിലെത്തി.

താമസിയാതെ 43000 രൂപ മടക്കി നൽകുന്നില്ല എന്ന് കാണിച്ച് ഹോം നഴ്സ് കോടതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഈ സമയത്ത് 18 വയസ് പൂർത്തിയായിരുന്ന ഇയാൾ മൂന്ന് മാസക്കാലം ജയിലിലുമായി. തുടർന്ന് നിർധനയായ മാതാവ് ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി മകനെ ജാമ്യത്തിലിറക്കി, ചിലരുടെ സഹായത്തോടെ വിദേശത്ത് ജോലി തരപ്പെടുത്തി. വിദേശത്ത് ജോലി ചെയ്യുന്ന ഇപ്പോൾ 19 വയസുള്ള ഇയാൾക്കെതിരെ നടപടികൾ സ്വീകരിച്ച് 43000 രൂപയും അതിന്റെ പലിശയും മടക്കി നൽകണമെന്ന ആവശ്യമാണ് ഹോം നഴ്സ് കമ്മിഷന് മുമ്പാകെ ഉന്നയിച്ചത്.

തന്റെ മകന്റെ പ്രായം മാത്രമുള്ള പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനൽ കേസിൽപെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്ന് കമ്മിഷൻ വിലയിരുത്തി. ഇത്തരത്തിലുള്ള സ്ത്രീകൾ പൊതുസമൂഹത്തിന് അപമാനവും കെട്ടുറപ്പുള്ള സമൂഹത്തിന് ഭീഷണിയുമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. തുക മടക്കി നൽകണമെന്ന ഇവരുടെ ആവശ്യത്തിന് മേൽ ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയില്ല എന്നും കോടതിയുടെ പരിഗണനയിലുള്ള ക്രിമിനൽ കേസിന്റെ വിധിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും കമ്മീഷൻ അറിയിച്ചു. തിരിച്ചറിവെത്തുന്നതിന് മുമ്പ് കുട്ടികൾക്ക് ആവശ്യപ്പെടുന്നതെന്തും വാങ്ങി നൽകുന്ന രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും കമ്മിഷൻ നിരീക്ഷിച്ചു.