ഞ്ജിപണിക്കർ ഒരു നടൻ എന്ന നിലയിൽ പേരെടുക്കുകയും പ്രേക്ഷക പ്രീതിയിൽ മുൻ പന്തിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്ത കാലമാണിത്. അദ്ദേഹം എത്തുന്ന ഒരുരംഗത്തിന് പോലും തിയേറ്ററിൽ കൈയടി കിട്ടുന്ന കാലം. വടക്കൻ സെൽഫിയും പ്രേമവും കടന്ന് രഞ്ജിപണിക്കർ എന്ന സംവിധായകൻ ന്യൂജനറേഷൻ കാലത്തും പ്രിയപ്പെട്ട നടനായി തുടരുമ്പോൾ മലയാളികളെ ആവേശത്തേരിലേറ്റിയ സംഭാഷണ ശകലങ്ങളെ കുറിച്ച് ആലോചിക്കുന്നത് രസകരമായിരിക്കും. 25 വർഷത്തെ സിനിമാപ്രവർത്തനത്തിനിടെ ഡോക്ടർ പശുപതി പോലുള്ള ചിരിസംഭാഷണങ്ങൾക്കപ്പുറത്ത് കിടിലംകൊള്ളിക്കുന്ന തീപ്പൊരി ഡയലോഗുകളിലേക്ക് എത്തിച്ചേരുമ്പോൾ ആ ചരിത്രവിശകലനത്തിന് മുതിരുകയാണ് രൺജി പണിക്കർ. സരേഷ്‌ഗോപിയും മമ്മൂട്ടിയും മോഹൻലാലും തുടങ്ങി സോമനും എൻഎഫ് വർഗ്ഗീസും കടന്ന മഞ്ജുവാര്യരെ പോലും കടിച്ചാൽ പൊട്ടാത്ത ഡയലോഗുകൾപറയിച്ച രൺജി പണിക്കർക്ക് ഇവരെ കുറിച്ച് പറയാനുള്ള കഥകളും രസകരമാണ്. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ തുറന്നുപറഞ്ഞ സംഭാഷണാനുഭവങ്ങൾ ഇങ്ങനെ

ഭാഷയിൽ ഞാനൊരുഭണ്ഡാകാരമല്ല

സംഭാഷണരചന പലപ്പോഴും സാഹചര്യത്തിനനുസരിച്ച് സംഭവിച്ചുപോകുന്നതാണ്. ചില കഥാസാഹചര്യങ്ങളിൽ ഭാഷയുടെയും സമ്പന്നമായ പദാവലികളുടെയും സഹായം ലഭിക്കുന്നു എന്ന് മാത്രം. ഇംഗ്ലീഷിന്റെ കാര്യത്തിലാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരാറുള്ളത്. മലയാളം മാതൃഭാഷ എന്ന നിലയിൽ എത്രയോ ആയിരം പദങ്ങൾ നമുക്കറിയുമായിരിക്കാം. എന്നാൽ ഇംഗ്ലീഷ് പെട്ടെന്ന് അപരിചിതമായ ഒരുഭാഷയെന്ന നിലയിൽ പ്രേക്ഷകനും മനസ്സിലാകുന്ന വിധത്തിലുള്ള പദങ്ങൾ തേടിക്കണ്ടുപിടിക്കേണ്ടി വരാറുണ്ട്. അത്തരം ശ്രമങ്ങളിലൂടെയാണ് ഒരു നല്ല ഡയലോഗിൽ ഒരു മികച്ച വാക്ക് ചേർക്കുന്നത്. എല്ലാതെ ഞാൻ ഭാഷയിൽ ഒരു ഭണ്ഡാകാരമൊന്നുമല്ല. അതിന്റെ ഒരു പ്രയോഗശീലവും സാഹചര്യത്തിനനുസരിച്ചെഴുതാനുള്ള ശീലവും ഉള്ളതുകൊണ്ട് മാത്രമാണ്. സംഭാഷത്തിന്റ ഈ ചടുലത നിലനിൽക്കുന്നു എന്നതുകൊണ്ടാണ് പുതിയ തലമുറയും ഇത് കൈമാറിക്കൊണ്ടുനടക്കുന്നത്.

ഇർ റവറൻസ് ഡയലോഡ് പറയാൻ സോമേട്ടൻ പാടുപെട്ടു

സോമോട്ടനുമായി ഏറെക്കാലത്തെ സൗഹൃദവുമുണ്ട്. ഏറ്റവും കൂടുതൽ ഓർക്കുന്നത് ലേലത്തിന്റെ ലൊക്കേഷനാണ്. ലേലത്തിലെ പ്രശസ്തമായ ഇർ റവറൻസ് അടങ്ങിയ പള്ളീലച്ചനുമായുള്ള സംഭാഷണം ഞാൻ മിക്കവാറും ലൊക്കേഷനിലിരുന്നാണ് എഴുതുന്നത്. ഷൂട്ടിങ് തുടങ്ങുമ്പോൾ കൈയിൽ ഒന്നോ രണ്ടോ കടലാസ് മാത്രമേ കാണൂ. ഈ രംഗത്തിലെ ആ നീണ്ട ഡയലോഗ് എഴുതിത്ത്ത്തീർത്ത് ചിത്രീകരണം ആരംഭിച്ചപ്പോൾ സോമേട്ടൻ ഏറെ പാടുപെട്ടു. ഒന്ന് രണ്ട് തവണ വായിച്ചുനോക്കി ഒടുവിൽ റീടെയ്ക്കുകളായപ്പോൾ സോമേട്ടന് ചൂടാകാൻ തുടങ്ങും. ഇതൊക്കെ പതിവാണ്. നീയിങ്ങനെ അവസാന നിമിഷം കടിച്ചാൽ പൊട്ടാത്ത ഡയലോഗ് എഴുതിക്കൊണ്ട് വന്നാൽ ഞാനെങ്ങനെ പറയാനാണ്. നേരത്തെ തന്നൂടായിരുന്നോ. നേരത്തെ തന്നാൽ പഠിച്ചിട്ട് വരുമോ എന്നാകും ഞാൻ. അങ്ങനെ കലഹിച്ചും സ്‌നേഹിച്ചും സ്‌നേഹിച്ചും കലഹിച്ചുമാണ് സോമേട്ടനൊപ്പം കടന്നുപോയത്. ആ സംഭാഷണം പിന്നീട് രണ്ടുമൂന്ന് ദിവസമെടുത്താണ് പൂർത്തിയാക്കിയത്. ഇതുപോലെ ഡബ്ബിങ് സമയത്തും കലഹിക്കുക പതിവാണ്. പക്ഷേ അപ്പോ തന്നെ ഇണങ്ങുകയും ചെയ്യും. അതായിരുന്നു സോമേട്ടൻ.

മഞ്ജുവാര്യർ എന്നെ അതിശയിപ്പിച്ചുകളഞ്ഞു

രു നടിക്ക് വേണ്ടി ഞാൻ ദീർഘമേറിയതയും കനമുള്ളതുമായ ഡയലോഗ് എഴുതിയത് ആദ്യമായി പത്രത്തിലാണ്. മഞ്ജുവാര്യർ ഇത്രയും ശക്തമായ സംഭാഷണങ്ങളുള്ള ഒരു വേഷം ഇതിന മുമ്പ് ചെയ്തിട്ടില്ല. ശക്തമായ, ഒരാണിന് മുന്നിൽ വന്ന് തന്റേടത്തോടെ നിൽക്കുന്ന ഒരു കഥാപാത്രം. എനിക്ക് ഭയമുണ്ടായിരുന്നു. ഞാൻ പലരോടും ചോദിച്ചു. ഞാൻ മഞ്ജുവിനോടും പങ്കുവച്ചു ആപേടി. ഇത്രയും വലിയ സംഭാഷണമുള്ള കഥാപാത്രമാണ് എന്ന് പറയുകയും ചെയ്തു. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മഞ്ജുപറയുകയും ചെയ്തു. ആരും എന്റെ പേടിയെ അനുകൂലിച്ചില്ല. എന്നാൽ എന്നെ അതിശയിപ്പിച്ചത്. മഞ്ജുലോക്കെഷനിൽ വന്നിട്ട് രണ്ട് പേജ് വരുന്ന ഡയലോഗ് വായിച്ചിട്ട് ലൊക്കേഷനിലൂടെയൊക്കെ ഒന്ന് നടന്നിട്ട് അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ഈ ഡയലോഗ് മനപ്പാഠമാക്കും. ഓരോ ആർട്ടിസ്റ്റും ഓരോ രീതിയിലാണ്. പ്രതികരിക്കുക.

മമ്മൂട്ടി എപ്പോഴും വഴക്കാളി

സംഭാഷണത്തിന്റെ കാര്യത്തിൽ ഓരോ അഭിനേതാക്കൾക്കും ഓരോ രീതിയാണ്. മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കുന്ന ആളാണ്. കടിച്ചാൽ പൊട്ടാത്തതാണ്, അതിങ്ങനെ വേണോ അങ്ങനെ വേണോ എന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കും. ചിലപ്പോൾ ഡബ്ബിങ് തിയേറ്ററിലിരുന്ന് പോലും വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒരു രക്ഷയുമില്ലാതാകുമ്പോൾ എന്നാൽ പിന്നെ നീ ഡബ്ബ് ചെയ്ത് കാണിക്ക് എന്നുവരെ പറഞ്ഞു. ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. കാണാം എന്ന് ഞാനും പറയും. ഇതൊക്കെ ഒരു സിനിമയുടെ മെയ്ക്കിംഗിനിടെയുണ്ടാകുന്ന സംവാദങ്ങളാണ്. ഞാൻ എഴുതിയതിന്മേൽ കൂടുതൽ പരിഷ്‌കരണങ്ങളുണ്ടാകുന്നതുകൊണ്ടാണ് പത്തിരുപത് വർഷത്തിനപ്പുറം ഓർത്തുവയ്ക്കുന്നത്. അക്കാര്യത്തിലൊന്നും ഒരു ഈഗോയും എനിക്കുണ്ടായിരുന്നില്ല.

മോഹൻലാൽ പറ്റില്ലെന്ന് പറഞ്ഞു

മൂന്ന് നാല് പേജുള്ള ഒരുവലിയ ഡയലോഗ് എഴുതിക്കൊടുക്കുമ്പോൾ ആർക്കും ഒരുഅങ്കലാപ്പുണ്ടാകും. മോഹൻലാൽ പ്രജ ചെയ്യുന്ന സമയത്ത് ഞാൻ നീളൻ ഡയലോഗുമായി അടുത്തുചെന്നു. അപ്പോ ലാൽ പറഞ്ഞു, അണ്ണാ എനിക്ക് അങ്ങനെ നിങ്ങൾ പറയുന്നത് അതുപോലെ പറയാനൊന്നും പറ്റില്ല. എനിക്ക് വഴങ്ങുന്ന രീതിയിലേ പറയാൻ പറ്റൂ. ഞാൻ ചോദിച്ചു അതെന്താ ലാലേ?
എനിക്ക് വായിൽ വരുന്നതേ എനിക്ക് പറയാൻ പറ്റൂ.

അപ്പോ ഞാൻ പറഞ്ഞു. അതെങ്ങനെ ശരിയാകും, ഇങ്ങനെ പറഞ്ഞാലേ അതിന്റെ ഭാവം പൂർണമായും കിട്ടു. ഇല്ലെങ്കിൽ ഉദ്ദേശ്യം മാറിപ്പോകും എന്ന  പ്രജയുമായി ബന്ധപ്പെട്ട്, ഞങ്ങൾക്കിടയിൽ ഉണ്ടാകുന്ന ആദ്യത്തെ ഒരു കമ്യൂണിക്കേഷൻ അതാണ്. ക്യാരക്ടറിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ലൊക്കേഷനിലെ ആദ്യാനുഭവം ഇതാണ്. സംഭാഷണം പറഞ്ഞുകൊടുത്തപ്പോഴാണ് അദ്ദേഹം തനിക്കൊരിക്കലും അങ്ങനെയൊന്നും പറയാൻ പറ്റില്ല എന്ന് പറയുന്നത്. എന്റെ ഒരു ഡയലോഗ് മീറ്റർ അതാണ്. എന്നാൽ ആ മീറ്റർ മമ്മൂട്ടിക്കോ സുരേഷ്‌ഗോപിക്കോ ഈസിയായി വഴങ്ങും. സുരേഷ്‌ഗോപിക്ക് എന്റെ ഡയലോഗുകൾ സെയ്ഫാണ്. ആദ്യഘട്ടത്തിലുണ്ടായ പ്ര്ശ്‌നങ്ങളെല്ലാം പിന്നീട് ഇല്ലാതായി. മോഹൻലാലിന് അതല്ല ചേരുക. എനിക്ക് തോന്നുന്നു. മോഹൻലാലിന് ഏറ്റവും ഇണങ്ങുന്നത് രഞ്ജിത്തിന്റെ ഡയലോഗാണ്. എന്റെ സംഭാഷണത്തിന് വഴങ്ങുന്നയാളല്ല. എനിക്ക് തോന്നുന്നു ലാലിന്റെ ഒരു പ്രശ്‌നമാണത്.

രാഷ്ട്രീയമാണ് സിനിമയേക്കാൾ താൽപര്യം

ടിയന്തിരാവസ്ഥക്കാലമാണ് എന്റെ പഠന കാലം. ആ കാലത്ത് എല്ലായുവാക്കൾക്കും ഒരു കടുത്ത രാഷ്ട്രീയബോധം രൂപ്പെടുന്ന സാഹചര്യമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഉള്ളിലും അത്തരം രാഷ്ട്രീയ നിലപാടുകൾ ഉണ്ടായി. മാത്രമല്ല, സിനിമയേക്കാൾ പാഷനായി രാഷ്ട്രീയത്തെ കാണ്ടിരുന്ന ഒരാളുമാണ് ഞാൻ. ഇപ്പോഴും നല്ല രാഷ്ട്രീയബോധത്തോടെയാണ് ജീവിക്കുന്നതും. എന്ന് വച്ച് ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലാനൊന്നും ഉദ്ദേശവുമില്ല. അതിലുള്ള ഇൻവോൾമെന്റ് എന്ന് പറയുന്നത് മറ്റൊരുതരത്തിലാണ്. കാരണം ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നതും താൽപര്യമുള്ളതുമായ മേഖല എന്ന നിലയിലാണ്.