ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിലുള്ള രാജേഷ്, നൂപുർ തൽവാർ ദമ്പതികളുടെ മകളായ 14 വയസ്സുകാരി ആരുഷി തൽവാറും, അവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ഹേംരാജ് ബെഞ്ചാദെയും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഇത്. 15 മെയ് 2008 നാണ് ഇരുവരേയും ജലായുവിഹാറിലെ വസതിയിൽ കൊല്ലപ്പെട്ട രീതിയിൽ കണ്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതങ്ങളായിരുന്നു ഇത്. വിദേശങ്ങളിലുൾപ്പടെയുള്ള മാധ്യമങ്ങളുടേയും ശ്രദ്ധ ഈ കേസിനു ലഭിച്ചു. മാധ്യമങ്ങൾ വിചാരണ നടത്തുകയായിരുന്നുവെന്ന് സുപ്രീംകോടതി കേസിന്റെ വിചാരണക്കിടെ നിരീക്ഷിച്ചതും ശ്രദ്ധേയമായി.

പതിനാലുകാരിയായ ആരുഷി കഴുത്തറുത്തു കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുന്നത് 2008 മെയ് 15നാണ്. നൃത്തത്തിലും സംഗീതത്തിലും പഠനത്തിലെന്ന പോലെ മിടുക്കിയായിരുന്നു ഈ ഒമ്പതാം ക്്‌ളാസുകാരി. ഡൽഹി പബ്‌ളിക് സ്‌ക്കൂളിലെ മികച്ച വിദ്യാർത്ഥികൾക്കു നല്കുന്ന ബ്‌ളൂ ബ്‌ളേസർ അംഗീകാരം നേടിയ കുട്ടി. സ്‌ക്കൂളിലെ ഔസം ഫോർസം ഡാൻസ് ഗ്രൂപ്പിന്റെ ലീഡ് ഡാൻസർ . പതിനഞ്ചാം പിറന്നാളിന് പത്തു ദിവസം മാത്രം ബാക്കി നിൽക്കെയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനു ശേഷം വീട്ടു ജോലിക്കാരന്റെ ജഡവും വീടിന്റെ ടെറസ്സിൽ കണ്ടെത്തി.

ഡോക്ടറാവുക എന്നതായിരുന്നു ആരുഷിയുടെ ആഗ്രഹം. ആറാം ക്‌ളാസുമുതൽ ആരുഷി 85 ശതമാനത്തിലധികം മാർക്കു നേടിയിരുന്നുവെന്ന് സ്‌ക്കൂൾ റെക്കോർഡുകളും സാക്ഷ്യപ്പെടുത്തുന്നു. അന്നത്തെ സമൂഹമാധ്യമമായ ഓർക്കുട്ടിലും സജീവമായിരുന്നു ആരുഷി. ലവിങ് ലൈഫ് എന്നായിരുന്നു അവളുടെ അവസാന സ്റ്റാറ്റസ് അപ്‌ഡേഷൻ. പതിനഞ്ചാം പിറന്നാളിന് വൻ ആഘോഷങ്ങളും പ്‌ളാൻ ചെയ്തിരുന്നു. പിറന്നാൾ സമ്മാനമായി പിതാവ് രാജേഷ് അവൾക്കായി ഒരു ഡിജിറ്റൽ ക്യാമറയും വാങ്ങിയിരുന്നു എന്ന പിന്നീട് അറിവായി.

പൊലീസിന്റെ അന്വേഷണത്തിൽ അപാകത കണ്ടെത്തിയപ്പോൾ കേസ് സിബിഐ.യെ ഏൽപ്പിച്ചു. വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ സിബിഐ ഈ കേസന്വേഷണം അവസാനിപ്പിക്കുകയും, പകരം സിബിഐ.യുടെ തന്നെ മറ്റൊരു സംഘത്തിന് അന്വേഷണചുമതല നൽകുകയും ചെയ്തു. പുതിയ സംഘമാണ് കൊലപാതകത്തിൽ മാതാപിതാക്കളുടെ പങ്ക് സംശയിച്ചത്. എന്നാൽ ഇവരെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ ആവശ്യത്തിനുണ്ടായിരുന്നില്ല. ആരുഷിയുടെ മാതാപിതാക്കളായ രാജേഷിനെയും, നൂപുറിനേയും അറസ്റ്റു ചെയ്യാൻ വേണ്ടത്ര തെളിവുകൾ സിബിഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ടെന്ന് കോടതി കണ്ടെത്തി.

ഇതിനെ തുടർന്ന് സിബിഐ ആരുഷിയുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302(കൊലപാതകം), 201(തെളിവ് നശിപ്പിക്കൽ),203(തെറ്റായ വിവരം നൽകൽ) എന്നീ വകുപ്പുകൾ ചുമത്തി രാജേഷിനേയും നൂപുറിനേയും ജീവപര്യന്തം തടവിന് ഗസ്സിയാബാദ് കോടതി ശിക്ഷിച്ചു.  ഈ ശിക്ഷയാണ് സംശയത്തിന്റെ ഇളവിൽ ഇന്ന് റദ്ദു ചെയ്യപ്പെട്ടത്.

കേസിന്റെ നാൾവഴി

2008മെയ് 16: ദന്തൽ ഡോക്ടർമാരായ രാജേഷ് തൽവാറിന്റെയും നുപൂറിന്റെയും ഏകമകൾ ആരുഷി തൽവാറിനെ കിടപ്പുമുറിയിൽ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീട്ടു ജോലിക്കാരൻ ഹോം രാജെന്ന സംശയത്തിൽ പൊലീസ്.
മെയ് 17: വീട്ടുജോലിക്കാരൻ ഹോംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിൽ കണ്ടെത്തി.
മെയ് 20: മുൻ വീട്ടുജോലിക്കാരൻ വിഷ്ണു ശർമയിലേക്ക് അന്വേഷണം.
മെയ് 22: വീട്ടുജോലിക്കാരനും ആരുഷിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കുടുംബത്തിന്റെ മാനം കാക്കാനുള്ള കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്.
മെയ് 23: ആരുഷിയുടെ പിതാവ് രാജേഷ് തൽവാർ അറസ്റ്റിലാകുന്നു.
ജൂൺ 1: അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു
ജൂൺ 13: രാജേഷ് തൽവാറിന്റെ വീട്ടുജോലിക്കാരൻ കൃഷ്ണ അറസ്റ്റിൽ
ജൂൺ 20: രാജേഷ് തൽവാറിന് നുണ പരിശോധന
ജൂൺ 25: നുപൂർ തൽവാറിനും നുണ പരിശോധന
ജൂൺ 26: കേസ് തെളിവില്ലാത്തതെന്ന് സിബിഐ
ജൂലൈ 3: പ്രതികളുടെ നാർക്കോ അനാലിസിസ് ടെസ്റ്റിന്റെ നടത്തിപ്പ് ചോദ്യം ചെയ്ത് ഹരജി സുപ്രീംകോടതി തള്ളി
ജൂലൈ 11: വീട്ടു ജോലിക്കാരൻ കൃഷ്ണ, സുഹൃത്തുക്കളായ രാജ്കുമാർ, വിജയ് മണ്ഡൽ എന്നിവർ പ്രതികളെന്ന് സിബിഐ
2010 ജനുവരി 5: തൽവാർ ദമ്പതിമാരെ നാർക്കോ ടെസ്റ്റിന് വിധേയരാക്കണമെന്ന് സിബിഐ
ഡിസംബർ 29: കേസ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും രക്ഷിതാക്കൾക്ക് തന്നെ പങ്കെന്നും സിബിഐ
2011 ഫെബ്രുവരി 25: ആരുഷിയുടെ മതാപിതാക്കളെ കൊലപാതകത്തിൽ പ്രതി ചേർക്കാൻ ഉത്തരവ്
മാർച്ച് 18: പ്രതി ചേർക്കാനുള്ള കീഴ്‌കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹരജി അലഹാബാദ് ഹൈക്കോടതി തള്ളി
മാർച്ച് 19: തല്ഡവാർ ദമ്പതികൾ സുപ്രീംകോടതിയിലേക്ക്
2012 ജനുവരി ആറ്: തൽവാർ ദമ്പതകളുടെ ഹരജി സുപ്രീംകോടതി തള്ളി
2013 നവംബർ 12: അന്തിമ വാദം പൂർത്തിയായി
നവംബർ 25: കൊലപാതകത്തിൽ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി
2017 ഒക്ടോബർ 12 : കൊലപാതകത്തിൽ തൽവാർ ദമ്പതികൾ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി


തുടക്കത്തിൽ തന്നെ കേസന്വേഷണത്തിൽ പൊലീസ് അലംഭാവം കാട്ടിയതിനാൽ അടിസ്ഥാന തെളിവുകൾ നഷ്ടപ്പെട്ടിരുന്നു. കൊലപാതകം സ്ഥിരീകരിച്ചെങ്കിലും കൊല ചെയ്യാനുപയോഗിച്ച ആയുധം കണ്ടെത്താനാവാത്തത് കോടതിയിൽ പ്രോസിക്യൂഷന്റെ ഭാഗം വളരെ ദുർബ്ബലമാക്കി. എങ്കിലും സാഹചര്യ തെളിവുകൾ കോർത്തിണക്കിയാണ് സിബിഐ കേസ് തെളിയിച്ചതും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടടുത്തതും. പക്ഷേ മേൽക്കോടതി ഈ വാദങ്ങൾ തള്ളി സംശയത്തിന്റെ ആനുകൂല്യമാണ് പ്രതികൾക്ക് നല്കിയിരിക്കുന്നത്. അപ്പോൾ ന്യായമായും ഉയരുന്ന ചോദ്യം ഇതാണ്. ആരുഷിയെ ആരാണ് കൊന്നത്