മുംബൈ: പാക്കിസ്ഥാനിൽ അഭയം തേടി അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ പൊളിച്ച് അവിടെ ശൗചാലയം നിർമ്മിക്കുമെന്ന് ഹിന്ദുമഹാസഭാ നേതാവ്. അഖിലേന്ത്യ ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഭെണ്ടി ബസാറിലെ ഡെൽഹി സെയ്ക എന്നപേരിൽ അറിയപ്പെടുന്ന ഹോട്ടൽ റോണക് അഫ്രോസ് വർഷങ്ങൾക്ക് മുമ്പ് സർക്കാർ കണ്ടുകെട്ടിയതാണ്. ദാവൂദിന്റേതായി അഞ്ച് വസ്തുവകകളും കൂട്ടത്തിൽ കണ്ടുകെട്ടിയിരുന്നു. ഇവയെല്ലാം ലേലം ചെയ്യാനാണ് തീരുമാനം. 2015ൽ ലേലത്തിൽ വെച്ചിരുന്നെങ്കിലും ഭീതികാരണം ലേലത്തിലെടുക്കാൻ ആരും തയ്യാറായിരുന്നില്ല.

ഈ അവസ്ഥ മാറ്റാനാണ് താൻ ശ്രമിക്കുന്നതെന്ന് സ്വാമി ചക്രമപാണി പറയുന്നു. ദാവൂദിനെ ഇന്ത്യൻ സർക്കാരുകളാണ് ഭീകരനായി ചിത്രീകരിച്ച് ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നതെന്ന് ചക്രപാണി പറയുന്നു. അതുകൊണ്ടാണ് ആരും ദാവൂദിന്റെ ആസ്തികൾ ലേലംകൊള്ളാൻ എത്താത്തതെന്നും അദ്ദേഹം പറഞ്ഞു. ദാവൂദിനെപ്പോലെയുള്ള ഭീരുക്കളെ പേടിക്കേണ്ടതില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ദാവൂദിന്റെ ആസ്തികൾ ലേലത്തിൽ പിടിക്കുന്നവർക്ക് താൻ ലേലത്തുകയുടെ 10 ശതമാനം നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തനിക്ക് ദാവൂദിനോട് വ്യക്തിപരമായി യാതൊരു വിരോധമില്ലെന്നും എന്നാൽ ദാവൂദിനോടുള്ള ഭീതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ദാവൂദുമായി ബന്ധപ്പെട്ട ആസ്തികൾ ലേലംകൊള്ളുന്നതെന്നും അവ ജനങ്ങൾക്ക് ഉപയോഗപ്രദമായി രീതിയിൽ ഉപയോഗിക്കുമെന്നും ചക്രപാണി പറയുന്നു.

നേരത്തെയും ദാവൂദിന്റെ വസ്തുവകകൾ ലേലത്തിൽ എടുത്തിട്ടുണ്ട് ചക്രപാണി. നേരത്തെ 2015 ൽ ദാവൂദിന്റെ കാർ ഇദ്ദേഹം ലേലത്തിൽ പിടിച്ചിരുന്നു. തുടർന്ന് ഇത് ഗസ്സിയാബാദിൽ ജനമധ്യത്തിൽ വെച്ച് കത്തിച്ചുകളഞ്ഞിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന് ദാവൂദ് അനുയായികളിൽ നിന്ന് വധഭീഷണികൾ ഉണ്ടായിട്ടുണ്ട്.