വർഷങ്ങളായി നടത്താറുള്ള പാലക്കാടൻ സന്ദർശനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഈ യാത്ര പാലക്കാടുള്ള സുഹൃത്ത് അഗളിയെപ്പറ്റി വാചാലമായി സംസാരിച്ചപ്പോൾ ഇതുവരെ കേട്ടിരുന്ന 'അത്തപാടി' പ്രയോഗം, അഗളി അഥവാ അട്ടപ്പാടി എന്ന ഗോത്രസംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഈ പ്രദേശത്തിന് ഒട്ടും തന്നെ യോജിക്കുന്നില്ല എന്ന് സന്ദർശനവേളയിൽ വ്യക്തമായി.

പാലക്കാട് നിന്നും സുഹൃത്തായ രാജകുമാറിന്റെ കാറിൽ ഭാര്യയോടൊപ്പമുള്ള യാത്ര, ഇവിടെ നിന്നും നാൽപ്പതു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മണ്ണാർക്കാട് എത്തിയപ്പോൾ സമയം രാവിലെ പത്ത് കഴിഞ്ഞിരുന്നു. മണ്ണാർക്കാട് ഒരു പ്രധാനപ്പെട്ട ഇടത്താവളമാണ്. ഇവിടെ നിന്ന് സൈലന്റ്‌വാലിയിലേക്ക് ഏകദേശം നാൽപ്പത്തിമൂന്നു കിലോമീറ്റർ ഉണ്ട്. മാത്രമല്ല, കാഞ്ഞിരംപുഴ ഡാമിലേക്ക് ഇവിടെ നിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. കാഞ്ഞിരപ്പുഴ ഡാം സ്ഥിതിചെയ്യുന്ന സ്ഥലം പ്രകൃതിഭംഗിയാലും കുളിർമയേകുന്ന കാലാവസ്ഥയാലും പാലക്കാടിന്റെ തീക്ഷണമായ ചൂടിൽ നിന്നും സന്ദർശകർക്കു മനസ്സിനും ശരീരത്തിനും മുക്തിയേകുന്നു. ഡാമിനോട് ചേർന്ന് മനോഹരമായ ഒരു പൂന്തോട്ടവും ഈ സ്ഥലത്തെ കൂടുതൽ മനസ്സിനോട് അടുപ്പിക്കുന്നു.

പ്രശസ്തമായ ശിരുവാണി ഡാമും ഇതിനോട് ചേർന്നുള്ള റിസർവ് വനവും പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഭൂപ്രദേശങ്ങളാണ്. ഇവിടെ അടുത്ത് സ്ഥിതി ചെയ്യുന്ന ശീരുവാണി വെള്ളച്ചാട്ടം കൂടി ആകുമ്പോൾ സഞ്ചാരികൾക്ക് പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒന്നായി മാറുന്നു ഈ വനമേഖല. ശീരുവാണി വെള്ളം പണ്ടേ പ്രസിദ്ധമാണ്. സീൽ ചെയ്ത കുപ്പികളിൽ ലഭിക്കുന്ന വെള്ളം ഇപ്പോൾ സുലഭമാണെങ്കിലും വർഷങ്ങൾക്കുമുൻപ് ശിരുവാണി വെള്ളം മാത്രമേ ഈ വിധത്തിൽ ലഭ്യമായിരുന്നുള്ളു.

മണ്ണാർക്കാട് നിന്നും അഗളിയിലേക്ക് മലഞ്ചെരുവുകളിലൂടെ യാത്ര ഹൃദ്യമായ ഒരു അനുഭവമായി. പാലക്കാടിന്റെ ഉഷ്ണത്തിൽ നിന്നു മോചനം മാത്രമല്ല സൈലന്റ് വാലിയുടെ അതിർവരമ്പുകളെ പലപ്പോഴും മുറിച്ചുകൊണ്ടായിരുന്നു മുന്നോട്ടുള്ള യാത്ര. വഴിയോരത്ത് പലയിടങ്ങളിലും നീർച്ചാലുകളും ചെറുവെള്ളച്ചാട്ടങ്ങളും ദൃശ്യചാരുതയേകി. അഗളി ടൗണിൽ എന്റെ സുഹൃത്തിന്റെ ഒരു പരിചയക്കാരൻ ആയ ഷൈൻ ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു. ടൗണിൽ സ്ഥിര താമസമാക്കിയതിനാൽ ഷൈൻ എല്ലാ രീതിയിലും ഞങ്ങൾക്ക് ഒരു അനുഗ്രഹമായി.

നീലഗിരി മലനിരകൾ അതിരു പങ്കിടുന്ന അട്ടപ്പാടി ചുരം കയറിയാൽ മുക്കാലി എന്ന സ്ഥലത്തെത്താം. അവിടെ നിന്നും സൈലന്റ് വാലിയിൽ ഉത്ഭവിക്കുന്ന ഭവാനിപ്പുഴയുടെ തീരത്തുകൂടി നടന്നാൽ ചെമ്മണൂർ ആയി. മല്ലിശ്വരമുടി എന്ന മല കടന്ന് കോട്ടത്തറയിൽ എത്താനാകും. ഇവിടെ നിന്നും മലമ്പാതകൾ താണ്ടി ഊട്ടിയിൽ എത്താം. ദുർഘടമെങ്കിലും അതീവ സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഈ യാത്രയിൽ ആസ്വദിക്കാനാകും. അതിനായി വേണ്ട തയ്യാറെടുപ്പുകളോടെയാവണം യാത്ര എന്നു മാത്രം.

ഷൈൻ ഞങ്ങളെയും കൂട്ടി കൊണ്ടു പോയത് ഭവാനിപ്പുഴയും ശിരുവാണി പുഴയും സംഗമിക്കുന്ന കൂടപ്പട്ടി എന്ന സ്ഥലത്തേക്കായിരുന്നു. ഇവിടെ സാധാരണഗതിയിൽ സന്ദർശകർക്ക് പ്രവേശനം ലഭിക്കാറില്ല. കാരണം ഈ സ്ഥലത്തെത്താൻ ഒരു സ്വകാര്യ വസ്തുവിലൂടെ കാൽനടയായി പോകേണ്ടിവരും എന്നതുകൊണ്ടു തന്നെ. ഷൈനിന് പരിചയം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് ഈ അസുലഭ അവസരം കൈവന്നു. ഭവാനിപ്പുഴ കേരളത്തിലൂടെ കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളിൽ ഒന്നാണ് എന്ന പ്രത്യേകത കൂടി ഉണ്ട്. ശിരുവാണി പുഴയും ഭവാനിപ്പുഴയും സംഗമിക്കുന്ന സ്ഥലത്ത് വെള്ളം നിശ്ചലമായിരുന്നു. ശിരുവാണിയുടെ ജലം കുറച്ച് കലങ്ങിയതായിരുന്നുവെങ്കിൽ ഭവാനിയുടേത് തെളിഞ്ഞതുമായിരുന്നു. നേരത്തെ പറഞ്ഞത് പോലെ ഈ അസുലഭ അവസരം ഞങ്ങൾ കുളിച്ചും തിമിർത്തും ശരിക്കും ആസ്വദിച്ചു. കുറച്ചു മുന്നിലായി കെടങ്ങരപള്ളം എന്ന പന്ത്രണ്ട് കി.മി മാത്രം നീളമുള്ള പുഴയും ഭവാനിയുമായി സംഗമിക്കുന്നു. അതുകൊണ്ട് കൂടപ്പട്ടി മൂന്നു നദികളുടെ സംഗമ ഭൂമി കൂടിയാണ്. ഭവാനി തമിഴ്‌നാട്ടിലെ ഈറോഡിൽ വച്ച് കാവേരിയുമായി ലയിക്കുന്നു.

ഭവാനിപ്പുഴ കൊടുംവേനലിൽ വറ്റുമ്പോൾ അട്ടപ്പാടിയുടെ മക്കൾ ദുരിതത്തിലാകും. നദികൾ രാജ്യത്തിന്റെ ജീവരക്തം പേറുന്ന പുണ്യ സ്രോതസ്സുകളാണ്. ഇത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. കേരളം നദികളാൽ സമ്പന്നമാണെങ്കിലും ജലക്ഷാമം പല സ്ഥലങ്ങളിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നദികൾ സംരക്ഷിക്കപ്പെടേണ്ടത് ഒരു ജനതയെ സംബന്ധിച്ചിടത്തോളം അതിജീവന പേരാട്ടങ്ങളുടെ ഭാഗമാകേണ്ടതുണ്ട്. ഇവിടെയുള്ള പല ആദിവാസി ഊരുകളും സന്ദർശിച്ചപ്പോൾ ഒരു കാര്യം വ്യക്തിമായിരുന്നു. അട്ടപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അനിയന്ത്രിതമായ മരം മുറിക്കൽ തന്നെയാണ്. നിബിഡ വനങ്ങളാൽ അട്ടപ്പാടി കുന്നുകൾ സമൃദ്ധമായിരുന്ന ഒരു കാലം ഇവിടുത്തെ കാട്ടു മൂപ്പന്മാർ ഓർക്കുന്നു. പണക്കൊഴുപ്പിന്റെയും, മറ്റ് സ്വാധീനങ്ങൾ ഉപയോഗിച്ചും ഇവിടുത്തെ പച്ചപ്പ് തുടച്ച് മാറ്റിയതിന്റെ തിക്ത ഫലങ്ങൾ ഈ തലമുറ അനുഭവിച്ചറിയുന്നു. പുഴകൾ വറ്റുന്നതിന്റെ കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടുത്തെ കുന്നുകൾ പച്ചപിടിപ്പിക്കുന്നതിനായി സാംസ്‌കാരിക നായകരും സംഘടനകളും നടത്തിവരുന്ന പ്രവർത്തനങ്ങൾ ആശക്ക് വക നൽകുന്നുണ്ടെങ്കിലും ഭാവിയിൽ വരൾച്ചയുടെ കെടുതികളിൽ നിന്നും ഇവിടുത്തെ തദ്ദേശവാസികൾക്ക് മോചനം ലഭിക്കാൻ ഭവനാപരമായ പ്രവർത്തികൾ ആവശ്യമാണ്.

പുഴയിൽ നിന്നു കയറി തിരികെ നടക്കുമ്പോൾ ആനയുടെ ചിന്നം വിള കേൾക്കാമായിരുന്നു രാത്രി ആന ശല്യം രൂക്ഷമാണത്രേ. വനത്തിൽ ജലത്തിന്റെയും ആഹാരത്തിന്റെയും ദൗർലഭ്യം മൃഗങ്ങളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് തള്ളി വിടുന്നു. ഇവിടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതിജീവനത്തിന്റെ പോരാട്ടങ്ങൾ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു.

കുറയുന്ന വനവിഭവങ്ങൾക്ക് കാരണം വനനശീകരണം തന്നെയാണ്. വനം വകുപ്പിന്റെ അവസാനത്തെ സർവ്വേ അനുസരിച്ചുള്ള കേരളത്തിൽ ഒൻപതിനായിരം സ്‌ക്വയർ കിലോമീറ്റർ റിസർവ് വനം മാത്രമേ ബാക്കിയുള്ളൂ. മൊത്തം വനഭൂമി, കണക്ക് പ്രകാരം പതിമൂവായിരം സ്‌ക്വയർ കിലോമീറ്റർ ആണെങ്കിലും ബാക്കി ഭാഗം നിക്ഷിപ്ത വനവും, തോട്ടമേഖലകളും ഉൾപ്പെട്ട പ്രദേശങ്ങൾ ചേർത്തുള്ളവയാണ്. ഇത് ചൂണ്ടുന്നത് കേരളവും ഭാരതവും മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതും, നേരിടാൻ പോകുന്നതുമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കാണ്.

ഇവിടെ പ്രധാനമായും തദ്ദേശീയരായ ഉരുളർ, മുധുഗർ, കുറുമ്പർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഗോത്രവർഗക്കാരാണ് വസിക്കുന്നത്. ഇതിൽപ്പെട്ട ഒരു വ്യക്തിയുടെ പറമ്പിലൂടെ നടന്നപ്പോൾ വിവിധതരം പച്ചക്കറികൾ, തനതായ സസ്യങ്ങൾ എന്നിവ കാണാൻ സാധിച്ചു. ഒരു ചാക്ക് നിറയെ നാടൻ നെല്ലിക്കയും തന്ന് ഞങ്ങളെ യാത്രയാക്കുമ്പോൾ, പ്രശ്‌നങ്ങളുടെ നടുവിൽ ജീവിക്കുന്ന ആ കുടുംബം നന്മയുടെ പ്രതീകമായി മനസ്സിൽ തങ്ങി നിന്നു.

 (സി കെ വേണുഗോപാൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ്.)