- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ വി ഗോപിനാഥിന്റെ 'ചെരുപ്പുനക്കൽ' പരാമർശം ദൗർഭാഗ്യകരം; അച്ചടക്കലംഘനം നടത്തുന്ന തരത്തിൽ ഒരു പരാമർശവും അദ്ദേഹം നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ; ഗോപിനാഥ് താഴേത്തട്ടിൽ നിറഞ്ഞുനിന്ന പ്രവർത്തിച്ചിട്ടുള്ള നേതാവെന്ന് എ വിജയരാഘവനും; നേതാവിന്റെ നീക്കം ശ്രദ്ധിച്ച് മുന്നണികൾ
കോഴിക്കോട്: ഡിസിസി അധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച് കോൺഗ്രസിൽ ഒരു പൊട്ടിത്തെറിയുമില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ. പാലക്കാട് എ.വി ഗോപിനാഥിന്റെ കാര്യം പാർട്ടിയിൽ അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞതാണ്. ഗോപിനാഥിന്റെ പിണറായിയെ പുകഴ്ത്തിയുള്ള പരാമർശങ്ങൾ ദൗർഭാഗ്യകരമായിപ്പോയി എന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ പറയുന്ന പിണറായി വിജയന്റെ ചെരുപ്പ് നക്കും എന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്. എന്ന് കരുതി അദ്ദേഹത്തിന് തീരുമാനം പുനഃപരിശോധിക്കുന്നതിനും തിരിച്ച് വരുന്നതിനും തടസ്സമില്ല. അച്ചടക്കലംഘനം നടത്തുന്ന തരത്തിൽ ഗോപിനാഥ് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
മുൻപ് ഉമ്മൻ ചാണ്ടിയും കെ.സുധാകരനും ഗോപിനാഥുമായി ചർച്ച നടത്തിയതാണ്. മാന്യമായ സ്ഥാനം കോൺഗ്രസിൽ അദ്ദേഹത്തിന് നൽകുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. ഡിസിസി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ കഴിഞ്ഞതെന്നും കെപിസിസി ഭാരവാഹി പട്ടിക വരാനുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിനെ സ്നേഹിക്കുന്നവർക്കും പാർട്ടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവർക്കും ലിസ്റ്റിൽ പരാതിയുണ്ടാകില്ല. സോണിയ ഗാന്ധി ഒപ്പിട്ട ഒരു ലിസ്റ്റ് അംഗീകരിക്കുക എന്നതാണ് കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ച് പ്രധാനം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതിർന്ന നേതാക്കളാണെന്നും ഇരുവരുടേയും വിലപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്പി.യെ സംബന്ധിച്ച് ചില പ്രയാസങ്ങളുണ്ടെന്നത് വസ്തുതയാണ്. അവർ മത്സരിച്ച അഞ്ച് സീറ്റിൽ ഒന്നിൽ പോലും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. തോൽവിയിലെ ഉത്തരവാദിത്തം കോൺഗ്രസിനും ഉണ്ടെന്ന് അവർ പറയുന്നു. ചർച്ച ചെയ്ത് കാര്യങ്ങൾ പരിഹരിക്കുമെന്നും ആർഎസ്പിയെ കാലുവാരിയ ഒരു കോൺഗ്രസുകാരനും പാർട്ടിയിലുണ്ടാകില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം ഡിസിസി വിവാദം കോൺഗ്രസിന്റെ തകർച്ചയുടെ വേഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു.പുതിയ നിയമന വിവാദത്തോടെ കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ച് ഗ്രൂപ്പായി വളർന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ദേശീയ തലത്തിൽ തന്നെ തകരുന്ന കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർധിപ്പിക്കുന്ന ഒരു കാരണം കൂടിയാണ് ഡിസിസി വിവാദം. കേരളത്തിൽ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങൾ യുഡിഎഫിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും.
എ.വി ഗോപിനാഥ് പാലക്കാട് ജില്ലയിലെ താഴേത്തട്ടിൽ നിറഞ്ഞുനിന്ന പ്രവർത്തിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹം കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുള്ള കോൺഗ്രസ് പ്രവർത്തകന്റെ സ്വരമാണ് എ.വി ഗോപിനാഥിന്റേതെന്നും വിജയരാഘവൻ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ