- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവെച്ചു; നാളെ എന്താകുമെന്ന് പറയാൻ സാധിക്കില്ലെന്നും വാക്കുകൾ; ഒരു പാർട്ടി നേതാവുമായി ബന്ധപ്പെട്ടിട്ടില്ല; ഒരു നേതാവിന്റെയും അടുക്കളയിലെ എച്ചിൽ തിന്ന് ശീലമില്ലെന്നും മുതിർന്ന നേതാവ്
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവായ എ വി ഗോപിനാഥ് പാർട്ടി വിട്ടു. ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിന് പിന്നാലെയാണ് ഗോപിനാഥ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. കോൺഗ്രസിൽ നിന്നുള്ള പ്രാഥമിക അംഗത്വം രാജിവെക്കുന്നതാണ് ഗോപിനാഥ് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മാസങ്ങളായി തന്നെ മനസ്സിൽ നിലനിന്നിരുന്ന സംഘർത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താൻ എടുത്തതെന്നും ഗോപിനാഥ് അറിയിച്ചു. പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനം. ഞാൻ എവിടേക്ക് പോകുന്നുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. കോൺഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവയ്ക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവിനടപടികൾ തീരുമാനിക്കും. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.ഗോപിനാഥ് വ്യക്തമാക്കി.
15 വയസ്സ് മുതൽ കോൺഗ്രസാണെന്റെ ജീവനാഡി. 43 വർഷം കോൺഗ്രസിന്റെ ഉരുക്കു കോട്ടയായി പെരിങ്ങോട്ടുകുറിശ്ശിയെ താൻ നിലനിർത്തി. മനസ്സിനെ തളർത്തുന്ന സാഹചര്യമായിരുന്നു എല്ലാ ദിവസവും. പ്രതീക്ഷക്കനുസരിച്ച് നേതാക്കൾക്ക് ഉയരാൻ കഴിയുന്നില്ല എന്ന ചിന്ത ദീർഘനാളായി തന്നെ അലട്ടുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ്സ് പറയുന്നുണ്ടായിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ശരിയാണ് അതിനെ താൻ അംഗീകരിക്കുന്നു. കോൺഗ്രസിന്റെ മുന്നോട്ടുള്ള യാത്രയിൽ ഞാൻ തടസ്സക്കാരനാണോ എന്ന സംശയമുണ്ടായിരുന്നു. ആ സംശയത്തിന് തീർപ്പുണ്ടാക്കുകയാണ്. നിരന്തര ചർച്ചകൾക്ക് ശേഷമാണ് താൻ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതാണ് തന്റെ അന്തിമ തീരുമാനം. കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും താൻ രാജിവച്ചതായി പ്രഖ്യാപിക്കുന്നു.- ഗോപിനാഥ് പറഞ്ഞു.
ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. വിശദമായ വിശകനലങ്ങൾക്കും ആലോചനകൾക്കും ശേഷം എന്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ താൻ പോകുന്നില്ല. എച്ചിൽ നക്കിയ ശീലം ഗോപിനാഥിന്റെ നിഘണ്ടുവിലില്ല. പ്രത്യേക ജനുസ്സാണ് താനെന്ന് പലരും പറയും. പ്രത്യേക ജനുസ്സായതിനാലാണ് ഞാൻ കോൺഗ്രസിനൊപ്പം നിന്നത്. ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു. എല്ലാവർക്കും നന്ദി പറയുന്നു.
സി പി എം ഉൾപ്പടെ ഉള്ള പാർട്ടികളുമായി അയിത്തമില്ല. തനിക്കൊപ്പമുള്ള ഒരാളെയും കോൺഗ്രസ് മാറാൻ പ്രേരിപ്പിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് വിട്ട ഗോപിനാഥിന്റെ തട്ടകം സിപിഎം ആകുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേരത്തെ അനിൽ അക്കരയെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായിയെ വിജയനെ പുകഴ്ത്തിയും കോൺഗ്രസ് നേതാവ് എവി ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നും പറഞ്ഞിരുന്നു.
അതേസമയം അനിൽ അക്കരയ്ക്കെതിരെ രൂക്ഷ ഭാഷയിലാണ് ഗോപിനാഥ് വിമർശനമുന്നയിച്ചത്. അനിൽ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാം എന്ന് എ.വി ഗോപിനാഥ് പറഞ്ഞു. ഡിസിസി പ്രസിഡന്റും കെപിസിസി ഭാരവാഹിയും അടക്കമുള്ള പദവികൾ പാർട്ടി നൽകിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്റ് ആകുവാൻ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനിൽ അക്കരെ വിമർശിച്ചിരുന്നു.
മുൻ ആലത്തൂർ എംഎൽഎയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുൻ ഡി.സി.സി അധ്യക്ഷൻ കൂടിയായിരുന്ന ഗോപിനാഥ്, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു. അന്ന് ഉമ്മൻ ചാണ്ടിയും കെ സുധാകരനും ഗോപിനാഥിനെ കാണാനെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ, അന്ന് നടത്തിയ അനുരജ്ഞനത്തിന്റെ ഭാഗമായി പാലക്കാട് ഡിസിസി അധ്യക്ഷ പദവിയാണ് ഗോപിനാഥ് പ്രതീക്ഷിച്ചത്. എന്നാൽ കെ സി വേണുഗോപാലിന്റെ നോമിനിയായി എ തങ്കപ്പനാണ് അധ്യക്ഷ പദവിയിൽ എത്തിയത്. ഇതോടെയാണ് ഗോപിനാഥ് കോൺഗ്രസിൽ നിന്നും പുറത്തേക്കുള്ള വഴി തിരഞ്ഞെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ