- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിൽ; കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണിത്; കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല; കെപിസിസി അധ്യക്ഷനെതിരെ എ വിജയരാഘവൻ
തിരുവനന്തപുരം: കോൺഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള വാക്കുകളാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഭാഗത്ത് നിന്ന് വരുന്നത് എന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയാണ്. രാഷ്ട്രീയക്കാർ അങ്ങനെ സംസാരിക്കില്ല എന്നും വിജയരാഘവൻ പ്രതികരിച്ചു.
കുറച്ച് ദിവസമായി കെപിസിസി അധ്യക്ഷന്റെ വികട ഭാഷണം കേൾക്കുന്നു. കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടത് എന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.
അതേസമയം, മുഖമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് കെ സുധാകരൻ ഇന്ന് മറുപടി നൽകും. മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്ന് പിണറായി വിജയൻ ഇന്നലെ ആരോപിച്ചിരുന്നു.
ഇക്കാര്യത്തിലുൾപ്പെടെ വാർത്ത സമ്മേളനം വിളിച്ച് മറുപടി നൽകും എന്നാണ് സുധാകരൻ ഇന്നലെ വ്യക്തമാക്കിയത്. രാത്രി ആലുവയിലെത്തിയ സുധാകരൻ ആലുവയിലോ കൊച്ചിയിലോ ആയിരിക്കും വാർത്താ സമ്മേളനം നടത്തുക. ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ പരാമർശം പിണറായി തള്ളിയിരുന്നു. ഇക്കാര്യത്തിലും വിശദീകരണം ഉണ്ടാകും.
അതിനിടെ കെ സുധാകരനെതിരെ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ ക്യാമ്പസ് കഥകളല്ല പറയേണ്ടത്. ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല. സുധാകരനെ അധ്യക്ഷനാക്കും മുൻപേ ആശങ്ക നേതൃത്വത്തെ അറിയിച്ചിരുന്നു. പിണറായി വിജയനെ സുധാകരൻ അടിച്ചിട്ട കഥ താൻ മുമ്പ് കേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ പ്രതികരിച്ചു.
1965-66 കാലഘട്ടത്തിൽ കെ സുധാകരൻ ബ്രണൻ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുമായി നിരവധി രാഷ്ട്രീയ സംഘടനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പിണറായി വിജയനെ അടിച്ചിട്ട കഥ അറിയില്ലെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന ആരോപണവും മുമ്പ് കേട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെപിസിസി അധ്യക്ഷനെന്ന സ്ഥാനത്ത് നിന്ന് കൊണ്ട് ക്യാമ്പസ് കഥകൾ പറയുന്നത് കോൺഗ്രസിന് ഗുണകരമാവില്ല. ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കെപിസിസി അധ്യക്ഷ പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ