തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ നീക്കത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പിന്തുണച്ചു കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി നേരിടേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് സമാന്തര ഭരണം സ്ഥാപിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതായും വിജയരാഘവൻ ആരോപിച്ചു.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധങ്ങളായി മാറി. ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടും. അന്വേഷണ സംഘത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കേരളത്തിനും എതിരാണ്. എല്ലാ നിയമത്തിനും മുകളിലാണ് കേന്ദ്ര ഏജൻസികൾ എന്നുവന്നാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും കേന്ദ്ര ഏജൻസികൾ പുതിയ കഥയുമായി രംഗത്തുവരുകയാണ്. കഥകൾ തയ്യാറാക്കുക, തയ്യാറാക്കിയ തിരക്കഥ ചോർത്തി നൽകുക. ഈ നിലയിൽ രാഷ്ട്രീയ പ്രവർത്തനമാണ് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. ഇതിനെതിരേ ദേശീയ തലത്തിൽ പ്രതിഷേധം ഉയർത്തുമെന്നും തെറ്റ് ചൂണ്ടിക്കാണിച്ച് വസ്തതുകൾ സമൂഹത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുന്ന ഈ സാഹചര്യം മനസിലാക്കി വീണ്ടും രാഷ്ട്രീയ ആയുധമായി കേന്ദ്ര ഏജൻസികൾ മാറി. അധികാരങ്ങൾക്ക് അപ്പുറത്തേക്ക് സമാന്തര ഭരണം സ്ഥാപിച്ച് ബിജെപിയെ സഹായിക്കുയാണ് അവർ. ഇത് ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അയ്യപ്പൻ കസ്റ്റംസിന് മുന്നിലെത്തിയത്. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ പ്രത്യേക പരിരക്ഷയില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ്, ഇന്നലെ വീണ്ടും നോട്ടീസ് നൽകിയതോടെ ഇന്നു ഹാജരാകാൻ തീരുമാനിക്കുകയായിരുന്നു.

റൂൾസ് ഒഫ് ബിസിനസ് 165 ചട്ടപ്രകാരം സ്പീക്കറുടെ ജീവനക്കാർക്കും പരിരക്ഷ ബാധകമാണെന്ന് നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നൽകിയ കത്ത് സ്വീകാര്യമല്ലെന്ന് കസ്റ്റംസ് മറുപടി നൽകുകയായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല ചട്ടം 165 എന്ന് മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. സെക്രട്ടറിയെ ചോദ്യംചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്ന് കസ്റ്റംസ് വ്യക്തമാക്കുകയും ചെയ്തു.