- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജ ബില്ലിലൂടെ യുഡിഎഫ് നാട്ടുകാരെ പറ്റിക്കാൻ ശ്രമിക്കുന്നു; ശബരിമലവിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കിമ്പോൾ ഏത് നിയമം അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കാൻ പോകുന്നത്? കോൺഗ്രസിനെ വിമർശിച്ച് എ വിജയരാഘവൻ; ശബരിമല യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടാകും; നിയമ നിർമ്മാണം സാധ്യമല്ലെന്ന വാദം തെറ്റെന്ന് മുല്ലപ്പള്ളിയും
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല ആചാര സംരക്ഷണത്തിന് കരട് നിയമം തയ്യാറാണെന്ന കോൺഗ്രസ് നേതാക്കളുടെ പ്രഖ്യാപനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിന് ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ചുള്ള അവ്യക്തതയാകാം ഒരുപക്ഷേ ഇത്തരമൊരു സമീപനം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലവിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഏത് നിയമം അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കാൻ പോകുന്നത്? ഒന്നാമത് അവർ അധികാരത്തിൽ ഇല്ല. ഇനിയിപ്പോ അധികാരത്തിൽ വരുമെന്ന് വിചാരിച്ചാണെങ്കിൽ വരാനും പോകുന്നില്ല. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിച്ചിരിക്കുന്ന വിഷയത്തിൽ നിയമം നിർമ്മിക്കാനാവില്ല. കോടതി തീരുമാനിച്ചാൽ അതിനനുസരിച്ച് പ്രവർത്തിക്കും. അതാണ് നിയമവാഴ്ചയെന്നത്. അതനുസരിച്ച് പ്രവർത്തിക്കും എന്നതാണ് ഇടതുപക്ഷ നിലപാട്.- അദ്ദേഹം പറഞ്ഞു.
ഇവിടെ നിയമവിരുദ്ധമായി പ്രവർത്തിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. കോടതിയുടെ തീരുമാനത്തിന് മുകളിൽ അത്തരമൊരു നിയം നിർമ്മിക്കാനാവില്ല എന്ന വസ്തുത മറച്ചുവച്ച് നാട്ടുകാരെ പറ്റിക്കുക എന്ന സ്ഥിരം കാര്യപരിപാടിയുടെ ഭാഗമാണ് ഇത്. നാട്ടുകാരെ പറ്റിച്ച് ഉപജീവനം കഴിക്കുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ഇത്. കോടതി വിധി അനുസരിച്ചേ സർക്കാരിന് പെരുമാറാൻ പറ്റുള്ളു. സിപിഎമ്മിന് ഇക്കാര്യത്തിൽ സുവ്യക്തമായ നിലപാടാണ്. തട്ടിപ്പുകൾ ജനങ്ങൾ തിരിച്ചറിയും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല നിയമനിർമ്മാണം യുഡിഎഫിന്റെ പ്രകടനപത്രികയിലും ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നിയമനിർമ്മാണം സാധ്യമല്ലെന്ന വാദം തെറ്റാണ്. ശബരിമല നിയമനിർമ്മാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ശബരിമല ആചാരസംരക്ഷണം ഉറപ്പാക്കുന്ന കരട് നിയമം യുഡിഎഫ് പുറത്തുവിട്ടിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരടാണ് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ടത്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കും. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരി. അവസാന വാക്ക് തന്ത്രിയുടേതാണ്. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യുഡിഎഫിന്റെ കരട് നിയമത്തിൽ പറയുന്നു. കരട് നിയമം നിയമമന്ത്രി എ കെ ബാലന് നൽകാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ശബരിമലയിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനം ഭക്തർക്ക് മുറിവുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ പഴയ നിലപാട് തിരുത്തി, പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയ്യാറുണ്ടോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചിരുന്നു. അധികാരത്തിലെത്തിയാൽ വിശ്വാസികളുടെ താൽപ്പര്യം അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ