- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിച്ച് കപ്യാരായ സാം മരിച്ചതോടെ കുടുംബം അനാഥമായി; സഹായം പ്രതീക്ഷിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ പള്ളിക്കാർ; വിഷമം സഹിക്ക വയ്യാതെ കുർബാനയ്ക്ക് വെള്ളവസ്ത്രമിട്ട് അച്ചന്മാർക്കൊപ്പം കപ്യാരായി സാമിന്റെ ഭാര്യ ലീമ; തടയാൻ ശ്രമിച്ച വികാരിയെ എതിർത്ത് വിശ്വാസികൾ; അർത്തുങ്കലിൽ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ പള്ളിയിലെ കപ്യാരായി
ആലപ്പുഴ: കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ പള്ളിയിലെ കപ്യാരായി. ചേർത്തല അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലാണ് നാടകീയ സംഭവം. പള്ളിയിലെ കപ്യാരായിരുന്ന സാം ജെയിംസ് മരിച്ചതിനെ തുടർന്നുണ്ടായ തർക്കങ്ങളുടെ ഭാഗമായാണ് കപ്യാരുടെ ഭാര്യ കൈപ്പറമ്പിൽ വീട്ടിൽ ലീമാ സാം പള്ളിയിലെ കപ്യാരായി എത്തിയത്. സാം കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പള്ളിയിൽ നിന്നും യാതൊരു സഹായവും ലഭിക്കാതിരുന്നതോടെ പ്രതിഷേധസൂചകമായിട്ടാണ് ലീമ കപ്യാരായി പള്ളിയിലെത്തിയത്. കുർബ്ബാന നടക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ചെത്തിയ ലീമ അച്ചന്മാർക്കൊപ്പം തന്നെയുണ്ടായിരുന്നു. ലീമയെ തടയാൻ പള്ളി വികാരി ശ്രമിച്ചെങ്കിലും ലീമയ്ക്കൊപ്പമെത്തിയ വിശ്വാസികൾ എതിർത്തു. തുടർന്ന് കുർബ്ബാനയിൽ ലീമ പങ്കെടുക്കുകയായിരുന്നു.
കഴിഞ്ഞ 25 വർഷക്കാലമായി സാം ജെയിംസ് ഇവിടെ കപ്യാരായി ചുമതല വഹിച്ചു വരികയായിരുന്നു. ഇതിനിടയിൽ മെയ് 6 ന് കോവിഡ് ബാധിച്ചു മരണപ്പെട്ടു. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്ന സാം മരണപ്പെട്ടപ്പോൾ പള്ളിയിൽ നിന്നും സഹായം ലഭിക്കുമെന്നായിരുന്നു കുടുബത്തിന്റെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. സാം മരണപ്പെട്ട ശേഷം ഭാര്യ ലീമയും രണ്ടു പെൺകുട്ടികളും ക്വാറന്റൈനിലായിരുന്നു. ഈ സമയം പള്ളിയിൽ നിന്നും യാതൊരു സഹായവും ലഭിച്ചില്ല. എന്നാൽ തൊട്ടടുത്തെ സെന്റ് ജോർജ്ജ് പള്ളിയിലെ അച്ചൻ ഇവർക്ക് ഭക്ഷ്യകിറ്റ് കൊണ്ടു വന്നു നൽകി. പിന്നീട് മരണാനന്തര ചടങ്ങുകളെല്ലാം പൂർത്തിയായ ശേഷം പള്ളിയിലെത്തി വികാരിയോട് ജീവിക്കാൻ മറ്റു മാർഗ്ഗമൊന്നുമില്ലാത്തതിനാൽ പള്ളിയുടെ ഏഥെങ്കിലും സ്ഥാപനത്തിൽ ജോലി നൽകണമെന്ന് അപേക്ഷ നൽകി.
പള്ളിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ചുതലയുള്ള ക്രിസ്റ്റഫർ അച്ചനെ കാണമെന്ന് വികാരി മറുപടി നൽകി. ക്രിസ്റ്റഫർ അച്ചനെ കണ്ടെങ്കിലും നിലവിൽ ജോലി ഒഴിവൊന്നുമില്ലെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. തിരികെ വീണ്ടും പള്ളിയിലെത്തി വികാരിയച്ചനോട് വിവരം പറഞ്ഞെങ്കിലും അവർ കൈമലർത്തുകയായിരുന്നു. പാരമ്പര്യമായി കപ്യാർ ചുമതല വഹിക്കുന്ന കുടുംബമാണ് ഇവരുടെത്. അതിനാൽ നിലവിലെ കപ്യാർ മരിച്ചാൽ അടുത്ത കപ്യാരായി കുടുംബത്തിലെ ആൺകുട്ടിയാണ് ആകുന്നത്.
എന്നാൽ ഇവർക്ക് ആൺകുട്ടിയില്ലാത്തതിനാൽ ആ ചുമതല മറ്റൊരു ജോലിയും പള്ളി നൽകാത്ത സ്ഥിതിക്ക് ലീമാ ജെയിംസ് ഏറ്റെടുക്കാമെന്ന് അറിയിച്ചു. എന്നാൽ പള്ളി അധികൃതർ സമ്മതിച്ചില്ല. പകരം പള്ളിയുടെ ഒരു ഐ.ടി.സിയിൽ ഓഫീസ് അസിസ്റ്റന്റ് ജോലി നൽകാമെന്ന് പറഞ്ഞു. എന്നാൽ ഏതു നിമിഷവും പൂട്ടിപോയേക്കാവുന്ന അൺ എയ്ഡഡ് ആയ സ്ഥാപനത്തിൽ ജോലിക്ക് കയറിയിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി വേണമെന്ന് ലീമ അറിയിച്ചു. എന്നാൽ അവർ വഴങ്ങിയില്ല.
ഇതോടെയാണ് ലീമ അടുത്ത ദിവസം മുതൽ പള്ളിയിൽ കപ്യാരായി ജോലിയിൽ പ്രവേശിക്കുമെന്ന് പറഞ്ഞത്. തുടർന്ന് രാവിലെ എത്തിയ ലീമ കപ്യാരുടെ ചുമതല ഏറ്റെടുത്തു. എന്നാൽ പള്ളിയിലെ വികാരി അച്ചന്മാരും സഹ അച്ചന്മാരും ഇതിന് സമ്മതിച്ചില്ല. ലീമയോട് പുറത്തു പോകണമെന്ന് അവർ നിർദ്ദേശിച്ചു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ അവർ അവിടെ തുടർന്നു. ഈ സമയം പുറത്ത് പള്ളിയിലെ ഒരു വിഭാഗം വിശ്വാസികളും സന്നദ്ധസേവാ അംഗങ്ങളും ലീമയ്ക്ക് പിൻതുണയുമായെത്തി. കുർബ്ബാന കഴിഞ്ഞിറങ്ങിയ വികാരിയച്ചനെ തടഞ്ഞു പ്രതിഷേധം നടത്തി. എന്നാൽ പിന്നീട് പള്ളിയധികൃതർ പൊലീസിനെ വിളിച്ചു വരുത്തി ഇവരെ ആട്ടിയോടിക്കുകയും കേസെടുപ്പിക്കുകയും ചെയ്തു. ഇതോടെ ലീമയും ഇവരുടെ 15ഉം 11ഉം വയസ്സുള്ള പെൺകുട്ടികളുമായി പള്ളിയങ്കണത്തിൽ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രഖ്യാപിച്ചു.
സംഭവം അറിഞ്ഞ് ആലപ്പുഴ അതിരൂപതയുടെ പിതാവ് ലീമയെ നേരിട്ട് വിളിച്ച് ചർച്ച നടത്തുകയും രണ്ട് ദിവസങ്ങൾക്കുള്ളിൽ പരിഹാരമുണ്ടാക്കാമെന്നും ഉറപ്പ് നൽകി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ തിരികെ എത്തിയ ലീമയും കുടുംബവും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ പള്ളിയധികാരികൾ ഇവർക്ക് യാതൊരു സഹായവും നൽകില്ലെന്ന വാശിയിലാണെന്ന് വിശ്വാസികൾ പറയുന്നു. പുതിയൊരു കപ്യാരെ നിയമിച്ചതായും അവർ പറയുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ കപ്യാരായെത്തി പ്രതിഷേധിച്ച സംഭവം വിശ്വാസികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.