കൊച്ചി: മലയാള സിനിമാ മേഖലയിൽ ഗ്രൂപ്പുയുദ്ധവും ചവിട്ടിത്താഴ്‌ത്തലുമൊക്കെ പതിവുള്ള കാര്യമാണെന്ന് തെളിയിക്കുന്ന പലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ജാതി കേന്ദ്രീകരിച്ചു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പരസ്യമായി വിളിച്ചുപറഞ്ഞവരുടെ കൂട്ടത്തിൽ മഹാനടനായ തിലകനും ഉണ്ടായിട്ടുണ്ട്. സൂപ്പർതാരങ്ങളെ ആക്രമിച്ചതിന്റെ പേരിലാണ് അന്ന് അദ്ദേഹത്തിന് മലയാള സിനിമയിലെ പലരും ഭ്രഷ്ട് കൽപ്പിച്ച സാഹചര്യം പോലുമുണ്ടായി. ഇപ്പോൾ കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായപ്പോൾ മലയാള സിനിമയിലെ പ്രമുഖ യുവനടന്റെ പക തീർക്കലാണോയെന്ന സംശയവും ബലപ്പെട്ട് വരികയാണ്.

ചെറുറോളുകളിൽ അഭിനയിച്ചു തുടങ്ങി, നായകനായി ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുന്ന ഘട്ടത്തിലേക്ക് ഷൈൻ ടോം ചാക്കോ വളർന്നതോടെ തനിക്ക് ഭീഷണിയാകുമെന്ന് കണ്ട് ഒരു യുവനടൻ ഷൈൻ ടോമിനെ ഒറ്റിയതാണെന്ന വിധത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. 2014ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇതിഹാസയിൽ ആദ്യം പരിഗണിച്ചത് ഈ യുവ നടനെയായിരുന്നു. ഇദ്ദേഹം ഉപേക്ഷിച്ചപ്പോഴാണ് ചിത്രത്തിന്റെ അണിയറക്കാർ ഷൈനിനെ നായകനാക്കിയത്. ഈ ചിത്രമാകട്ടെ അപ്രതീക്ഷിതമായി വൻ വിജയം നേടുകയും ഷൈൻ ശരിക്കും ഷൈൻ ചെയ്യുകയുമുണ്ടായി.

ഇങ്ങനെ തനിക്ക് നഷ്ടമായ അവസരത്തിൽ മറ്റൊരാൾ ശോഭിച്ചത് നടന്റെ പകയ്ക്ക് കാരണമായി. ഇതിഹാസയുടെ വിജയത്തോടെ പ്രസ്തുത നടനെ നായകനാക്കാൻ തീരുമാനിച്ച പലരും ഷൈന് അവസരം നൽകുകയും ചെയ്തു. ഇങ്ങനെ ഷൈൻ സിനിമയിൽ കൂടുതൽ സ്വീകാര്യതയുള്ള നടനായി മാറുന്നതിന് തടയിടാനാണ് മയക്കുമരുന്നു കേസിൽ കുടുക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ. കൊച്ചിയിലെ നിശാപാർട്ടികളിലും ഈ നടനൊപ്പം ഷൈനും പങ്കെടുത്തിരുന്നു. അടുത്തകാലത്ത് ഈ നടൻ അഭിനയിച്ച ചിത്രങ്ങളാകട്ടെ ബോക്‌സോഫീസിൽ വേണ്ടത്ര വിജയിക്കുകയുണ്ടായില്ല.

ഫഌറ്റിൽ മയക്കുമരുന്നു പാർട്ടി നടക്കുന്നുവെന്ന സന്ദേശം ലഭിച്ച് അഞ്ച് മിനിറ്റുകൊണ്ട് പൊലീസ് അവിടെ എത്തിയിരുന്നു. എന്നാൽ ഷൈൻ ടോം എത്തിയ ഉടനെ തന്നെയായിരുന്നു ഇങ്ങനെയൊരു സന്ദേശം പൊലീസിന് ലഭിച്ചത്. പൊലീസെത്തിയപ്പോൾ കണ്ടത് ഷൈൻ ടോമിനൊപ്പമുണ്ടായിരുന്ന ബ്ലെസ്സി സിൽവസ്റ്ററും മറ്റ് മോഡലുകളും ലഹരിയിൽ ആയിരുന്നു. എന്നാൽ ബ്ലെസ്സി വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൻ വന്നതെന്നാണ് ഷൈൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്.

ഇക്കാര്യം ആവർത്തിച്ചുകൊണ്ട് ഷൈൻ ടോമിന്റെ പിതാവും ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ മകനെ കുടുക്കുകയായിരുന്നു എന്നാണ് പിതാവ് ചാക്കോ അഭിപ്രായപ്പെട്ടത്. സഹസംവിധായിക വിളിച്ചിട്ടാണ് ഷൈൻ ഫഌറ്റിൽ പോയത്. സിനിമയുടെ കഥ പറയാനെന്ന് പറഞ്ഞ് മകനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവിടെ ആരൊക്കെ ഉണ്ടായി എന്ന് കാര്യം ഷൈന് അറിവില്ലായിരുന്നു. ഷൈൻ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് വിശ്വസിക്കുന്നില്ല.

ഷൈൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ല. നിസാമുമായി യാതൊരു തരത്തിലുള്ള ബന്ധവും മകനില്ല. ഷൈൻ പുകവലിക്കാറില്ലെന്നും സ്‌മോക്കേഴ്‌സ് പാർട്ടിയിൽ പങ്കെടുക്കാറില്ലെന്നും ചാക്കോ വ്യക്തമാക്കി. ഷൈൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ രക്ഷിക്കാൻ ശ്രമിക്കുമെന്നും ചാക്കോ കൂട്ടിച്ചേർത്തു. ആരെക്കെയാണ് ഷൈനിനെ കുടുക്കിയതെന്ന് പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെടുകയുണ്ടായി

താൻ ചതിക്കപ്പെടുകയായിരുന്നു എന്ന ബോധ്യം ഷൈനുമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത സുഹൃത്തുക്കളും പറയുന്നത്. എന്നാൽ മയക്കുമരുന്ന് പാർട്ടികളിൽ കൊച്ചിയിലെ ന്യൂജനറേഷൻ സിനിമാക്കാരെ പോലെ തന്നെ ഷൈനും പങ്കാളിയാണെന്നത് വ്യക്തമാണ്. അതുകൊണ്ട്, തീർത്തും നിരപരാധിയാണെന്ന് പറഞ്ഞ് തടിയൂരാനും സാധിക്കില്ല. അർദ്ധരാത്രി 12 മണിയോടെയാണ് പൊലീസ് കൊച്ചിയിലെ ഫഌറ്റിൽ എത്തിയത്. ഇത് അവിചാരിതമല്ലെന്ന് പൊലീസും വ്യക്തമാക്കുന്നു. രാത്രി തന്നെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി രാവിലെ ആറരയോടെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയാണ് പൊലീസ് ചെയ്തത്. ഫോണിൽ ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഷൈനും മോഡലുകളും കുടുങ്ങിയതും. ആരാണ് ഈ ഇൻഫോർമേഷൻ പൊലീസിന് നൽകിയതെന്നതാണ് ഷൈനിന്റെ കേസിലെ സുപ്രധാനമായ കാര്യം.

അതേസമയം ഫഌറ്റിലെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്ന പൊലീസ് പ്രമുഖ നിർമ്മാതാവിനെയും യുവ നടനെയും അടക്കം സംശയിക്കുന്നുണ്ട്. ഇതോടെ ഷൈന് വച്ച പാര തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമോ എന്ന ഭയന്നിരിക്കയാണത്രേ യുവനടനും കൂട്ടാളികളും. ജനുവരി 31നാണ് ഷൈൻ ടോം ചാക്കോയെയും മോഡലുകളെയും കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിൽ നിന്ന് വാടകയ്ക്ക എടുത്ത ഫ്‌ളാറ്റിൽ നിന്നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്.