കൊച്ചി: മനുഷ്യന്റെ ജീവന് അധികൃതർ വിലകൽപ്പിക്കുന്നില്ല,നെടുമ്പാശ്ശേരിയിലെ പാതകളിലെ കുഴികൾ അടക്കണമെന്ന് മാസങ്ങളായി ആവിശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത അധികൃതരാണ് ഹാഷിമിന്റെ മരണത്തിന് ഉത്തരവാദികൾ. പൊതുമരാമത്ത് വകുപ്പിനും ഉദ്യോഗസ്ഥർക്കും എതിരേ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നെടുമ്പാശ്ശേരി റോഡിലെ കുഴിയിൽ വീണ് മരിച്ച ഹാഷിമിന്റെ കുടുംബം. എന്നാൽ പൊതുമരാമത്ത് വകുപ്പിന് കാര്യമായ റോളില്ലെന്നതാണ് വസ്തുത.

കുഴി അടയ്ക്കണമെന്ന് പഞ്ചായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാഷണൽ ഹൈവേ അഥോറിറ്റിയുടെ ശ്രദ്ധ കുറവാണ് അപകടത്തിന് കാരണം. ഹാഷിം സ്ഥിരമായി വരുന്ന വഴി ആണ്. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അപകടം ഉണ്ടാകരുതെന്നും അതിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റിയുടെ കുറ്റമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ എന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്ത് എത്തി.

റോഡ് പരിപാലനത്തിൽ വീഴ്‌ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ദേശീയപാതാ അഥോറിറ്റിക്ക് പറ്റുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതാ അഥോറിറ്റിക്ക് കീഴിലുള്ള റോഡിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ സാധിക്കില്ല. എന്നാൽ ഈ വിഷയത്തെ വളരെ ഗൗരവത്തോടെ കാണുമെന്നും കർശന നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. കേന്ദ്ര സർക്കാരിന് കീഴിലാണ് അഥോറിറ്റി. നിതിൻ ഗഡ്ഗരിയാണ് മന്ത്രി.

കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ ആരോപിതരായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ സർക്കാർ നടപടിയെടുത്തു. ഇങ്ങനെ നടപടിയെടുത്തവരുടെ പട്ടികയെടുത്താൽ ഒരു സംസ്ഥാന സമ്മേളനം വിളിക്കാനുള്ള ആളെ കിട്ടും. എന്തു കൊണ്ട് നിരുത്തരവാദിത്തപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ദേശീയ പാതാ അഥോറിറ്റി നടപടിയെടുക്കുന്നില്ലെന്ന ചോദ്യമാണ് റിയാസ് ഉയർത്തുന്നത്.

എറണാകുളം - തൃശ്ശൂർ പാതയിലെ റോഡുകൾ, ആലപ്പുഴയിൽ ഹരിപ്പാട് ഭാഗത്തെ ദേശീയപാത ഇവിടെയെല്ലാം അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പലവട്ടം സർക്കാർ ദേശീയപാതാ അഥോറിറ്റിക്ക് കത്തയച്ചതാണ്. റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും പേരുകൾ ബോർഡിൽ എഴുതി വയ്ക്കാൻ ദേശീയ പാതാ അഥോറിറ്റി തയ്യാറാവണം.

ഏതു വകുപ്പിന്റെ റോഡായാലും ഏത് സർക്കാരിന്റെ റോഡായാലും അപകടമുണ്ടാവാൻ പാടില്ല. കേരളത്തിൽ മൂന്ന് ലക്ഷം റോഡുണ്ട് അതിലൊന്നും കുഴിയോ അപകടങ്ങളോ ഉണ്ടാവാൻ പാടില്ല. കേരളത്തിലെ 1781 കിലോമീറ്റർ റോഡ് ദേശീയ പാതാ അഥോറിറ്റിക്ക് കൈമാറിയിട്ടുള്ളതാണ്. കേരളത്തിൽ ഏറ്റവും തിരക്കുള്ള റോഡുകൾ കൂടിയാണിത്. ഇതിൽ പലതിലും എൻഎച്ച്എ.ഐ ടോൾ പിരിക്കുന്നുണ്ട്. ഇപ്പോൾ അപകടമുണ്ടായ റോഡും ആ തരത്തിലുള്ളതാണ്.

ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ പ്രശ്നമുണ്ടായാൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് പോയി ഇടപെടാൻ ആവില്ല. ഫിഷറീസ് വകുപ്പിന്റെ റോഡിൽ പ്രശ്നമുണ്ടായാൽ അത് ദേശീയപാതാ അഥോറിറ്റി വകുപ്പ് വന്ന് നന്നാക്കില്ല,തദ്ദേശസ്വയംഭരണവകുപ്പിന്റെ റോഡ് കേടായാൽ അവിടെ പൊതുമരാമത്ത് വകുപ്പും ഇടപെടില്ല. ഒരോ വകുപ്പിന്റെ കീഴിലും വരുന്ന റോഡുകൾ സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമാണ് എന്നു ഉറപ്പു വരുത്തേണ്ടത് ആ വകുപ്പ് തന്നെയാണ്.

പൊതുമരാമത്ത് വകുപ്പ് കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകൾ സഹിതം പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ചപ്പോൾ വലിയ മാറ്റമാണ് ആ റോഡുകളിൽ ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യാൻ ദേശീയ പാതാ അഥോറിറ്റിക്ക് എന്തു കൊണ്ടു പറ്റുന്നില്ല. വ്യക്തമായ ഭരണഘടനാ സംവിധാനങ്ങൾ ഒരു രാജ്യത്ത് കേന്ദ്രസർക്കാരിന് കീഴിലുള്ള വകുപ്പിൽ പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ നിയമപരമായ പ്രശ്നങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കർശനമായി ഇടപെടാൻ തന്നെയാണ്ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കും. ഇതിനുള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട് എന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിം(52) റോഡിലെ കുഴിയിൽ വീഴുകയും പിറകിൽ വന്ന വാഹനം ശരരീരത്തിലൂടെ കയറി ഇറങ്ങി മരണമടയുകയും ചെയ്തത്്. ഹോട്ടൻ ജീവനക്കാരനായ ഹാഷിം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻ കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്നും ഹാഷിം തെറിച്ച് വീഴുകയായിരുന്നു.

കുഴിയിൽ വെള്ളം കെട്ടി കിടന്നതിനാൽ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല.