തിരുവനന്തപുരം: രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ.റഹിമിന്റെ കേരളാ യൂണിവേഴ്സിറ്റി ഇസ്ലാമിക് പഠനവിഭാഗത്തിലെ ഫെല്ലോഷിപ്പ് തട്ടിപ്പ് സംബന്ധിച്ചുള്ള നിയമസഭാ ചോദ്യങ്ങൾക്ക് ഉരുണ്ടുകളിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പഠനറിപ്പോർട്ട് സമർപ്പിച്ചുവെന്നോ പണം തിരിച്ചടച്ചുവെന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല. തട്ടിപ്പ് സംബന്ധിച്ച് രജിസ്ട്രാറുടെ അന്വേഷണം സംബന്ധിച്ചും മൗനം. മന്ത്രി ബിന്ദുവിന്റേത് നിയമസഭാ അംഗങ്ങളോടുള്ള അവകാശലംഘനമെന്ന് ആരോപണം.

2022 മാർച്ച് 15ന് ഷാഫി പറമ്പിൽ ഉന്നയിച്ച ചോദ്യത്തിനാണ് റഹിമിന്റെ ഫെല്ലോഷിപ്പ് സംബന്ധിച്ച് മന്ത്രി മറുപടി നൽകിയത്. ''എ.എ. റഹീം എന്ന ഗവേഷണ വിദ്യാർത്ഥി പ്രബന്ധം സമർപ്പിക്കാതെ ഫെലോഷിപ്പ് കൈപ്പറ്റിയതായി രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ. ഈ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ'' എന്നായിരുന്നു ഷാഫിയുടെ ചോദ്യം. ഇതിനായിരുന്നു വ്യക്തമായ ഉത്തരം നൽകാത്തത്.

''എ.എ.റഹിമിന് മൂന്നരവർഷം ഗവേഷണം നടത്തുന്നതിനായി ഫെലോഷിപ്പ് നൽകിയിട്ടുണ്ടെ''ന്നാണ് മറുപടി. രജിസ്ട്രാർ നടത്തിയ അന്വേഷണം സംബന്ധിച്ച് മറുപടിയില്ല. ഫെല്ലോഷിപ്പ് തിരിച്ച് അടച്ചിട്ടുണ്ടോ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് ''ഈ തുക തിരിച്ചുപിടിക്കാനുള്ള സാഹചര്യം നിലവിലില്ല'' എന്നുമാണ് മറുപടി. പ്രബന്ധം സമർപ്പിച്ചിട്ടുണ്ടോ എന്നോ തുക തിരിച്ചടച്ചുവെന്നോ അന്വേഷണം നടത്തിയതോ വ്യക്തമാക്കാതെയാണ് മറുപടിയെന്നാണ് ഉയരുന്ന വിലയിരുത്തൽ.

എന്നാൽ 2017 മുതൽ കേരള സർവകലാശാല രജിസ്ട്രാർ അന്വേഷണം നടത്തിയിരുന്നു. രജിസ്ട്രാർ റിപ്പോർട്ടിലാണ് എ.എ. റഹിം ഫെല്ലോഷിപ്പ് പണം വാങ്ങിയിട്ട് പഠനറിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമായത്. അതിന്റെ രേഖകൾ നേരത്തെ ചർച്ചയായിരുന്നു. ഇസ്ലാമിക് പഠന വിഭാഗത്തിലേക്ക് 2010 മെയ് 4നാണ് മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥിയായി എ.എ. റഹിം രജിസ്റ്റർ ചെയ്തത്. 2011 ജനുവരി 4 മുതൽ 'ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും' എന്ന വിഷയത്തിൽ ഇസ്ലാമിക പഠന വിഭാഗം മേധാവി ഡോ. എസ്. ഷറഫുദീന്റെ മേൽനോട്ടത്തിൽ ഗവേഷണവും ആരംഭിച്ചു.

2013ൽ അവസാനിപ്പിക്കേണ്ട ഗവേഷണം പൂർത്തിയാക്കാത്തതിനാൽ 2015 മെയ് 4 വരെ നീട്ടിനൽകി. അഞ്ചുവർഷം അവസാനിച്ചതോടെ രണ്ട് വർഷം കൂടി നീട്ടി വാങ്ങി. 2010 മെയ് 4 മുതൽ 2013 നവംബർ 2 വരെയുള്ള ഫെലോഷിപ്പ് 3,44,744 രൂപ കൈപ്പറ്റുകയും ചെയ്തു. വിവരാവകാശരേഖ അനുസരിച്ച് 2018 വരെ ഗവേഷണ പ്രബന്ധം സർവകലാശാലയ്ക്ക് സമർപ്പിച്ചില്ലെന്നും വ്യക്തമായിരുന്നു. ഇതു സംബന്ധിച്ച് ഏറെ ദുരൂഹതകളും ഉയർന്നു. എല്ലാം പകൽപോലെ വ്യക്തമായിട്ടും ഉരുണ്ടു കളിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി.

മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥി ആയിരിക്കെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കലയിൽ റഹിം മത്സരിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ സജീവമായി പ്രചാരണ രംഗത്തും ഉണ്ടായി. എന്നാൽ ആ സമയത്തെ ഹാജർ അടക്കം ലഭിക്കുകയും ഫെലോഷിപ്പ് തുക കൈപ്പറ്റുകയും തെയ്തു. അതിനെ കുറിച്ചുള്ള അന്വേഷണത്തിൽ ഹാജർബുക്ക് തിരിച്ചെടുക്കാനാകാത്ത വിധം നശിച്ചുപോയെന്നാണ് ഇസ്ലാമിക പഠന വിഭാഗത്തിൽ നിന്നും രജിസ്ട്രാർക്ക് നൽകിയ മറുപടി. ഇതിൽ തൃപ്തനാകാത്ത രജിസ്ട്രാർ വീണ്ടും വകുപ്പ് മേധാവിക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് അന്വേഷണം നിർത്തിവച്ചു. ഇത്രയും അന്വേഷണം ഇതു സംബന്ധിച്ച് ഉണ്ടായിട്ടും നിയമസഭാ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നതാണ് ചർച്ചയാകുന്നത്. എസ് എഫ് ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മി നൽകിയ ഹർജിയിൽ കോടതി നേരത്തെ റഹിമിന് വാറണ്ട് പുറപ്പെടുവിട്ടിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എ എ റഹിമിനു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എ എ റഹിമിന് കോടതിയിൽ ഹാജരാകാം എന്ന ഉറപ്പിൻ മേൽ സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാം എന്ന വ്യവസ്ഥയോടെ ആണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരിട്ട് ഹാജരാകണം എന്ന നിർദ്ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എ എ റഹിമുൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ. നേരത്തേ, കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി വിജയലക്ഷ്മിയുടെ എതിർപ്പിനെ തുടർന്ന് കോടതി തള്ളിയിരുന്നു. യുവജനോത്സവ ഫണ്ട് കൈമാറിയില്ല എന്ന് ആരോപിച്ച് ആണ് കേരള സർവകലാശാല ഉദ്യോഗസ്ഥയായ ടി വിജയലക്ഷ്മിയെ തടഞ്ഞു വെച്ചത്. 2017 മാർച്ച് 30 നാണ് സ്റ്റുഡൻസ് സർവീസ് ഡയറക്ടറായിരുന്ന വിജയലക്ഷിയെ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ തടഞ്ഞ് ആക്രമിച്ചത്.

യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അഷിത, യൂണിയൻ സെക്രട്ടറി അമൽ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി പ്രതിൻസാജ് കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പേന കൊണ്ട് തന്നെ കുത്തി പരിക്കേൽപ്പിക്കുകയും തലമുടി പിടിച്ച് വലിക്കുകയും ചെയ്തു എന്ന് വിജയലക്ഷ്മി പരാജയപ്പെട്ടിരുന്നു. ഡി ജി പിക്ക് വിജയലക്ഷ്മി നൽകിയ പരാതിയിൽ ആണ് കേസെടുത്തത്. കേസ് തുടർന്ന് നടത്താൻ താത്പര്യമില്ല എന്നും പൊതുജനതാത്പര്യാർത്ഥം പിൻവലിക്കാൻ അനുവദിക്കണം എന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. നടപടികളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും പ്രതികൾ വിചാരണ ചെയ്യപ്പെടണമെന്നും വിജയലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു.