- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ; കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയവർ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്; അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത സ്വീകരിച്ചിട്ടില്ലെന്നും സമസ്ത നേതാവ്
മലപ്പുറം: കമ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. കമ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്നവർ മുഴുവൻ വിശ്വാസികൾ അല്ലാത്തവരാണെന്ന് പറയാനാകില്ല. പല സാഹചര്യങ്ങളാൽ സിപിഎമ്മുമായി സഹകരിക്കുന്നവരുണ്ട്. സർക്കാരുമായി വിദ്വേഷ സമീപനം സ്വീകരിക്കേണ്ട കാര്യമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
സമസ്ത സർക്കാരിനോട് സഹകരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ ഭരിക്കുന്നത് കമ്യൂണിസ്റ്റുകൾ മാത്രമല്ല. ഗവൺമെന്റിനോട് സഹകരിക്കുന്നതിൽ മറ്റൊരു വശമുണ്ട്. നമ്മൾ അർഹിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനാണ് സഹകരണം. അവിടെ വിദ്വേഷ സമീപനം വേണമെന്നില്ല. അത് തന്ത്രപരമായ നിലപാടാണെന്നും പൂക്കോട്ടൂർ.
സിപിഎമ്മിനെതിരെ മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗവും കടുത്ത നിലപാട് സ്വീകരിക്കുന്നതിനിടെയാണ് സമസ്ത യുവ വിഭാഗമായ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ പൂക്കോട്ടൂരിന്റെ പ്രതികരണം. കമ്യൂണിസ്റ്റ് പാർട്ടിയുമായും ഇടതുസർക്കാരുമായും സമസ്തക്ക് തൊട്ടുകൂടായ്മയില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പൂക്കോട്ടൂർ.
അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്യൂണിസ്റ്റുകളായവരുണ്ടാകും. പ്രാദേശികമായ സാഹചര്യത്തിൽ കമ്യൂണിസ്റ്റുകളായവരുണ്ടാകും. പാർട്ടിഗ്രാമത്തിൽ മുന്നോട്ട് പോകണമെങ്കിൽ ആ പാർട്ടിയിൽ മാത്രമേ നിൽക്കാനാകൂ. സാഹചര്യങ്ങളുടെ സൃഷ്ടിയായി ആ പാർട്ടിയിലേക്ക് പോയവർ നിരീശ്വരവാദികളോട് പാർട്ടിയുടെ സൈദ്ധാന്തിക ദർശനം പഠിച്ചവരോ ആകണമെന്നില്ല.
ഇടതുമുന്നണിയുമായുള്ള സഹകരണം സംബന്ധിച്ച് സമസ്തയിൽ തന്നെ ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുസ്ലിം ലീഗുമായി ഏറെ അടുപ്പം പുലർത്തുന്ന അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. നേരത്തെ വഖഫ് വിഷയത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച സമീപനം സംസ്ഥാന സർക്കാരിനെ ഗുണകരമായിരുന്നു. എന്നും ഒപ്പം നിന്നിരുന്ന സമസ്തയുടെ ഈ നിലപാട് ലീഗിന് അപ്രതീക്ഷിത തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇതിനിടെ കമ്യൂണിസത്തിനെതിരേ സമസ്തയിലെ ഒരു വിഭാഗം അവതരിപ്പിച്ച പ്രമേയം ജിഫ്രി തങ്ങൾ പരസ്യമായി തള്ളിപ്പറയുകയും ചെയ്യുകയുണ്ടായി.
സർക്കാരിനോടും ഇടത് മുന്നണിയോട് സഹകരിക്കുന്നതിൽ തെറ്റില്ലെന്ന സമസ്തയുടെ നിലപാട് സ്വാഗതം ചെയ്യുന്നതായി കെ.ടി.ജലീൽ എംഎൽഎ പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാറി മാറി വരുന്ന സർക്കാരുകളോട് നല്ല സമീപനമാണ് എല്ലാ കാലവും സമസ്ത സ്വീകരിച്ചതെന്നും കെ.ടി ജലീൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ