ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരുന്നു കള്ളപ്പേരുകളും തൂലികാ നാമവുമായി മറ്റുള്ളവരെ തെറിവിളിക്കുന്നവർക്ക് ഫേസ്‌ബുക്ക് മൂക്കുകയറിടുന്നു. ഇനി മുതൽ ഫേസ്‌ബുക്കിൽ അക്കൗണ്ട് തുടങ്ങാൻ ആധാർ വിവരങ്ങൾ നൽകേണ്ടി വരും. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാറിന്റെ സാധ്യതകൾ ഉപയോഗിക്കാൻ ഫേസ്‌ബുക്കും ഒരുങ്ങുന്നതായാണ് . പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരോട് ആധാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്ന് ഫേസ്‌ബുക് വ്യക്തമാക്കി.

ഇനി മുതൽ പുതുയായി അക്കൗണ്ട് തുടങ്ങുന്നവർ ആധാറിലെ പേരാണ് നൽകേണ്ടത്. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാർ വിവരങ്ങൾ ആവശ്യപ്പെടാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ ഫേസ്‌ബുക്ക് സ്ഥിരീകരിച്ചു. പുതിയ അക്കൗണ്ട് ആരംഭിക്കുന്നവർ ആധാർ കാർഡിലെ പേരുതന്നെ അക്കൗണ്ടിൽ നൽകണമെന്നാണ് ഫേസ്‌ബുക്ക് ആവശ്യപ്പെടുന്നത്. മൊബൈൽ വഴി അക്കൗണ്ട് തുറക്കുന്നവരോടാണ് ഫേസ്‌ബുക് കമ്പനി ആധാറിലെ പേരു ഉപയോഗിക്കണമെന്ന് നിർദേശിക്കുന്നത്. എന്നാൽ ആധാർ നമ്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിക്കുന്നില്ല. ഫേസ്‌ബുക്കിലെ വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് കമ്പനി വിശദീകരണം.

ഇതോടെ വ്യാജ പേരുകളുമായി ഫേസ്‌ബുക്കിൽ കറങ്ങുന്ന ലക്ഷക്കണക്കിന് അക്കൗണ്ടുകൾക്ക് മേൽ കൂച്ച് വിലങ്ങ് വീഴും. ഇത്തരം വ്യാജന്മാർ ഫേസ്‌ബുക്കിൽ ഇനി വേണ്ടേ വേണ്ടന്നാണ് ഫേസ്‌ബുക്കിന്റെ തീരുമാനം. ഫേസ്‌ബുക്കിന്റഎ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ വ്യാജന്മാർ വളർന്നതാണ് ഫേസ്‌ബുക്കിനെ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതോടെ വ്യാജ പേരുകളിൽ മറ്റുള്ളവരെ തെറിവിളിച്ച് രസിച്ചിരുന്നവർക്കും തിരിച്ചടിയാകും.

അതേസമയം പ്രാരംഭ ഘട്ടമായതിനാൽ ആധാർ നിർബന്ധമാക്കിയിട്ടില്ല. ആധാറിലെ പേരുമാത്രമാണ് ഇപ്പോൾ ചോദിക്കുന്നത്. വരും ദിവസങ്ങളിൽ ഇനി ആധാർ നമ്പറടക്കമുള്ള വിവരങ്ങളും അവശ്യപ്പെട്ടേക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരസ്പരം എളുപ്പത്തിൽ കണ്ടെത്താൻ ആധാറിലെ പേര് സഹായിക്കുമെന്നാണ് ഫേസ്‌ബുക്ക് കമ്പനി വിലയിരുത്തുന്നത്.

അമേരിക്ക കഴിഞ്ഞാൽ ഫേസ്‌ബുക്കിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 241 ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇതിൽ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്. തങ്ങളുടെ വിശ്വാസ്യതയെ വരെ ബാധിക്കുന്നതാണ് വ്യാജന്റെ വിളയാട്ടമെന്ന് ഫേസ്‌ബുക് കരുതുന്നു. വ്യാജന്മാർക്ക് വിലങ്ങു വീഴുന്നതോടെ ഇത്തരം വ്യാജഅക്കൗണ്ടുകളും ഫേസ്‌ബുക്കിൽ നിന്നും അപ്രത്യക്ഷമായേക്കും.

നേരത്തെ, വ്യാജവാർത്തകൾക്കെതിരെ ഫേസ്‌ബുക് പ്രചാരണം നടത്തിയിരുന്നു. ഓൺലൈൻ വഴി ആധാർ വിവരങ്ങൾ ചോരുന്നെന്ന ആശങ്ക നിലനിൽക്കെ, ഫേസ്‌ബുക്കിന്റെ നീക്കം വിവാദങ്ങൾക്ക് കാരണമായേക്കും. വ്യക്തിഗത വിവരങ്ങൾ പങ്കുവയ്‌ക്കേണ്ടി വരുന്നത്, സ്വകാര്യതയുടെ ലംഘനമാണെന്ന ആരോപണങ്ങളും വരാനിടയുണ്ട്.

2015ൽ മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള ഫേസ്‌ബുക് റിലയൻസ് കമ്യൂണിക്കേഷനുമായി ചേർന്നു ഫ്രീ ബേസിക്‌സ് എന്ന ആശയം നടപ്പാക്കിയപ്പോൾ വലിയ പ്രതിഷേധമാണുണ്ടായത്. നെറ്റ് ന്യൂട്രാലിറ്റി (ഇന്റർനെറ്റ് നിഷ്പക്ഷത) ഇല്ലാതാക്കുന്ന പ്രവർത്തിയാണിതെന്ന പ്രചാരണം ഉപയോക്താക്കൾ ഏറ്റെടുത്തു. ഇന്ത്യയിൽ ഇന്റർനെറ്റ് നിഷ്പക്ഷത ഉറപ്പാക്കുന്ന നിർണായക തീരുമാനങ്ങളുമായി ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) രംഗത്തെത്താൻ പ്രചാരണം കാരണമായി. അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് 2016ൽ 'എക്സ്‌പ്രസ് വൈഫൈ' പദ്ധതിയും കമ്പനി തുടങ്ങിയിട്ടുണ്ട്. 125 വൈഫൈ ഹോട്ട് സ്‌പോട്ടുകളിലൂടെയാണ് പരീക്ഷണാർഥം ഈ സൗകര്യം നൽകുന്നത്.