തിരുവനന്തപുരം: ശമ്പളം വാങ്ങുന്നവർ കൃത്യമായി ഓഫീസിൽ എത്തി അനുവദിച്ചിരിക്കുന്ന സമയത്തു ജോലി ചെയ്യണം എന്നത് ലോകം എങ്ങും പ്രത്യേകം പറയാതെ നടപ്പിലാക്കേണ്ട കാര്യമാണ്. എന്നാൽ സർക്കാർ ഉദ്യോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ അത് ബാധകമല്ല. പ്രത്യേകിച്ച് യൂണിയനുകൾ സജീവമായ നമ്മുടെ കേരളത്തിൽ. കുറച്ചു പേര് അങ്ങനെ ഒക്കെ ചെയ്യുമെങ്കിലും സമയത്തു ഹാജരാകുന്നവർ വളരെ കുറവാണ്. അതിനൊരു മാറ്റം ഉണ്ടാക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചെങ്കിലും ജീവനക്കാർ സമരം നടത്തി തോൽപ്പിച്ചു. ഒടുവിൽ ആ വെല്ലുവിളി പിണറായി വിജയൻ തന്നെ ഏറ്റെടുക്കുകയാണ്. പിണറായി വിജയന്റെ കർക്കശ്യത്തിനു മുൻപിൽ ധിക്കരിക്കാനുള്ള ധൈര്യം സെക്രട്ടറിയറ്റ് ജീവനക്കാർക്ക് ഉണ്ടാവില്ല എന്നാണ് കണക്കു കൂട്ടാൻ. സെക്രട്ടറിയറ്റ് ജീവനക്കാർ ഒന്നടങ്കം എതിർത്തിട്ടും സ്റ്റേറ്റ് സിവിൽ സർവീസ് നടപ്പിലാക്കാൻ ഉത്തരവിറക്കിയ തന്റേടമാണ് ഇതിനു കാരണമായി കരുതുന്നത്.

സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുകയാണ് പിണറായി. തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങൾക്കു വേറെ ഓഫിസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണു വരുന്നത്. ഇതോടെ സർക്കാർ സർവ്വീസിന്റെ കാര്യക്ഷമത ഉയരും. ഇതിനായുള്ള വിശദ പദ്ധതിരേഖ സമർപ്പിക്കാൻ നാഷനൽ ഇൻഫർമാറ്റിക് സെന്ററിനോട് ഐടി വകുപ്പ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിലാണ് ഐടി വകുപ്പ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിശദമായ ഇടപെടൽ പിണറായി ഇക്കാര്യത്തിൽ നടത്തും. എത്രയും വേഗം പദ്ധതി നടപ്പക്കാനാണ് നീക്കം. അങ്ങനെ ആധാറിന്റെ ഗുണം സംസ്ഥാന സർക്കാരും പതിയെ ഉപയോഗപ്പെടുത്താൻ തുടങ്ങുകയാണ്.

മൂന്നുദിവസം തുടർച്ചയായി ഒരു മണിക്കൂർ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താൽ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. മറ്റ് ഓഫിസുകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കു പോകുന്ന ജീവനക്കാർ അവിടെ പഞ്ച് ചെയ്താൽ മതി. ഇത്തരത്തിലൊരു പരീക്ഷണത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം. ജീവനക്കാരുടെ സംഘടനയോട് പോലും വലിയ രീതിയിൽ ഈ മാറ്റത്തെ കുറിച്ച് സർക്കാർ ചർച്ച ചെയ്യില്ല. അതിന്റെ ആവശ്യമില്ലെന്നാണ് പിണറായിയുടേയും നിലപാട്. ജീവനക്കാരെ മോശമായി ബാധിക്കുന്ന തീരുമാനമല്ലിതെന്നും പിണറായി വിലയിരുത്തുന്നു. എത്രയും വേഗം പദ്ധതി നടപ്പാക്കുക. എല്ലാ ഓഫീസിലും എല്ലാ സീറ്റുകളിലും ജീവനക്കാരുണ്ടാവുക. ഇതാണ് പിണറായിയുടെ ലക്ഷ്യം. അതിലേക്കാണ് നീങ്ങുന്നത്.

സംവിധാനത്തെ ആകെ ബാധിച്ചിട്ടുള്ള അലസതയും ദുർമേധസും ഉണ്ട്. സെക്രട്ടേറിയറ്റ് മാന്വൽ ഉണ്ട്, ബിസിനസ് റൂൾസ് ഉണ്ട്. ഇവയിൽ അനുശാസിക്കുന്ന നടപടിക്രമങ്ങളും നിബന്ധനകളും യഥാർഥ രൂപത്തിൽ നടപ്പിലാവുന്നില്ലെന്ന വിലയിരുത്തൽ മുഖ്യമന്ത്രി നേരത്തെ നടത്തിയിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം വലിയതോതിൽ ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ആദ്യ പടിയാണ് പുതിയ നീക്കം. കൃത്യത ഉറപ്പാക്കാനാണ് പഞ്ചിങ് സമ്പ്രദായം നടപ്പാക്കിയത്. രാവിലെ പഞ്ച് ചെയ്ത് അകത്തേക്കു കടന്നതിനു ശേഷം നേരെ പുറത്തേക്കു കടക്കുന്നവരും ഏറെയാണ്. ഇവരെ കുടുക്കാനും പുതിയ പദ്ധതികൾ ആധാർ പഞ്ചിങിൽ ഉണ്ടാകും. ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തെ സർവ്വീസ് സംഘടനകൾ അനുകൂലിക്കുന്നില്ല. എന്നാൽ പിണറായി ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന തീരുമാനങ്ങളെ എതിർക്കാനുമാകില്ല. പൊതു സമൂഹം ഇത്തരം സമരത്തെ തള്ളിക്കളയുമെന്നതാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കി വേണ്ടത്ര കൂടിയാലോചനകൾക്ക് പോകാതെ എത്രയും വേഗം നടപ്പാക്കാനാണ് തീരുമാനം.

നേരത്തെ പഞ്ചിങ് സംവിധാനത്തെ പോലും ജീവനക്കാർ എതിർത്തിരുന്നു. എന്നാൽ പിണറായി സർക്കാരിനോട് ഈ കാർക്കശ്യം കാട്ടാനാകില്ലെന്നാണ് വിലയിരുത്തൽ. കേരളാ സിവിൽ സർവ്വീസ് നടപ്പാക്കാനുള്ള പിണറായിയുടെ തീരുമാനത്തിന് പിന്നാലെയാണ് ഈ നടപടിയും. കെസിഎസിനെ ജീവനക്കാർ എതിർത്തിരുന്നു. എന്നാൽ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഈ പ്രതിഷേധം പിണറായി കണക്കിലെടുക്കുക പോലും ചെയ്തില്ല. മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനവുമെടുത്തു. ഇടത് സംഘടനകൾ സമരത്തിൽ നിന്ന് മാറി നിന്നതോടെ സമരം പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പ്രകോപിപ്പിക്കുന്ന ആധാർ ലിങ്കഡ് പഞ്ചിങ് എത്തുന്നത്.

വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ കെൽട്രോൺ വഴി വാങ്ങും. 5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. നിലവിൽ സർക്കാർ ഓഫിസുകളിൽ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും അത് കാര്യക്ഷമമല്ല. ഹാജർ നിരീക്ഷിക്കലേ നടക്കുന്നുള്ളൂ. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാൽ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ പ്രശ്‌നമല്ല. പുതിയ സംവിധാനത്തോടെ ഇത് മാറും. ജോലിയെടുക്കുന്നവർക്ക് മാത്രം കൂലിയെന്ന സ്ഥിതി വരും. സർക്കാർ സർവ്വീസിലെ ഏറ്റവും വലിയ പരിഷ്‌കാരമായി ഇത് മാറുകയും ചെയ്യും. നിലവിൽ പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജർ രജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജർ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിർണയിക്കുക. അതുകൊണ്ട് തന്നെ വൈകിയെത്തിയാലും ശമ്പളം മുടങ്ങില്ല.

സെക്രട്ടറിയേറ്റിൽ പഞ്ചിങ് ഉണ്ടെങ്കിലും മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കിൽ ഒപ്പിടാമെന്നതാണ് അവസ്ഥ. എന്നാൽ, സ്പാർക്കുമായി ബന്ധിപ്പിച്ചുള്ള ആധാർ അധിഷ്ഠിത പഞ്ചിങ് വരുന്നതോടെ ഇത് നടക്കാതെയാകും. കേന്ദ്രസർക്കാരിന്റെ ഒട്ടേറെ ഓഫിസുകളിൽ എൻഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയർ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. ആധാർ ഡേറ്റാബേസുമായി ബന്ധിപ്പിക്കുകയും വേണം. പരിഷ്‌കാരത്തിനു മുന്നോടിയായി സ്പാർക്കിനെ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റുന്ന പ്രവൃത്തി വൈകാതെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടൻ നടപ്പാക്കാൻ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

ജനാധിപത്യ നടപടിക്രമപ്രകാരമാണ് സർക്കാരുകൾ വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഒരു സർക്കാർ മറ്റൊരു സർക്കാരിന്റെ തുടർച്ചയാണെന്ന് പറഞ്ഞാലും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. രാഷ്ട്രീയമാറ്റങ്ങൾ ജനങ്ങളുടെ അഭിലാഷം അനുസരിച്ചാണ് വന്നു ചേരുന്നത്. ജനങ്ങൾ അഭിലഷിക്കുന്ന കാര്യങ്ങൾ ഭരണത്തിൽ സർക്കാരിന്റെ നയങ്ങളായി പ്രതിഫലിക്കും. സർക്കാരിന് ജനങ്ങൾ നൽകുന്ന മാൻഡേറ്റ് അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിന് സെക്രട്ടേറിയറ്റും ജീവനക്കാരുമാണ് സ്വാഭാവികമായി മുൻകൈ എടുക്കേണ്ടത്. ഇതിൽ മുഴുവൻ ജീവനക്കാരുടെയും സഹകരണം ഉണ്ടാവണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.

എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്ന നിലയുണ്ടാവണം. സെക്രട്ടേറിയറ്റ് ജീവനക്കാർ ഒരു മേൽക്കൂരയ്ക്കു കീഴിലാണ് ജോലി ചെയ്യുന്നതെന്നതോർത്ത് ഒരുമയോടെ പ്രവർത്തിക്കണമെന്നായിരുന്നു ആവശ്യം. ഇതിലേക്ക് കാര്യങ്ങളെത്തിക്കാൻ കൂടിയാണ് പുതിയ പരിഷ്‌കാരം.