ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ നിർബന്ധമാക്കി. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കും ആധാർ നമ്പർ നിർബന്ധമാക്കി.

നിലവിലെ ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഡിസംബർ 31 ന് ശേഷം ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. അവ അസാധുവാകും. കേന്ദ്ര റവന്യു മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും പാൻ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര നിർദ്ദേശം സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് പുതിയ നിർദേശവും വന്നിരിക്കുന്നത്. ആധാർ കാർഡുള്ളവർ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻകാർഡുമായി ഇത് ബന്ധിപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. ആധാർ നമ്പർ നികുതി വകുപ്പിനെ അറിയിക്കുകയും വേണം. എന്നാൽ നിലവിൽ ആധാർ ഇല്ലാത്തവരുടെ പാൻ കാർഡ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അസാധുവാകില്ല.

നിലവിൽ പാൻ കാർഡ് ഉള്ളവരും, ജൂലൈയ്ക്കു മുൻപ് ആധാർ ലഭിക്കാൻ അർഹതയുള്ളവരും വിവരങ്ങൾ നികുതി വകുപ്പിനെ അറിയിക്കാത്ത പക്ഷം പാൻ കാർഡ് അസാധുവായി പരിഗണിക്കും.