ന്യൂഡൽഹി: ഭൂമി തട്ടിപ്പുകാരെ കണ്ടെത്താനുള്ള പ്രധാന വഴിയാണ് ആധാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാറുമായി ബന്ധപ്പെട്ട് പലരും അനാവശ്യ കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. റേഷൻ വിതരണം, സ്‌കോളർഷിപ്പ്, പെൻഷൻ, മറ്റ് സർക്കാർ സബ്‌സിഡികൾ എന്നിവയെല്ലാം ജനങ്ങളിൽ ശരിയായ രീതിയിൽ എത്തിക്കാൻ ആധാർ സംവിധാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി ന്യൂഡൽഹിയിൽ പറഞ്ഞു. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതും ജൻധൻ അക്കൗണ്ടുകൾ നിലവിൽ വന്നതും സമൂഹത്തിൽ ഇതുവരെ ഇല്ലാത്ത ഒരു സംവിധാനം കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്.

മുമ്പ് പെൻഷനുകൾ അർഹത പെട്ടവർക്ക് ലഭിക്കാതെ അനേകം കള്ള അക്കൗണ്ടുകളിലേക്കായിരുന്നു പോയിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഇതിനെയെല്ലാം ആധാറുമായി ബന്ധിപ്പിച്ചതിനാൽ തട്ടിപ്പുകൾ ഇല്ലാതായി. ഇപ്പോൾ ഭൂമി തട്ടിപ്പുകാർക്കെതിരേ പോരാടാനാണ് ആധാർ ഉപയോഗിച്ച് വരുന്നത്. ഇത്തരക്കാർക്കെതിരേ പോരാടുള്ള ഏറ്റവും നല്ല ആയുധമാണ് ആധാറെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

 നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളുടെ പെരുമാറ്റ രീതിയിൽ മാറ്റം വരുത്തി. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ആദ്യമായി പണമിടപാടുകൾക്ക് ശരിയായ കണക്കുണ്ട്. ശരിയായ സാങ്കേതിക വിലാസമുണ്ട്. ബാങ്കുകളിൽ വലിയ തോതിൽ എത്തിപ്പെട്ടിരുന്ന കള്ളപ്പണത്തിന്റെ ഒഴുക്കു തടയാൻ നോട്ട് നിരോധനം കൊണ്ട് സാധിച്ചതായും മോദി ചൂണ്ടിക്കാട്ടി.

കള്ളപ്പണം തടയാൻ സ്വത്തിടപാടുകളിൽ ആധാർ നിർബന്ധമാക്കണമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും ഈയടുത്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂമി തട്ടിപ്പുകാർക്കെതിരെ പോരാടാൻ ആധാർ ഏറ്റവും നല്ല ആയുധമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.