ന്യൂഡൽഹി: മരണം രജിസ്റ്റർ ചെയ്യാനും ഇനി മുതൽ ആധാർ നിർബന്ധമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒക്ടോബർ ഒന്നു മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ജമ്മു കശ്മീരിലും അസമിലും മേഘാലയിലും ഉത്തരവ് ബാധകമല്ല ആൾമാറാട്ടം ഉൾപ്പടെയുള്ള തട്ടിപ്പുകൾ തടയാനും, മരിച്ചയാളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. മരണം രജിസ്റ്റർ ചെയ്യാനും മരണ സർട്ടിഫിക്കറ്റ് ലഭിക്കാനും ഇനി ആധാർ കാർഡ് വേണം.

ഒക്ടോബർ ഒന്നു മുതലാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.ജമ്മു കശ്മീർ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾക്ക് തീരുമാനം ബാധകമല്ല.ഒക്ടോബർ 1 മുതൽ മരണം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയ്ക്കൊപ്പം ആധാർ കാർഡോ, ആധാർ നമ്പറോ നൽകണം.ആധാർ ഇല്ലാത്ത വ്യക്തിയാണ് മരിച്ചതെങ്കിൽ, ബന്ധുക്കൾ സാക്ഷ്യപത്രം സമർപ്പിക്കണം.അപേക്ഷകന്റെ ആധാർ നമ്പറും, മരണപ്പെട്ടയാളുടെ പങ്കാളിയുടെയോ, മാതാപിതാക്കളുടെയോ ആധാർ നമ്പറും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള രജിസ്റ്റ്രാർ ജനറലിന്റെ ഓഫിസാണ് പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനങ്ങളെ അറിയിച്ചത്.മരണപ്പെട്ടയാളെ സംബന്ധിച്ച കൃത്യവും സത്യസന്ധതവുമായി വിവരങ്ങൾ ശേഖരിക്കാനും ആധാർ വിവരങ്ങൾ നൽകുന്നതിലൂടെ സാധിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താക്കൾ വ്യക്തമാക്കി.