ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർന്നതായ റിപ്പോർട്ട് തള്ളി യുണിക് ഐഡന്റിഫിക്കേഷൻ അഥോററ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും യുഐഡിഎഐ അറിയിച്ചു.

ആധാർ വിവരങ്ങൾ ചോർന്നതായും ഓൺലൈൻ വഴി വിൽപ്പന നടത്തുന്നുവെന്നും ദി ട്രിബ്യൂൺ ആണ് റിപ്പോർട്ട് ചെയ്തത്. ഓൺലൈൻ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരിൽ നിന്നും ആധാർ വിവരങ്ങൾ വാങ്ങാൻ തങ്ങൾക്ക് സാധിച്ചുവെന്ന് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു.

500 രൂപ നൽകി ആയിരക്കണക്കിന് ആധാർ വിവരങ്ങൾ വാങ്ങിയെന്നും വാട്‌സ്ആപ്പ് മുഖേനയാണ് കച്ചവടക്കാർ ഉപയോക്താക്കളെ കണ്ടെത്തുന്നതെന്നും ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. പേടിഎം വഴി പണം അടച്ച് പത്ത് മിനിറ്റിനുള്ളിൽ വിവരങ്ങൾ ലഭിക്കുമെന്നും ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രിബ്യൂണിന്റെ റിപ്പോർട്ടുകളെ തള്ളി യുഐഡിഎഐ രംഗത്തെത്തിയത്.