ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന കിടപ്പാടമില്ലാത്ത ദരിദ്രർക്ക് ആധാർ എങ്ങനെ ലഭ്യമാക്കുമെന്നു സുപ്രീംകോടതി. വിവിധ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്‌പോൾ ലക്ഷക്കണക്കിനു വരുന്ന വീടും സ്ഥിരമായ മേൽവിലാസവും ഇല്ലാത്തവർക്ക് എങ്ങനെ ആധാർ ലഭ്യമാക്കുമെന്നാണു സുപ്രീംകോടതി ചോദിച്ചത്.

2011ലെ സെൻസസ് പ്രകാരം രാജ്യത്ത് 1.77 ദശലക്ഷം ആളുകൾ ഭവനരഹിതരുണ്ടെന്നാണു കണക്ക്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.15 ശതമാനം വരും. വീടില്ലാത്താവർ ഇന്ത്യൻ സർക്കാരിന്റെ ഭാഗമല്ലെന്നാണോ ഇതുകൊണ്ട് അർഥമാക്കുന്നതെന്നാണ് സുപ്രീംകോടതി സാമൂഹ്യനീതി ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റീസ് മദൻ ബി. ലോക്കൂർ ചോദിച്ചത്.

വീടില്ലാത്തവർക്ക് ആവശ്യത്തിന് രാത്രികാല അഭയകേന്ദ്രങ്ങൾ ഇല്ലാത്തതു സംബന്ധിച്ച വിഷയം പരിഗണനയ്‌ക്കെടുത്തപ്പോഴാണ് സുപ്രീംകോടതി ആധാർ സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. വടക്കേ ഇന്ത്യ ശൈത്യത്തിൽ വിറച്ചു കഴിയുന്ന സാഹചര്യത്തിൽ രാത്രിസങ്കേതങ്ങളുടെ അപര്യാപ്തതയിൽ വിശദീകരണം നൽകാൻ സുപ്രീംകോടതി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.