ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിലും ആധാർ കാർഡ് നിർബന്ധമാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ധനകാര്യബില്ലായാണ് അവതരിപ്പിച്ചത് എന്നതിനാൽ രാജ്യസഭയുടെ അംഗീകാരമില്ലാതെ തന്നെ ഇതു നിയമമാകും.

സബ്‌സിഡികൾക്കും സർക്കാർ സേവനങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കുന്ന ബിൽ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടർന്നു പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയെങ്കിലും ശബ്ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു.

രാജ്യസഭയെ അപ്രസക്തമാക്കിയാണു ആധാർ ബിൽ ലോക്‌സഭ പാസാക്കിയതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇനി മുതൽ സർക്കാർ തലത്തിലുള്ള എല്ലാ ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാകും. രാജ്യസഭയിലെ ചർച്ച ഒഴിവാക്കാനായാണു ധനവിനിയോഗ ബില്ലായി ലോക്‌സഭയിൽ ഇത് പാസാക്കിയെടുത്തതെന്നാണ് ആരോപണം. സർക്കാരിന്റേത് വൃത്തികെട്ട തന്ത്രമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ആധാർ കാർഡിനായി വ്യക്തികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി സഭയിൽ ഉറപ്പ് നൽകി. ആധാർ സംബന്ധിച്ച ആശങ്കയെക്കുറിച്ച് ആദ്യം ചർച്ച ചെയ്തതു ബിജു ജനതാദളിലെ ബി. മെഹ്താബാണ്. സർക്കാർ ഇക്കാര്യത്തിൽ തിടുക്കം കാണിക്കരുതെന്നും ബിൽ പരിശോധനയ്ക്കായി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്നും മെഹ്താബ് ആവശ്യപ്പെട്ടു.

സബ്‌സിഡികൾ കൃത്യമായി അർഹതപ്പെട്ടവർക്ക് എത്തിക്കുന്നതിലാണ് ആധാറുമായി ബന്ധപ്പെട്ട് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി. കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ, എ.ഐ.എ.ഡി.എം.കെ നേതാവ് പി.വേണുഗോപാൽ എന്നിവർ മഹ്താബിന്റെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി. ബിൽ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടുന്നതിൽ സർക്കാരിന് വിരോധമില്ലെന്നും എന്നാൽ ഏഴ് വർഷത്തിലധികമായി ബിൽ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടെന്നും ജയ്റ്റ്‌ലി ഓർമ്മിപ്പിച്ചു. 2010 സെപ്റ്റംബറിൽ അന്നത്തെ യു.പി.എ സർക്കാർ അംഗീകരിച്ച ബിൽ 2010 ആ വർഷം ഡിസംബറിലാണ് പാർലമെന്റിൽ കൊണ്ടുവന്നത്.

സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ നോക്കുകുത്തിയാക്കാനുള്ള നീക്കങ്ങളുടെ തുടക്കമാണിതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. പ്രശ്‌നത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെടുന്നതിനെ പറ്റി പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

എൽ.പി.ജി സബ്‌സിഡി വിതരണം ചെയ്യാൻ ആധാർ കാർഡ് ഉപയോഗപ്പെടുത്തിയതിലൂടെ കേന്ദ്രസർക്കാരിന് 15,000 കോടി രൂപയോളം ലാഭിക്കാനായെന്നും അരുൺ ജയ്റ്റ്‌ലി അവകാശപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തിൽ പൊതുവിതരണം ഇത്തരത്തിലാക്കിയ നാല് സംസ്ഥാനങ്ങൾക്ക് 2300 കോടി രൂപയിലധികം ലാഭിക്കാൻ കഴിഞ്ഞതായും ജയ്റ്റ്‌ലി പറഞ്ഞു. യുപിഎ സർക്കാർ കൊണ്ടുവന്നതാണ് പദ്ധതിയെന്നും ഇതാണ് തങ്ങൾ പാസാക്കുന്നതെന്നും കേന്ദ്രസർക്കാർ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ മറികടക്കാനായി ലോക്‌സഭയെ ഓർമ്മിപ്പിച്ചു. എന്നാൽ, ഇപ്പോൾ നിർദേശിച്ച ബില്ലിൽ തങ്ങളുടെ ഭേദഗതികൾ കൂടി പരിഗണിക്കണമെന്നായിരുന്നു കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം. രാജ്യസഭയിൽ ഭേദഗതികൾ പരിഗണിച്ചാൽ കേന്ദ്രസർക്കാരിന് ബില്ല് പാസാക്കാൻ സാധിക്കില്ല. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് രാജ്യസഭ പരിഗണിക്കേണ്ടതില്ലാത്ത വിധം ധനബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ചത്.