ന്യൂഡൽഹി: ആധാർ കാർഡില്ലാത്തതിന്റെ പേരിൽ പട്ടണി പാവങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാതെ വരുമോ എന്ന ആശങ്കയുമായി സുപ്രീംകോടതി. ആധാർ കാർഡ് നേടാൻ സ്ഥിരം മേൽവിലാസം ആവശ്യമാണ്. രാജ്യത്തെ കോടാനുകോടി ആളുകൾ ഭവന രഹിതരാണ്. ഇവർക്ക് സ്ഥിരം വീടോ വിലാസമോ ഒന്നുമില്ല. ഇവർക്ക് വിലാസം ഇല്ലാത്തതുകൊണ്ട് തന്നെ ആധാർ നേടാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് സുപ്രീംകോടിത ഉയർത്തുന്നത്.

ആനുകൂല്യങ്ങൾ കൊടുക്കാൻ ആധാർ നിർബന്ധമാക്കുന്നതിന്റെ പ്രാധാന്യം സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് വീടും ഒന്നുമില്ലാത്ത പട്ടിണി പാവങ്ങൾക്ക് ആധാർ ഇല്ലാത്തതിന്റെ പേരിൽ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നിഷേധിക്കുന്നിതിലെ പ്രശ്നങ്ങൾ സുപ്രീംകോടതി ഉയർത്തിയത്.

ജസ്റ്റീസ് മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. എല്ലാത്തിനും ആധാർ നിർബന്ധമാക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന് കടുത്ത തിരിച്ചടിയാണ് ബഞ്ചിന്റെ ഈ നിലപാട്.വീടില്ലാത്തവർക്ക് വീട് വച്ചു നൽകുന്ന പദ്ധതി നിരീക്ഷിക്കാൻ പ്രത്യേക കമ്മറ്റിയെ നിയോഗിക്കാനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.