നെടുമ്പാശേരി: ആഭ്യന്തര വിമാനയാത്രയ്ക്ക് ഇനി ആധാർ കാർഡ് നിർബന്ധമാകും. രാജ്യാന്തര യാത്രയ്ക്കു പാസ്‌പോർട്ട് എന്നപോലെ ആഭ്യന്തര വിമാനയാത്രക്കാർക്ക് ആധാർ നിർബന്ധമാക്കുന്നതു സംബന്ധിച്ചു റിപ്പോർട്ട് നൽകുന്നതിനായി കേന്ദ്ര സർക്കാർ വിപ്രോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നാണു കരുതുന്നത്. ഇതോടെ പദ്ധതി നടപ്പാകും.

കേന്ദ്ര സർക്കാർ തീരുമാനം പ്രാവർത്തികമാകുന്നതോടെ രാജ്യത്തിനകത്തു വിമാനയാത്ര ചെയ്യുന്ന എല്ലാവർക്കും ആധാർ കാർഡ് കയ്യിൽ കരുതേണ്ടി വരും. ഇല്ലെങ്കിൽ യാത്ര അനുവദിക്കില്ല. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് ഇത്. രാജ്യാന്തര യാത്രയ്ക്കു പാസ്‌പോർട്ട് എന്നപോലെ ആഭ്യന്തര വിമാനയാത്രക്കാർക്ക് ആധാർ നിർബന്ധമാക്കുന്നതിലൂടെ യാത്രക്കാരുടെ വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയും. ഇതിലൂടെ കൂടെക്കൂടെ വിമാനയാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സർക്കാരിനാവും.

പദ്ധതി പ്രാവർത്തികമായാൽ ടിക്കറ്റ് ബുക്കു ചെയ്യുമ്പോൾ ആധാർ നമ്പർ നൽകേണ്ടി വരും. വിമാനത്താവളത്തിലെത്തുമ്പോൾ കവാടത്തിലെ ആധാർ കാർഡ് അധിഷ്ഠിതമായ 'ബയോ മെട്രിക് ആക്‌സസ്' ഉപയോഗിച്ചായിരിക്കും പ്രവേശനം. ചെക്ക് ഇൻ ചെയ്യാനും ഇതുപ്രകാരം സാധിക്കും. ഇതു പരിശോധനകൾ എളുപ്പമുള്ളതാക്കും.