ന്യൂഡൽഹി : പൗരന്റെ ബയോ മെട്രിക് വിവരങ്ങൾ തിരിച്ചറിയലിനായി ഉപയോഗിക്കുന്ന ആധാർ കാർഡ് ഭരണഘടനാപരമോ എന്ന് പരിശോധിക്കുന്ന കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അടങ്ങിയിട്ടുള്ള സുപ്രീം കോടതിയിലെ മുതിർന്ന അഞ്ച് ജഡ്ജിമാരാണ് കേസിൽ വിധി പറയുന്നത്.

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാർ. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസായിരുന്നു. കേശവാനന്ദ ഭാരതി കേസിൽ 68 ദിവസമായിരുന്നു കോടതി വാദം കേട്ടത്. ആധാർ കാർഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് 27 ഹർജികളാണ് സമർപ്പിച്ചിരുന്നത്. കോടതി വിധി കേന്ദ്രസർക്കാരിനു വളരെ നിർണായകമാണ്.

ആധാർ കാർഡ് വ്യക്തിയുടെ സ്വകാര്യതാ ലംഘനമാണ് എന്ന് ആരോപിക്കുന്ന പരാതികൾ കേൾക്കുവാനായി സുപ്രീം കോടതി ചെലവിട്ടത് മുപ്പത്തിയെട്ട് ദിവസമാണ്. ആധാർ കാർഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മറ്റൊരു വിധിയിൽ സ്വകാര്യത മൗലികാവകാശമാണ് എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കൾ 21ൽ ഉൾച്ചേർന്നിരിക്കുന്ന കാര്യമാണ് സ്വകാര്യത എന്നായിരുന്നു പരമോന്നത കോടതിയുടെ വിധി.

ദശലക്ഷത്തോളം പൗരന്മാർ ഇതിനോടകം തന്നെ ആധാർ കാർഡ് എടുത്തിട്ടുണ്ട്. പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ഫോൺ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്ക് പുറമേ സർക്കാർ ആനുകൂല്യങ്ങൾ പറ്റുന്നതിനും ആധാർ നിർബന്ധമാക്കാനാണ് സർക്കാർ ശ്രമം. സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, ആധാർ സമർപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഒരാളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കരുത് എന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

ജസ്റ്റിസ് എ.കെ.സിക്രി, എ.എം.ഖാൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള അഞ്ചംഗബെഞ്ചിലെ മറ്റംഗങ്ങൾ.കേസിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പി. ചിദംബരം, രാ ഗേഷ് ദ്വിവേദി, ശ്യാം ദിവാൻ, അരവിന്ദ് ദത്താർ എന്നിവരാണ് ഹർജിക്കാർക്കു വേണ്ടി വാദം നടത്തിയത്.