ന്യൂഡൽഹി: ന്യൂഡൽഹിയിൽ ന്യൂജെൻ തലമുറക്കാർക്ക് ഇനി മദ്യം കഴിക്കാൻ ആധാർ കാർഡ് ഹാജരാക്കേണ്ടിവരും. കഴിഞ്ഞ 15 വർഷമായി ഡൽഹി പൊലീസുമായി സഹകരിച്ച പ്രവർത്തിക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന (CADD) നടത്തിയ സർവേ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനൊരുങ്ങുകയാണ് ഡൽഹി പൊലീസും എക്‌സൈസ് വകുപ്പും.

ഡൽഹിയിൽ 25 വയിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് കുറ്റകരമാണ്. എന്നാൽ യാതൊരു തടസവുമില്ലാതെ ഏതു പ്രായക്കാർക്കും മദ്യഷോപ്പുകളിലും ഹോട്ടലുകളിലും പബുകളിലും മദ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽ പെടുന്നവരിലേറെയും കൗമാരക്കാരുമാണ്. ഇതിന് തടയിടാനാണ് വയസുതെളിയിക്കാൻ ആധാർ കാർഡോ, തിരിച്ചറിയൽ കാർഡോ കാണിച്ച ശേഷം മതി മദ്യവിൽപനയെന്ന തീരുമാനം ഇനി ഡൽഹി നടപ്പാക്കുന്നത്.

25 വയസു തികയാത്തവർക്ക് മദ്യം വിറ്റാൽ ഡൽഹിയിൽ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. വ്യാജ തിരിച്ചറിയൽ കാർഡിൽ മദ്യം നൽകിയാൽ പിഴ ഒരുലക്ഷമാകും.

എന്നാൽ ഇനി മുതൽ കൗമാരക്കാർക്ക് മദ്യം വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് 90 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യാനും 2 ലക്ഷം പിഴ ഈടാക്കാനുമാണ് തീരുമാനം. രണ്ടാമതും തെറ്റാവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും.