ഇന്നലെ സുപ്രീം കോടതി സുപ്രധാനമായ ഒരു വിധി പ്രഖ്യാപിച്ചിരുന്നു. ആധാറിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെ വിജയം എന്നവകാശപ്പെടുന്ന വിധി. എതിർക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർ എന്തിന്റെ പേരിൽ എതിർത്തിരുന്നുവോ ആ കാര്യങ്ങളൊക്കെ സുപ്രീം കോടതി പരിഗണിക്കുകയും അതിന് പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു എന്ന ആശ്വാസമുണ്ട്. അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആധാർ ഭരണഘടനാ വിരുദ്ധമല്ല എന്ന് പ്രഖ്യാപിച്ചത് തങ്ങളുടെ വിജയമാണ് എന്ന് അവകാശപ്പെടാം.

എന്തായായലും സുപ്രീം കോടതിയുടെ വിധി വളരെ വിവേക പൂർണമാണ് എന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ആധാറിനെ എതിർക്കുന്ന എല്ലാവരും പറഞ്ഞിരുന്നത് വളരെ പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതും ആശങ്കാ ജനകവുമായ ചില കാര്യങ്ങളാണ്. ആധാർ എന്നത് ഒരു വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷം ആ വിവരങ്ങൾ ദുരുപയോഗിക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധ്യതയുള്ള വിവര ശേഖരണമായിരുന്നു എന്നായിരുന്നു വാദം.അതുകൊണ്ട് തന്നെ ആധാർ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് എന്ന് ചിലർ വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

സർക്കാരിന്റെ ആധാർ പ്രചരണ രീതി അങ്ങനെ തന്നെയായിരുന്നു. നിങ്ങൾക്ക് ജീവിക്കണമെങ്കിൽ ആധാർ വേണമെന്ന നിർബന്ധം ഏത് സാധാരണക്കാരന്റെയും ജീവിതത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ തുടങ്ങി എന്നത് സത്യമാണ്. ഒരു സ്‌കൂൾ വിദ്യാർത്ഥിക്ക് അഡ്‌മിഷൻ വേണമെങ്കിലും എൻട്രൻസ് ടെസ്റ്റ് എഴുതണമെങ്കിലും ബാങ്കിൽ അക്കൗണ്ട് തുറക്കണമെങ്കിലും ഗ്യാസ് കണക്ഷൻ എടുക്കണമെങ്കിലും ആധാർ വേണമെന്ന പിടിവാശിയായിരുന്നു ഇതിനെതിരെ ഇത്രയധികം ജനവികാരം ഉയരാൻ കാരണം. ആ വികാരങ്ങളൊക്കെ സുപ്രീം കോടതി മനസിലാക്കുകയും ദേശീയ സുരക്ഷയും മറ്റ് അടിസ്ഥാന കാര്യങ്ങൾക്കും ഒഴികെയുള്ള മേഖലകളിൽ ആധാർ നിർബന്ധമാക്കുന്നത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തിരിക്കുകയാണ്.

ദേശ സുരക്ഷയ്ക്ക് വേണ്ടി നിലപാടെടുക്കാൻ ഒരു സർക്കാരിന് അവകാശവും അധികാരവുമുണ്ട് എന്ന് മറക്കുന്നില്ല.അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ആ സർക്കാർ ഉറച്ച നിലപാടെടുക്കുകയും സുപ്രീം കോടതി അതിനെ ന്യായീകരിക്കുകയും ചെയ്താൽ അതിനെ കുറ്റം പറയാൻ സാധിക്കുകയില്ല. എന്നാൽ ഏത് വ്യക്തിയുടേയും ഏത് സ്വകാര്യ വിവരങ്ങളും ഏത് സ്വകാര്യ കമ്പനിക്കും കുത്തകയായി കൈവശം വയ്ക്കാം എന്ന അവസ്ഥ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. അതിനുള്ള ശക്തമായ നിലപാടാണ് സുപ്രീം കോടതി എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആധാറിനെ സംശയത്തോടെ വീക്ഷിക്കുകയും വിമർശിക്കുകയും ചെയ്തവർക്കുള്ള അംഗീകാരമാണ് ഈ വിധിയെന്ന് നിസ്സംശയം പറയാം.

ആധാറിനെ സംശയത്തോടെ കണ്ടവരുടെ ആശങ്ക അത്ര നിസാരമായി കരുതിക്കൂടാ. ഗൂഗിളും ഫേസുബുക്കും പോലുള്ള സ്ഥാപനങ്ങൾ ഒരു പൈസ പോലും ആരോടും വാങ്ങിക്കാതെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളായി മാറിയത് മനുഷ്യരുടെ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് എന്ന് മറക്കരുത്. ഈ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളത് ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാണ്.ഐസിഐസിഐ ബാങ്ക് പോലുള്ള സ്വകാര്യ ബാങ്കുകൾ ഒരു വ്യക്തിയുടെ വിവരങ്ങൾ കൈമാറിയാൽ ഏതൊരാൾക്കും കാശു കൊടുക്കുന്നുണ്ട് എന്ന് മാത്രം അറിഞ്ഞാൽ മതി.

ഗൂഗിളും ഫേസ്‌ബുക്കുമൊക്കെ അവർക്ക് വേണ്ട പരസ്യങ്ങൾ വായനക്കാർക്ക് നൽകുന്നത് ഓരോ വായനക്കാരനും സർഫ് ചെയ്യുന്ന താൽപര്യങ്ങൾ നോക്കിയാണ്. അവരുടെ കച്ചവടത്തിന്റെ അടിസ്ഥാനം തന്നെ ഒരു വായനക്കാരന്റെ താൽപര്യം അടിസ്ഥാനമാക്കിയാണ്. ആരോടും ചോദിക്കാതെ ഗൂഗിളും ഫേസ്‌ബുക്കുമൊക്കെ ഓരോരുത്തരുടേയും വിവരങ്ങളൊക്കെ ശേഖരിക്കുകയും അത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമായി മാറ്റുകയും ചെയ്യുന്നു. ഒരു പക്ഷേ ആപ്പിളിനെ പോലെയുള്ള സാംസങ്ങിനെ പോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനികളൊക്കെ തന്നെ ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

എന്തിനേറെ നമ്മുടെ നാട്ടിലെ ബിൽഡറുമാർക്ക് പോലും വേണ്ടത് വിവരങ്ങളാണ് കാശുള്ളവന്റെ വിവരം ശേഖരിച്ചാൽ അവൻ സാധനങ്ങൾ വാങ്ങുമെന്ന ബോധ്യമാണ് കൺസ്യൂമർ വ്യവസ്ഥയുടെ അടിസ്ഥാനം. അതു കൊണ്ട് തന്നെ ആധാർ എന്ന പേരിൽ നമ്മളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വിട്ടു കൊടുക്കുന്ന രീതി എതിർക്കപ്പെടേണ്ടത് തന്നെയാണ്. ആധാറിന്റെ തുടക്കം മുതൽ ഒട്ടേറെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നുവെന്ന് മറക്കരുത്.