ഹൈദരാബാദ്: ഗോസിപ്പുകൾക്കെല്ലാം വിട, തെന്നിന്ത്യൻ താരറാണി നിക്കി ഗൽറാണിയും നടൻ ആദിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുള്ള വിവാഹ നിശ്ചയം മാർച്ച് 24 നായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം താരങ്ങളുടെ വിവാഹ നിശ്ചയം രഹസ്യമായി കഴിഞ്ഞുവെന്ന് വാർത്തകൾ വന്നിരുന്നു.

ഇത് ശരിവെച്ചു കൊണ്ടാണ് ഇവർ തന്നെ വിവാഹ നിശ്ചയ വാർത്തയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പുതിയ ജീവിതത്തിലേക്ക് കിടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും താരം പറഞ്ഞു.

''വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹവും തേടുന്നു. നിക്കി കുറിച്ചു.''

രണ്ട് വർഷത്തിലേറെയായി പ്രണയത്തിലാണ് ആദിയും നിക്കി ഗൽറാണിയും. തെലുങ്ക് സിനിമ സംവിധായകൻ രവി രാജ പെനിസെട്ടിയുടെ മകൻ ആദി 'ഒക്ക വി ചിത്തിരം' എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. 'ഈറം' എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതൽ ശ്രദ്ധ നേടുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണിയുടെ അരങ്ങേറ്റം. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, മര്യാദ രാമൻ തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. 'ഡാർലിങ്' എന്ന ചിത്രത്തിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചു.