കൊച്ചി: കുപ്രസിദ്ധ മോ്ഷ്ടാവ് ആട് ആന്റണിയുടെ കാമുകിയായും അമ്മയായും ഭാര്യയായും അമ്മായിഅമ്മയായും സഹോദരിയായും സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഷം മാറിയിരുന്ന എറണാകുളം സ്വദേശി സൂസൻ. കള്ളന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു സൂസൻ. ഭർത്താവിനെ ഉപേക്ഷിച്ചാണ് സൂസൻ ആടിനൊപ്പം ചേർന്നത്. എന്നാൽ ഇന്ന് സൂസൻ ആളാകെ മാറിയിരിക്കുന്നു. രണ്ട് വർഷം മുമ്പ് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ വച്ച് ആട് സൂസനെ ഉപേക്ഷിച്ചു. ഇന്ന് ആട് പൊലീസ് വലയിലാകുമ്പോൾ മകൾ ശ്രീകലയും ആട് ആന്റണിയിൽ അവൾക്കുണ്ടായ മൂന്നരവയസുള്ള ചെറുമകനുമായി എറണാകുളത്തെ അഗതിമന്ദിരത്തിലാണ് സൂസനെന്ന സൂസി.

പാരിപ്പള്ളിയിൽ പൊലീസുകാരന്റെ കൊലപാതകത്തിനുശേഷം ഫ്‌ളാറ്റിൽ തിരിച്ചെത്തിയ ആട് ആന്റണിയ്‌ക്കൊപ്പം സൂസൻ നാടുവിട്ടു. കൊലപാതകക്കേസിൽ അന്വേഷണം നടത്തിയ പൊലീസ് കണ്ണമ്മൂലയിലെ ഫ്‌ലാറ്റിൽ നിന്ന് ശ്രീകലെയയും മറ്റൊരു ഭാര്യയായ ഗിരിജയെയും പിടികൂടുകയും പൊലീസുകാരന്റെ കൊലപാതകം കഴിഞ്ഞെത്തിയ ആന്റണിയുടെ ഷർട്ട് കഴുകി കൊടുത്തതിന് തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആടിനൊപ്പം ചെന്നൈയിൽ നിന്ന് നേപ്പാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി സൂസൻ ഒളിവുജീവിതം തുടരുമ്പോൾ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിൽ മകൾ ഒരാൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഒന്നര വർഷം മുമ്പ് പൊലീസ് മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്ന് സൂസനെ പിടികൂടി റിമാന്റ് ചെയ്തു.

അട്ടക്കുളങ്ങരയിലെ ജയിലിലെത്തിയപ്പോഴാണ് മകളെയും ചെറുമകനെയും സൂസൻ കാണുന്നത്. മകളോട് മാപ്പപേക്ഷിച്ച് കരഞ്ഞ ഇവർ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ പോകാനിടമില്ലാതായി. പൊലീസ് ഇടപെട്ട് തങ്ങളുടെ നിരീക്ഷണത്തിൽ കൊല്ലത്തെ മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് എറണാകുളം മഹിളാമന്ദിരത്തിലേക്ക് മാറിയത്. എന്തായാലും ഇന്ന് സൂസന് ഒന്നും പറയാനില്ല. ആട് ആന്റണിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ളവയിൽ നിശബ്ദതമാത്രമാണ് ഉത്തരം. മകൾക്കും ചെറുമകനുമൊപ്പം ആരോടും ഒന്നും പറയാതെ ജീവിതം നീക്കുകയാണ് സൂസനെന്ന സൂസി.

വർഷങ്ങൾക്കുമുമ്പ് പത്രത്തിൽ കണ്ട വൈവാഹിക പരസ്യമാണ് പെരുമ്പാവൂർ സ്വദേശിനിയായ സൂസന്റെ ജീവിതം വഴിമാറ്റിയത്. പരസ്യത്തിലെ ഫോൺ നമ്പരിൽ തമാശയ്ക്ക് വിളിച്ചുനോക്കിയ സൂസനെ ആദ്യസംഭാഷണത്തിൽ തന്നെ ആട് ആന്റണി വീഴ്‌ത്തി. കൂലിപ്പണിക്കാരനായ ഭർത്താവിനെയും മൂത്തമകളെയും ഉപേക്ഷിച്ച് ഇളയ മകളായ ശ്രീകലയെയും കൂട്ടി ആട് ആന്റണിയ്‌ക്കൊപ്പം കൂടി. ആട് മോഷ്ടാവാണെന്ന് അറിയാതെയായിരുന്നു ഇത്. പിന്നീട് ആടിനെ അടുത്തറിഞ്ഞപ്പോഴേക്കും അയാളിൽ നിന്ന് ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത വിധം അകപ്പെട്ടു. പിന്നെ സഹായവുമായി കൂടെ കൂടി. മോഷണത്തിനും വാണിഭത്തിനുമെല്ലാം പ്രധാന സഹായിയായി. പെരുമ്പാവൂരിലെ ഭർത്തൃവീട്ടിൽ നിന്നിറങ്ങിതിരിച്ച സൂസന് തിരികെ ചെല്ലാൻ സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തതും ആട് ആന്റണി നന്നായി ഉപയോഗിച്ചു.

ആന്റണിക്കൊപ്പം ആദ്യം ഭാര്യയായി കൂടിയ സൂസൻ വൈകാതെ മകൾ ശ്രീകലയെ ഇയാൾക്കു വിവാഹം കഴിച്ചുകൊടുത്ത് അമ്മായിയമ്മ പട്ടവുമണിഞ്ഞു. പാരിപ്പള്ളിയിൽ പൊലീസ് ഡ്രൈവറെ കൊല ചെയ്യുന്ന സംഭവത്തിന് മുമ്പ് കൊല്ലം സ്വദേശി ഗിരിജയെ പെണ്ണുകാണാൻ ആന്റണി കൊല്ലത്ത് എത്തിയപ്പോൾ അമ്മയുടെ വേഷത്തിലായിരുന്നു സൂസൻ. സൂസൻ അമ്മയുടെയും ആന്റണി അനുസരണയുള്ള മകന്റെയും വേഷത്തിലാണ് മുളങ്കാടകത്തെ ഗിരിജയുടെ വീട്ടിൽ പെണ്ണുകാണാനെത്തിയത്. താൻ നിമിത്തം ഗർഭിണിയായ ശ്രീകലയ്ക്ക് ഗർഭകാല പരിചരണത്തിന് ഒരാളെന്ന നിലയിലാണ് ഗിരിജയെ വിവാഹം കഴിക്കാൻ ആട് ആന്റണി സൂസന്റെ സമ്മതം വാങ്ങിയത്. 2012 മെയ്‌ മാസം ആയിരുന്നു വിവാഹം. തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ വാടക ഫ്‌ളാറ്റിലായിരുന്നു സൂസനും ശ്രീകലയും ഗിരിജയും താമസം.

ഏതായാലും ആടിന്റെ മോഷണങ്ങൾക്ക് പൂർണ്ണത വന്നത് സൂസനൊപ്പം ചേർന്നപ്പോഴാണ്. ആന്റണിയെക്കാൾ വയസിനു മൂത്ത സൂസനെ വിവാഹം കഴിച്ചതോടെയാണ് 'പ്രൊഫഷണൽ' തലത്തിലേക്ക് ആന്റണി കടക്കുന്നത്. മണിയൻ പിള്ള എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തോടെയാണ് ആന്റണിയുടെ ഓപ്പറേഷനുകളിൽ മുഖ്യപങ്കാളിയായ സൂസനെ കുറിച്ചുള്ള വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കുന്നത്. ആന്റണി ഉൾപ്പെട്ടെ വന്മോഷണങ്ങളിലെല്ലാം സൂസന്റെ നിർണായക പങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. സൂസന്റെ ഭർത്താവായ കണ്ണനെ ഉപേക്ഷിച്ച് ആന്റണിയെ വിവാഹം കഴിച്ചതിന്റെ പ്രധാന ലക്ഷ്യം ആഡംബര ജീവിതവുമായിരുന്നു. സൂസനെ വിവാഹം കഴിച്ചത് സൂസൻ-കണ്ണൻ ദമ്പതികളുടെ മകളായ ശ്രീകലയെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. ആഡംബര ജീവിതവും സ്വർണാഭരണങ്ങളും സൂസന് ഇടമുറിയാതെ നൽകി കൈയിലെടുത്താണ് ആന്റണി തന്റെ ഇംഗിതം സൂസനോട് വ്യക്തമാക്കിയത്.

തന്റെ പ്രിയതമന്റെ ആഗ്രഹം മനസിലാക്കിയതോടെ ഇരുപത്തിയാറുകാരിയായ മകൾ ശ്രീകലയെ ആന്റണിക്ക് വിവാഹം കഴിച്ചു കൊടുക്കാമെന്ന് സമ്മതിച്ചു. എന്നാൽ ശ്രീകലയുടെ അച്ഛനും സൂസന്റെ യഥാർഥ ഭർത്താവുമായ കണ്ണൻ ഇതിനെ എതിർത്തു. ആദ്യമൊക്കെ ഈ വിവാഹത്തിന് ശ്രീകലയും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, അമ്മ അനുഭവിക്കുന്ന ആഡംബരജീവിതത്തിൽ മകളെയും പ്രലോഭിപ്പിച്ചു. ഇതോടെ അമ്മയുടെ വാക്കുകളിൽ മയങ്ങിയ മകൾ ശ്രീകല ആന്റണിയെ വിവാഹം കഴിക്കാൻ സമ്മതിച്ചു. അച്ഛൻ കണ്ണന്റെ എതിർപ്പ് വകവയ്ക്കാതെ ശ്രീകല ആന്റണിയുടെ ഭാര്യയായി. ആളുകൾക്കിടയിൽ സൂസൻ അമ്മയും ശ്രീകല ഭാര്യയുമായിരുന്നു. എന്നാൽ വീട്ടിൽ അമ്മയും മകളും ആന്റണിയുടെ ഭാര്യമായിരുന്നു. 2011ൽ വിവാഹം കഴിച്ചതോടെ മൂന്നുപേരും ചെന്നൈയിലാണ് താമസിച്ചത്. വിവാഹം കഴിഞ്ഞതോടെ അമ്മയുടെയും തന്റെയും കൂടി ഭർത്താവായ ആന്റണിയുടെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞെങ്കിലും എതിർക്കാതെ മൂവർ സംഘമായി തുടരുകയായിരുന്നു.

ആന്റണി കണ്ട് ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ വീട്ടിൽ ചെന്ന് കണ്ട് വിവാഹം ആലോചിക്കുന്ന ചുമതലയായിരുന്നു സൂസന്റേത്. വിവാഹപരസ്യങ്ങളിൽ അമ്മയുടെ റോളിലായിരുന്നു സൂസൻ. ശ്രീകല സഹോദരിയും. ഭാര്യ മരിച്ചു പോയ ആന്റണിയുടെ കഥയായിരുന്നു എല്ലായിടത്തും സൂസനും ശ്രീകലയും അവതരിപ്പിച്ചിരുന്നത്. മണിയൻ പിള്ള കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുമ്പോൾ ഒപ്പം സൂസനെയും കൂട്ടിയിരുന്നു. എന്നാൽ സൂസനെയും കൊണ്ട് രക്ഷപ്പെടുന്നത് അപകടമാണെന്ന് മനസിലാക്കിയാണ് സൂസന ഒഴിവാക്കിയത്. അങ്ങനെയിരിക്കെയാണ് കൊല്ലത്തെ സെയിൽസ് ഗേളായ ഗിരിജയിൽ ആന്റണിയുടെ കണ്ണുടക്കുന്നത്. നിർധന കുടംബത്തിലെ അംഗമായ ഗിരിജയെ സ്വന്തമാക്കാനായി സൂസനെയാണ് രംഗത്തിറക്കിയത്. അമ്മയുടെ റോളിൽ ഗിരിജയുടെ വീട്ടിൽ എത്തിയ സൂസൻ ഉദ്ദേശലക്ഷ്യം സാധിച്ചാണ് മടങ്ങിയത്. മണിയൻ പിള്ളയ്ക്ക് ഒത്താശ ചെയ്‌തെന്ന കാരണത്താൽ ശ്രീകലയെയും ഗിരിജയെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് സമയത്ത് ഗർഭിണിയായിരുന്ന ശ്രീകല അട്ടക്കുളങ്ങര ജയിലിൽ വച്ചാണ് പ്രസവിച്ചത്.

കൊലപാതകത്തിന് ശേഷം ആന്റണിക്ക് ഒപ്പം മുങ്ങിയ സൂസനെ മഹാരാഷ്ട്രയിലെ ഷിർദിയിൽ നിന്നുമാണ് അറ്‌സറ്റ് ചെയ്തത്. ഷിർദ്ദിയിൽ വച്ച് തെറ്റിയതോടെ സൂസനും ശ്രീകലയും അനാഥരായി. അങ്ങനെയാണ് അഗതി മന്ദിരത്തിൽ എത്തിയത്.