- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ആട് ഭീകരജീവി തന്നെ; അസംബന്ധ കോമഡി നിറഞ്ഞ ഈ ചലച്ചിത്ര ആഭാസം കാണാൻ തീയറ്ററിൽ കയറുന്നവർ ഇടവേളയ്ക്ക് ശേഷം വീട്ടിൽ പോകുക; ഈ പണി നിർത്തി ജയസൂര്യ നാല് വാഴ വയ്ക്കട്ടെ
അഞ്ചാറ് സിനിമകൾക്ക് എഴുതുമ്പോഴേക്കും തിരക്കഥാകൃത്തുക്കൾ സംവിധായകരായി മാറുന്ന ട്രെൻഡിനെക്കുറിച്ച് കഴിഞ്ഞ തവണ പറഞ്ഞ് അധികം കഴിയും മുമ്പാണ് 'ആട് ഒരു ഭീകര ജീവിയാണെന്ന' അതിഭീകര സിനിമക്ക് പെട്ടുപോയത്. 'ഓം ശാന്തി ഓശാനായെന്ന' കൊള്ളാവുന്ന പടത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസാണ് പ്രെമോഷനായി സംവിധായകന്റെകൂടി റോളിലത്തെിയത്. തുട
അഞ്ചാറ് സിനിമകൾക്ക് എഴുതുമ്പോഴേക്കും തിരക്കഥാകൃത്തുക്കൾ സംവിധായകരായി മാറുന്ന ട്രെൻഡിനെക്കുറിച്ച് കഴിഞ്ഞ തവണ പറഞ്ഞ് അധികം കഴിയും മുമ്പാണ് 'ആട് ഒരു ഭീകര ജീവിയാണെന്ന' അതിഭീകര സിനിമക്ക് പെട്ടുപോയത്. 'ഓം ശാന്തി ഓശാനായെന്ന' കൊള്ളാവുന്ന പടത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസാണ് പ്രെമോഷനായി സംവിധായകന്റെകൂടി റോളിലത്തെിയത്. തുടക്കക്കാരന്റെ ആനുകൂല്യം കൊടുക്കാമെങ്കിലും തുറന്നുപറഞ്ഞാൽ അനുഭവക്കുറവിന്റെ ആ കൈത്തഴക്കമില്ലായ്മ സിനിമയിൽ ശരിക്ക് കാണാനുണ്ട്. ( പ്രതിഭയുള്ളവന് എക്‌സീപീരിയൻസ് ഒരു പ്രശ്‌നമേ അല്ലെന്ന് ലോക സിനിമയിൽ നിരവധി അനുഭവങ്ങളുണ്ട്. പക്ഷേ ഇത് ഇവിടുത്തെ തട്ടിക്കൂട്ടുകളുടെ കാര്യമാണ്) നോൺ ലീനിയർ ആഖ്യാനവും, കാരിക്കേച്ചർ കോമഡിയുമൊക്കെ ചേർത്ത് എന്തൊക്കെയൊ കാട്ടിക്കൂട്ടിയിരിക്കുന്നു. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവരോട് ആദ്യമേതന്നെ പറയട്ടെ, വലിയ കുഴപ്പമില്ലാതെ അത്യാവശ്യം നർമ്മമൊക്കെയുള്ള, ഒരു റോഡ് മൂവിയുടെ ഫീൽ ഇടക്കൊക്കെ കിട്ടുന്ന ഒന്നാം പകുതിക്കുശേഷം സ്ഥലം കാലിയാക്കുന്നതാണ് നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലത്. ഈ സിനിമയുടെ സെക്കൻഡ് ഹാഫ്, ബോറും വളിപ്പും അസംബന്ധങ്ങളും ഏച്ചുകെട്ടലുകളുമൊക്കെ ചേർത്ത ഒരു കഷായമാണ്. അവസാനമൊക്കെ ആവുമ്പോഴേക്കും ഈ പണ്ടാരമൊന്ന് തീർന്നുകിട്ടിയാൽ മതിയായിരുന്നെന്ന് നാം ആശിച്ചുപോവും.
ചീറ്റിപ്പോയ ബദൽ തമാശകൾ[BLURB#2-VL] നിലവിലുള്ള സിനിമകളെയും രാഷ്ട്രീയത്തെയും വ്യവസ്ഥിതിയെയുമൊക്കെ കാരിക്കേച്ചറാക്കി മാറ്റി നർമ്മമുണർത്താനുള്ള ചീറ്റിപ്പോയ ശ്രമമാണ് ഈ സിനിമ. എന്തായാലും അത്തരമൊരു പരീക്ഷണം നടത്താനുള്ള ധൈര്യം കാട്ടിയ സംവിധായകനും അതിന് പണമിറക്കിയ വിജയ്ബാബുസാന്ദ്രാതോമസ് ടീമും ഒരു ചെറിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. തമിഴിൽ ചോ രാമസാമിയൊക്കെ ചെയ്ത അംസബന്ധ നാടകങ്ങളെ മോഡലാക്കി വിജയ്ബാബു ടീം നിർമ്മിച്ച 'പെരുച്ചാഴിയുടെ' അവസ്ഥ പ്രേക്ഷകർക്ക് നല്ല ഓർമ്മയുണ്ടാവും. അതേ ഗതിയാണ് ഈ പടപ്പിനും. ( ടമാർ പഠാർ, മസാല റിപ്പബ്ലിക്ക് എന്നീ സിനിമകളും ഇതേ സ്പൂഫിന് ശ്രമിച്ച് പാളിപ്പോയവയാണെന്ന് ഓർക്കണം) ഈ ചിത്രത്തിന്റെ ടീസറും ട്രെയിലറും കാണുമ്പോഴുണ്ടാവുന്ന പ്രതീക്ഷകൾ സിനിമ മുഴുവൻ കണ്ടുകഴിഞ്ഞാൽ ഇല്ലാതാവും.
ഹൈറേഞ്ചിലെ ഒരു വടംവലി ടീമിന്റെ മാനേജറും, വാതുറന്നാൽ മുറുക്കുകയോ, മദ്യപിക്കയോ, തെറിപറയുകയോ ചെയ്യുന്ന ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന കർഷകനിലുടെയാണ് കഥ പുരോഗമിക്കുന്നത്. ഒരിടത്തെ വടംവലിയിൽ ജേതാക്കളായ ഇവർക്ക് കപ്പിനൊപ്പം കിട്ടിയത് ഒരു പെണ്ണാടിനെയാണ്. ഈ ആടിനെ പൊരിച്ചുതിന്നാനും വിൽക്കാനും കളയാനും ആവാതെ ഷാജിപാപ്പനും കൂട്ടരും ഒരു ലൊട്ടുലൊടുക്ക് ടെമ്പോയിൽ പരക്കം പായുന്നതാണ് അദ്യപകുതി മുഴുക്കെ. ഇടക്കിടെ ഓരോരോ കാരിക്കേച്ചർ കഥാപാത്രങ്ങൾ ഈ സംഘത്തിന് വട്ടംചാടും. വിജയ്ബാബുവിന്റെ സർബത്ത് ഷമീർ എന്ന മണ്ടനായ പൊലീസുകാരനും, മേനകഗാന്ധിയെ പരിഹസിക്കാനുണ്ടാക്കിയ മൃഗസ്‌നേഹിയായ കൊച്ചമ്മയുമെല്ലാം (സിനിമയിൽ സാന്ദ്രാതോമസ്) ഇങ്ങനെ ഇടക്ക് ചാടിവരുന്നവരാണ്. അതിനിടക്ക് ഇവരെ അടിച്ചുവീഴ്‌ത്തി സൈജുകുറുപ്പ് ചെയ്ത കഥാപാത്രത്തെ ചിലർ തട്ടിക്കൊണ്ടുപോവുന്നതോടെ ഇടവേളയാവുന്നു; കാര്യങ്ങൾ കൈവിട്ടുപോവുന്നു. അതുവരെ സിനിമക്കുണ്ടായിരുന്ന സോഫ്റ്റ് കോമഡി ട്രാക്ക് പൂർണമായും മാറുകയാണ്.
പിന്നെ ഇടുക്കിയിലെ 'വൺ ടൂ ത്രീ ഫെയിം', സിപിഐ(എം) നേതാവ് മണിയാശാനെ അനുകരിച്ചുകൊണ്ട് ഇന്ദ്രൻസ് വരുന്നു, അയാളുടെ ശിങ്കിടിയായി കഞ്ചാവ് വലിച്ച് വിപ്ലവവാക്യങ്ങൾ പുലമ്പുന്ന ചെമ്പൻ വിനോദ് വരുന്നു, ഒരു സത്താൻ കഥാപാത്രം പോലെ സണ്ണിവെയിൻ വരുന്നു, വിവിധ യന്ത്രത്തോക്കുകൾകൊണ്ട് തെക്ക് വടക്ക് വെടിവച്ചുകൊണ്ട് വിനായകൻ അലറുന്നു, ആകെ പടക്കക്കടക്ക് തീപിടിച്ചപോലെ. ഒരുപാട് സിനിമകളിൽ സുരേഷ്‌ഗോപിയെക്കൊണ്ട് തോക്കെടുപ്പിച്ച നമ്മുടെ രഞ്ജി പണിക്കർ, പൊട്ടിയാൽപൊട്ടി എന്ന മട്ടിലുള്ള നാടൻതോക്കുമായി വരുന്നതാണ് രണ്ടാപകുതിയിലെ ഏക ആശ്വാസം. ബോറൻ കഥാപാത്രങ്ങൾക്കുള്ള ദേശീയ അവർഡിന് മൽസരിക്കുന്ന രീതിയിലാണ് മറ്റുകഥാപാത്രങ്ങൾ പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യുന്നത്. ജയസൂര്യയടക്കമുള്ള വടംവലി സംഘത്തിലും കോമഡി വർക്കൗട്ട് ആയിട്ടില്ല. ധർമ്മജൻ ബോൾഗാട്ടിയുടെ ചില നമ്പറുകളാണ് ഈ ഘട്ടങ്ങളെ സഹനീയമാക്കുന്നത്.[BLURB#1-H] അതേസമയം കേരളം ചർച്ചചെയ്യേണ്ട കാലിക പ്രസക്തമായ ഒരു വിഷയം സിനിമക്കുള്ളിലുണ്ട്. നീലക്കൊടുവേലി, നാഗമാണിക്യം, ഗജമുത്ത്, റൈസ്പുള്ളർ എന്നൊക്കെ പറഞ്ഞ് ഭാഗ്യം കൊണ്ടുവരുന്ന സാധനങ്ങൾക്കായുള്ള പരക്കംപാച്ചിൽ ചിത്രത്തിൽ വരുന്നുണ്ട്. സഞ്ജയന്റെ പ്രശസ്തമായ 'രുദ്രാക്ഷ മഹാത്മ്യം' എന്ന കഥ പോലെ വികസിപ്പിക്കാവുന്ന ചില തലങ്ങളും ഉണ്ടായിരുന്നു. പക്ഷേ ആടുകഥയും ഇതും അടിപിടി വെടിയും എല്ലാം കൂടിക്കുഴഞ്ഞതോടെ ആകെ ഒരു പുകമാത്രമാണ് പ്രേക്ഷകർക്ക് കാണാനാവുന്നത്. ഒരു സിനിമയിൽ ആകെ പുകയിട്ട് ഒന്നും കാണിക്കാതെ 'വെറൈറ്റി സൃഷ്ടിച്ച' സലീംകുമാറിന്റെ ഡാൻസ് മാസ്റ്ററെ ഓർത്തുപോവുന്നു. ടൈറ്റിൽസോങ്ങും ഇടക്കൊരു ബീറ്റും അല്ലാതെ കൂടുതൽ സംഗീതം ഇടാഞ്ഞത് നന്നായി. വിഷ്ണുനാരായണന്റെ ഛായാഗ്രഹണവും എടുത്തു പറയാവുന്നതാണ്.
പരാജയ പരമ്പരയുമായി ജയസൂര്യ; നിരാശപ്പെടുത്തി വിജയ്ബാബവും സാന്ദ്രയും
കാണാൻകൊള്ളാവുന്ന കൊച്ചു കച്ചവട സിനിമകൾ ഒരുക്കി മലയാളികളുടെ ഹൃദയത്തിലേക്ക് കയറിയ ജയസൂര്യക്ക് ഇത് കടുത്ത തിരച്ചടികളുടെ കാലമാണ്. കഴിഞ്ഞ വർഷം 'ഇയ്യോബിന്റെ പുസ്തകത്തിലെ' വില്ലൻ വേഷം മാത്രമായിരുന്നു ജയന് എടുത്തു പറയാനുള്ളത്. 'മത്തായികുഴപ്പക്കാരനല്ല' എന്നതുപോലുള്ള സിനിമയിലൊക്കെ അഭിനയിക്കുന്നതിലും നല്ലത് നാടൻ ഭാഷയിൽ പറഞ്ഞാൽ നാലു വാഴവെക്കുകയായിരുന്നു. ഈ സിനിമയിലും ജയന്റെ കഥാപാത്രം പ്രതീക്ഷക്ക് അനുസരിച്ച് ഉയർന്നിട്ടില്ല. ഐസിൻ കട്ടക്ക് പെയിന്റടിക്കുക എന്നൊരു ചൊല്ലുണ്ട് മലബാറിൽ. അതുപോലൊരു വൃഥാ വ്യായാമമാണ് ഈ സിനിമയിലെ അഭിനയവും. ഈ സ്‌ക്രിപ്റ്റുവച്ച് ഇതിൽ കൂടുതലൊന്നും ചെയ്യാനാവില്ല.
മലയാളത്തിൽ ലക്ഷണമൊത്ത ആദ്യത്തെ ന്യൂ ജനറേഷൻ ചിത്രം എന്ന് പേരെടുത്ത 'മങ്കിപെൻ' നിർമ്മിച്ച് പേരെടുത്തവരാണ് വിജയ് ബാബുവും സാന്ദ്രാതോമസും. അശ്ലീലം, ദ്വയാർഥ പ്രയോഗം, സ്ത്രീവീരുദ്ധത, മാതൃപിതൃ നിരാകരണം തുടങ്ങിയ ന്യൂജൻ സനിമകളുടെ പതിവ് അസംസ്‌ക്യതകളൊന്നുമില്ലാതെ ഒരു കുളിർ തെന്നൽപോലെയാണ് 'മങ്കിപെൻ' കടന്നുപോയത്. ആ അതിസുന്ദര വിജയത്തിൽനിന്ന് ഈ ടീം ഓടിക്കയറിയത് ഭൂലോക കൂതറയായ 'പെരുച്ചാഴിയിലക്കാണ്'. അതിനുശേഷമിതാ ഈ ആടും. ദയനീയം എന്നല്ലാതെ ഒന്നും പറയാനില്ല.
രാഷ്ട്രീയ വായനയിൽ ഇതൊരു സാംസ്കാരിക കുറ്റകൃത്യം!
പക്ഷേ ഈ സിനിമ ഒരു സാംസ്കാരിക കുറ്റകൃത്യമാവുന്നത് അതിന്റെ രാഷ്ട്രീയ വായനയിലാണ്. സ്ത്രീകളെയും മൃഗസ്‌നേഹികളെയും, ഹൈറേഞ്ചിലെ തൊഴിലാളിസമരങ്ങളെയും ഒരുപോലെ അപമാനിക്കുന്ന പിന്തിരിപ്പൻ രാഷ്ട്രീയം ഈ സിനിമ മുന്നോട്ടുവെക്കുന്നു.
സ്ത്രീകളെ ബുദ്ധിയില്ലാത്തവരായോ, വഞ്ചകികളായോ ചിത്രീകരിക്കാതെ എന്ത് ന്യൂജൻ സിനിമ. ഈ സിനിമയിൽ നായികയേ ഇല്ലെന്ന് മാത്രമല്ല, ഉച്ചിമുതൽ ഉപ്പൂറ്റിവരെ സ്ത്രീവിരുദ്ധതയുമാണ്. പെണ്ണുങ്ങളെ ഈ വണ്ടിയിൽ കയറ്റില്ല എന്ന് ബോർഡ് വച്ച് നടക്കുന്നവനാണ് ജയസൂര്യയുടെ ഷാജി പാപ്പൻ. മൃഗത്തെപോലും ആൺപെൺ വേർതിരിവില്ലാതെ അയാൾക്ക് കാണാൻ കഴിയുന്നില്ല. മുട്ടനാടിനുപകരം പെണ്ണാടിനെ കിട്ടിയതാണ് ഷാജിപാപ്പനെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചത്. ഇനി ഈ അഞ്ഞൂറാൻ മോഡൽ സ്ത്രീവിരുദ്ധതക്ക് ഒരു കാരണവുമുണ്ട്. നടുവെലങ്ങി ഷാജി പാപ്പൻ ദീനക്കിടക്കയിലായപ്പോൾ, അയാളുടെ മാലമോഷ്ടിച്ച് സ്വന്തം ജീപ്പ് ഡ്രൈവറോടൊപ്പം ഒളിച്ചോടുന്ന ഉത്തമ കുടുംബിനിയാണ് അയാളുടെ ഭാര്യ. ന്യൂജൻ സിനിമയിൽ ഈ വേഷംചെയ്യാൻ സിൻഡ്ര ഷബാബ് ( '1983' എന്ന സിനിമയിൽ സച്ചിൻ ആരാണെന്ന് ചോദിച്ച് പ്രശസ്തയായ നടി) മാത്രമേയുള്ളൂ. വടംവലി സംഘത്തിലെ മറ്റൊരുത്തന്റെ ഭാര്യയും ഭർത്താവിനെ ഉപേക്ഷിച്ച് പോയതാണ്. കാര്യം നിസ്സാരം. അയാൾക്ക് മറ്റൊരുത്തിയുമായുള്ള അവിഹിതം അവൾ കണ്ടു! ഇനി ചിത്രത്തിന്റെ അവസാനമാണ് സൂപ്പർ. നായകൻ ആടിന്റെപേരായ പിങ്കിയെന്ന് ഉറക്കെ വിളിച്ചപ്പോൾ ഒരു വീട്ടിൽനിന്ന് ഒരു സുന്ദരിയായ യുവതി ( സ്വാതി റെഡ്ഡി) പ്രണയപുരസരം ഇറങ്ങിവരികയാണ്. അതും ഒരു തവണപോലും മുമ്പുകണ്ടിട്ടില്ലാത്ത മനുഷ്യന്റെ അടുത്തേക്ക്. വെള്ളമടിച്ചും മുറുക്കിയും ഒരു പരുവത്തിലായ, ഒരു വൃത്തികെട്ട ലുങ്കിയുമുടത്ത് കപ്പടാമീശയും നരച്ചതലയുമായി ഭ്രാന്തൻ പരുവത്തിൽ നിൽക്കുന്ന, തന്റെ അപ്പനാവാൻ പ്രായം തോന്നിക്കുന്നവന്റെ അടുത്തേക്ക്. അല്ലെങ്കിലും പുരുഷൻ വിരൽ ഞൊടിച്ചാലും പേരുചൊല്ലി ഒന്നു വിളിച്ചാലും വീണുപോവുന്നവരല്ലേ കേരളീയ സ്ത്രീകൾ!
ഇനി മൃഗസ്‌നേഹികൾ പെറ്റമ്മയെനോക്കാത്തവരും വെറും പൊങ്ങച്ചക്കാരുമാണെന്നാണ് ഈ സിനിമ പറഞ്ഞുവെക്കുന്നത്. സാന്ദ്രാതേമസ് അതീവ വൾഗറായ വേഷവിധാനത്തോടെ വന്ന് കുറെ കോപ്പിരാട്ടി കാട്ടുന്നുണ്ട്. മേനകാകാന്തൻ എന്ന സാന്ദ്രയുടെ പേരും ലക്ഷ്യം വെക്കുന്നത് ആരെയാണെന്ന് വ്യക്തം. ആക്ഷേപഹാസ്യങ്ങൾക്കും സ്ഥലകാലബോധം നിർബന്ധമാണല്ലോ. ഇവിടെ തെരുവ് നായക്കളെ കൊല്ലുന്ന വിഷയമായിരുന്നെങ്കിൽ ഈ കഥാപാത്രത്തെ ന്യായീകരിക്കാമായിരുന്നു. ഒരു ആടിന്റെ പ്രശ്‌നത്തിലേക്ക് അതിനെ വലിച്ചിട്ടത് കഥയുടെ ബലക്കുറവ് തന്നെയാണ്. [BLURB#3-VR] ഹൈറേഞ്ചിലെ തൊഴിലാളി സമരങ്ങളെ അപമാനിക്കകൂടി ആയതോടെ ചിത്രത്തിന്റെ അവതാര ലക്ഷ്യം പൂർത്തിയായി. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരാൾക്കും ന്യായീകരിക്കാൻ ആവുന്നതല്ല മണിയാശാന്റെ പ്രസംഗം. പക്ഷേ ആ സംഭവത്തെ കാരിക്കേച്ചർ ചെയ്യാനല്ല ,ഹൈറേഞ്ച് തൊഴിലാളി സമരങ്ങളെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും ആക്ഷേപിക്കാനാണ് സംവിധായകന്റെ ശ്രമം. അതും മേനകഗാന്ധിയുടെ കാര്യം പറഞ്ഞപോലെ കഥയുടെ പുരോഗതിക്ക് ഇങ്ങനെയാരു കഥാപാത്രത്തിന്റെ ആവശ്യമില്ലെന്നിരിക്കെയാണിത്. അല്ലെങ്കിൽ ഇന്നത്തെ നാട്ടുനടപ്പനുസരിച്ച് വിവാദമുണ്ടാക്കി ശ്രദ്ധ കിട്ടാനുള്ള ബോധപൂർവമായ ശ്രമം ആയിരിക്കും. മണിയാശന്റെ നാക്കിനെ വിമൾശിക്കുന്നവർക്കും, എന്തിന് കടുത്ത എതിരാളികൾക്കുപോലും അയാൾ അഴിമതിക്കാരനും, കള്ളനും, ഭീരുവുമാണെന്ന് അഭിപ്രായമുണ്ടാവാൻ ഇടയില്ല. ഇവിടെ പൊലീസിനെ കണ്ടാൽ പിൻവാതിലുടെ ഓടുന്ന, മരത്തിനുമുകളിലും, വാട്ടർടാങ്കിലും ഒളിച്ചിരിക്കുന്ന ഒരൂ ഭോഷനാണ് ഇന്ദ്രൻസിന്റെ കഥാപാത്രം. മണിയാശാന്റെ കൂട്ടാളിയാവട്ടെ കഞ്ചാവ് വലിച്ചു നടക്കുന്ന ചെമ്പൻ വിനോദും. ഹൈറേഞ്ചിലെ സമരങ്ങളെയും വോയ്‌സ് ഓവറിലൂടെ സിനിമ പരിഹസിക്കുന്നുണ്ട്. ഇടുക്കിയിലെ ലയങ്ങളിൽ കൃമികളെപ്പോലെ ജീവിച്ച മനുഷ്യർക്ക് ആരാണ് ആശ്രയമായതെന്നും തോട്ടംമേഖലയിൽ നടന്ന സമരം എങ്ങനെയാണ് രക്തപങ്കിലമായതെന്ന് ചുരുങ്ങിയത് പഴയ ഹൈറേഞ്ചുകാരെങ്കിലും ഇന്നും മറന്നിട്ടുണ്ടാവില്ല. ആ ഓർമ്മകൾക്കുനേരെയുള്ള കാർക്കിച്ചുതുപ്പായിപ്പോയി ആടിന്റെ ഒരു ഭാഗം.
തന്റെ സിനിമയുടെ രാഷ്ട്രീയധാര എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു സംവിധായകനുണ്ടെന്നതു പോലെ അതിനെ വിമർശിക്കാനും പ്രേക്ഷകർക്ക് അവകാശമുണ്ടെന്ന ജനാധിപത്യബോധത്തിന്റെ അകത്തുനിന്നാണ് ഈ കുറിപ്പ്.
വാൽക്കഷ്ണം: മൾട്ടിപ്‌ളക്‌സിലെ ഭീമമായ ചാർജും അവിടെ കയറിയാൽ ഒരു ആചാരംപോലെ കഴിച്ചുപോവുന്ന നൂറുരുപയുടെ പോപ്പ്‌കോണും ചേർത്ത്, ഈ വിലക്കയറ്റത്തിന്റെ കാലത്ത് ചെറുതല്ലാത്ത സാമ്പത്തിക നഷ്ടംകൂടി ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. ലാലിസത്തിന്റെയൊക്കെ കാശ് തരിച്ചുവാങ്ങിപ്പിച്ച പോലെ ഇത്തരം സിനിമകളുടെയൊക്കെ പണം തിരച്ചുകിട്ടാനുള്ള ഒരു കാമ്പയിൻ സോഷ്യൽ മീഡിയയിൽ അരങ്ങേറാനുള്ള സമയം അതിക്രമിച്ചിരുക്കുന്നു!