മിത്തും ചരിത്രവും ഇത്രമേൽ തമ്മിലിണങ്ങിനിൽക്കുന്ന മറ്റൊരു പാഠമാതൃക, യഹൂദരുടെ പുറപ്പാട് (Exodus) പോലെ, മനുഷ്യഭാവനയിൽ ഇന്നോളം രൂപം കൊണ്ടിട്ടില്ല. ബൈബിൾ പഴയനിയമത്തിലെ രണ്ടാമത്തെ പുസ്തകമാണ് പുറപ്പാട്. തുടർന്നങ്ങോട്ടുള്ള മുപ്പത്തേഴു പുസ്തകങ്ങളിൽ മിക്കതും പുറപ്പാടിന്റെ തുടർക്കഥകളുമാണ്. ഗ്രീക്കോ-റോമൻ സാമ്രാജ്യങ്ങൾക്ക് യഹൂദരുമായുണ്ടായ വൈരത്തിന് യഹോവയെത്തന്നെ നേരിട്ടിടപെടുത്തിക്കൊണ്ടാണ് ഇസ്രയേൽജനത പരിഹാരമുണ്ടാക്കിയത്. എന്നിട്ടും യുദ്ധവിജയങ്ങളല്ല, പലായനങ്ങളായിരുന്നു അവരുടെ വിധി. ചരിത്രത്തിന്റെ പരിണാമത്തിൽ യഹൂദരുടെ യഹോവ, അവരുടെ വേട്ടക്കാരുടെയും ദൈവമായി. പിന്നെ അതേദൈവം ഇസ്ലാമിനെ പൊതുശത്രുവാക്കി. കുരിശുയുദ്ധങ്ങൾ പിന്നിട്ട് ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോൾ യഹൂദർ നേരിട്ട മറ്റൊരു നരഹത്യക്കും ചരിത്രം സാക്ഷിയായി. ഇക്കുറി യഹോവ അയച്ചത് മോശയെയായിരുന്നില്ല, സാമ്രാജ്യത്ത-കമ്യൂണിസ്റ്റ് സഖ്യകക്ഷിസേനയെയായിരുന്നു. എന്തായാലും യഹോവ തുടങ്ങിവച്ചത് സഖ്യസേന പൂർത്തിയാക്കി. 1948-ൽ യഹൂദരാഷ്ട്രമായി ഇസ്രയേൽ രൂപം കൊണ്ടു. ലോകമെങ്ങും ചിതറിപ്പോയ യഹൂദർ ഇസ്രയേലിലേക്കു തിരിച്ചുവന്നുതുടങ്ങി. പക്ഷെ വീണ്ടുമാരംഭിക്കുന്നു, ഫലസ്തീനുമായുള്ള സംഘർഷങ്ങൾ. ലോകാവസാനം വരേയ്ക്കും തുടരും, ഇസ്ലാമും ക്രൈസ്തവ-യഹൂദമതങ്ങളും തമ്മിലുള്ള വൈരം എന്ന വസ്തുതയ്ക്കടിവരയിട്ടുകൊണ്ട് പുതിയ നൂറ്റാണ്ടിലും ലോകത്തെ ഏറ്റവും സംഘർഷാത്മകമായ രാഷ്ട്രീയനാടകമാണ് 'വിശുദ്ധ'നാടുകളിൽ അരങ്ങുതകർത്താടുന്നത്.

ബി.സി. പത്താം നൂറ്റാണ്ടിൽ സോളമന്റെ കാലത്തു തുടങ്ങിയതാണ് കേരളത്തിലേക്കുള്ള യഹൂദസഞ്ചാരം. കച്ചവടത്തിനുവേണ്ടിയാരംഭിച്ച ആ യാത്രകൾ ഏ.ഡി. ഒന്നാം നൂറ്റാണ്ടിൽ രാഷ്ട്രീയാഭയാർഥിത്വമായി മാറി. പശ്ചിമേഷ്യയിൽനിന്നു ചിതറിയ യഹൂദർ ലോകമെങ്ങും കുടിയേറി. മനുഷ്യചരിത്രത്തിലെ ഏറ്റവും വിലയ സഹനങ്ങളിലൂടെയാണ് പിന്നീടു രണ്ടു സഹസ്രാബ്ദം യഹൂദർ കടന്നുപോയത്. നാസിക്യാമ്പുകളിൽ മാത്രം കൊല്ലപ്പെട്ടത് 60 ലക്ഷം യഹൂദരാണ്! കേരളത്തിൽ കൊടുങ്ങല്ലൂരിനു ചുറ്റും വേരുറപ്പിച്ച യഹൂദർ ക്രമേണ മലബാർ യഹൂദർ, കറുത്ത യഹൂദർ എന്നൊക്കെ പശ്ചിമേഷ്യയിലും യൂറോപ്പിലും അറിയപ്പെട്ടു തുടങ്ങി. പോർട്ടുഗീസുകാരുടെ കാലത്ത് സ്‌പെയിനിലും പോർട്ടുഗലിലും നിന്നു പലായനം ചെയ്ത യഹൂദരിൽ ഒരു വിഭാഗം കൊച്ചിയിലെത്തി. അവർ വെളുത്ത യഹൂദർ, പരദേശി യഹൂദർ എന്നു വിളിക്കപ്പെട്ടു. കറുത്തവരും വെളുത്തവരും തമ്മിൽ ലോകത്തെവിടെയും നിലനിൽക്കുന്ന അന്തരങ്ങളും വൈരുധ്യങ്ങളും കേരളത്തിൽ ഈ രണ്ടു വിഭാഗം യഹൂദർക്കിടയിലുമുണ്ടായി. ഒരു ദൈവം. ഒരു മതം. പക്ഷെ പല ജാതികൾ. ചോരയുടെ കലർപ്പിൽ കാലം യഹൂദരെ പലതാക്കി. 1948-ൽ ഇസ്രയേൽ രൂപീകൃതമായതോടെ അങ്ങോട്ടു കുടിയേറി, കറുത്ത യഹൂദരെങ്കിൽ വെളുത്ത യഹൂദർ പൊതുവെ അമേരിക്ക മുതൽ ആസ്‌ത്രേലിയ വരെയുള്ള 'പാശ്ചാത്യ'രാജ്യങ്ങളിലേക്കാണ് കുടിയേറിയത്.

ഇസ്രയേലിലേക്കുള്ള കറുത്ത യഹൂദരുടെ കുടിയേറ്റത്തെക്കുറിച്ച് കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലുമുണ്ടായ നിരവധിയായ ജനപ്രിയചരിത്രപാഠങ്ങളുടെ നോവൽരൂപമാണ് 'ആലിയ'.

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയാണ് കാലം. ചേന്ദമംഗലത്തെ യഹൂദത്തെരുവിൽ എപ്രായിം കെട്ടിയ വലിയ വീട്ടിൽ ജീവിക്കുന്ന നാലുതലമുറകളാണ് 'ആലിയ'യുടെ അച്ചുതണ്ട്. മൂവായിരം കൊല്ലം മുൻപ്, സോളമന്റെ കാലത്തു പുറപ്പെട്ടുപോന്ന് കേരളത്തിൽ വേരുറപ്പിച്ച് യഹൂദരുടെ പിൻഗാമികളാണവർ. യഹൂദപ്രമാണിയായിരുന്ന എപ്രായിമിന്റെ കാലം കഴിഞ്ഞു. നേരും ചൊവ്വുമുണ്ടായിരുന്ന വർത്തകമുഖ്യനായിരുന്നു, അയാൾ. മകൻ ഐസേക്ക് കള്ളക്കണക്കും ചതിയും കൈമുതലാക്കി വളർന്നുവെങ്കിലും വെള്ളപ്പൊക്കത്തിൽപെട്ടു മുങ്ങിച്ചത്തു. ഭാര്യ ഏശി മൂന്നു മക്കളെ വളർത്തി മുത്തിമ്മയായി. മൂത്ത മകൻ മെനഹിം കൊച്ചിയിലെ തോപ്പുംപടിയിലേക്കു താമസം മാറ്റി. പണിയൊന്നുമെടുക്കാതെ, മതഗ്രന്ഥങ്ങൾ പഠിച്ച് നാടുവിട്ടു; ഏറെക്കാലം ബോംബെയിലും മറ്റും കഴിഞ്ഞ് തിരിച്ചുവന്നു. രണ്ടാമൻ ഏവറോൻ, അപ്പന്റെ കച്ചവടം ഏറ്റെടുത്തെങ്കിലും പിടിപ്പുകേടു മൂലം അതു ക്ഷയിച്ചു. ഇളയ മകൻ ഏലിയാസ് വായനയും പഠിപ്പുമായി കൂടി. ഏവറോൻ എറണാകുളത്തുവച്ച് റബേക്കയെ കണ്ടു മോഹിച്ചു. അവർ വിവാഹിതരായി. അവർക്ക് സോളമൻ എന്ന മകൻ പിറന്നു. അവനാണ് കഥാനായകനായി മാറുന്ന ശലമോൻ. വിദേശാധിപത്യത്തെ പേരുമാറ്റത്തിലൂടെ വെല്ലുവിളിച്ച്, വർഗീസ് എന്ന തന്റെ പേര് വറുതൂട്ടി എന്നാക്കിയ മാഷ് തന്നെയാണ് സോളമനെ ശലമോനാക്കിയതും.

1948-ൽ ഇസ്രയേൽ രൂപീകൃതമായതോടെ വംശവൃക്ഷത്തിന്റെ വേരുകൾ ചേന്ദമംഗലത്തെ കറുത്ത യഹൂദരെയും തിരികെ വിളിച്ചു തുടങ്ങി. റബേക്ക മരിച്ചു. ഏവറോൻ കച്ചവടം വിട്ട് പഞ്ചായത്താപ്പീസിന്റെ തിണ്ണനിരങ്ങിത്തുടങ്ങി. ശലമോൻ കോളേജിൽ ചേർന്നു. എൽസിയെന്ന നസ്രാണിപ്പെണ്ണ് അവന്റെ മനസ്സിൽ കുടിയേറി. ഇതിനിടെ മെനഹിം തന്റെ പൂർവകാമുകിയും ബാഗ്ദാദിയഹൂദയുമായ എസ്‌തേറിനെ സ്വന്തമാക്കിയെങ്കിലും അവൾക്കു കമ്പം ശലമോനോടായിരുന്നു. വല്യമ്മയുമായി പാപം ചെയ്തതിന്റെ കുറ്റബോധത്തിൽ ശലമോൻ പിന്നെ തോപ്പുംപടിക്കു പോയില്ല. നാട്ടിൽ ബൈൻഡർ ദാവീദ്, വറുതൂട്ടിമാഷ്, കമ്യൂണിസ്റ്റുകാരൻ പവിത്രൻ, ഏലിയാച്ച തുടങ്ങിയവരൊക്കെ ശലമോന് യഹൂദരുടെ ചരിത്രവും പുറപ്പാടിന്റെ രാഷ്ട്രീയവും പറഞ്ഞുകൊടുത്തു. ഏശിമുത്തിമ്മ കുടുംബത്തിന്റെ പുരാവൃത്തങ്ങളും. ആകാശവും ഭൂമിയു(ചന്ദ്രനു)മുള്ള കാലത്തോളം ജോസഫ് റബ്ബാനും പിൻഗാമികൾക്കുമായി മഹാരാജാവ് പതിച്ചുകൊടുത്ത അവകാശങ്ങൾ പോലും വേണ്ടെന്നുവച്ച് കൂട്ടരും വീട്ടുകാരും ഇസ്രയേലിലേക്കു കുടിയേറുന്നു. ശലമോൻ മാത്രം നാട്ടിൽ തുടരുന്നു.

'നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നേർത്ത മഞ്ഞും പുലരിത്തണുപ്പുമുണ്ട്.

കരിപ്പായിക്കടവിനടുത്തുള്ള കരിങ്കൽത്തിണ്ണയിൽ, പുഴവെള്ളത്തിലേക്ക് തുറിച്ചുനോക്കിക്കൊണ്ടു ശലമോൻ ഇരുന്നു.

യഹൂദത്തെരുവിൽ ഇപ്പോൾ തിരച്ചിലും ബഹളവുമായിരിക്കും. ഒച്ചയും നിലവിളിയുമുണ്ടാകും. അയാൾ ഓർത്തു. നിവർത്തിയിട്ട കിടക്കപ്പായിൽ നിന്ന് അതേപടി മാഞ്ഞുപോയ, കുടുംബത്തിലെ ഏക ആൺതരി. പേരുകേട്ട എപ്രായിം കുടുംബത്തെ ഇനി വരും തലമുറകളിലേക്ക് കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവൻ.

ഏവറോന്റെ മകൻ, സോളമൻ എന്ന ശലമോൻ

ഒടുവിൽ -

സമയം വൈകുന്നു. ബോട്ട് പോകും. തീവണ്ടി പോകും. വിമാനം പോകും.

അങ്ങനെ, ഒടുവിൽ, എപ്രായിം കുടുംബവും ഈ കര വിടാനൊരുങ്ങുകയായി, തങ്ങളുടെ ചോരയുടെ അവസാനത്തെ തുള്ളിയെ ബാക്കിവച്ചുകൊണ്ട്. അതു ദൈവവിധിയാകാം. പൂർവ്വീകർക്കുവേണ്ടിയുള്ള പിഴയൊടുക്കലാകാം.

അന്നാദ്യമായി തന്റെ അകമാകെ ഒഴിഞ്ഞതുപോലെ ശലമോന് തോന്നി. ഒന്നും ബാക്കിയില്ല, കാഴ്ചകളായി, ശബ്ദങ്ങളായി, തോന്നലുകളായി.

നൂറ്റാണ്ടുകൾക്ക് മുമ്പു ആദ്യമായി ഈ മണ്ണ് ചവിട്ടിയവന്റെ മനസ്സ്‌പോലെ ഇതും. എല്ലാം ആദിപൂതി തുടങ്ങുകയായിരുന്നല്ലോ എവിടന്നോ വന്നു കയറിയവർ. ആ ഗതിതന്നെ ഇപ്പോൾ തനിക്കും.

ഈകരയിലെ അവസാനത്തെ യഹൂദൻ.

ആദ്യം വന്നവന്റെ പേര് ആർക്കുമറിയില്ല. പക്ഷേ, അവസാനത്തവന്റെ പേരടയാളം ഒരു കാലത്ത് ആരെങ്കിലും ആ പള്ളിച്ചുമരിൽ കൊത്തിയിട്ടുവെന്നു വരാം.

ഏവറോന്റെ മകൻ സേളമൻ എന്ന ശലമോൻ. ഇവിടെ ജനിച്ചു, ഇവിടെത്തന്നെ അടക്കം ചെയ്തു.

പിറന്ന മണ്ണിൽത്തന്നെ അലിഞ്ഞുചേരുന്നതിനെക്കാൾ വലിയ സുകൃതം എന്തുണ്ടീ ജന്മത്തിൽ?

അപ്പോഴേക്കും വെയിൽ ഉദിച്ചു കഴിഞ്ഞിരുന്നു. പുഴ കടന്നു പോകേണ്ടവർ അക്കരെ നിൽക്കുന്ന കടത്തുവഞ്ചിക്കായി വിളിച്ചു കൂവുന്നുണ്ടായിരുന്നു.

അയാളൊന്നും കേട്ടില്ല. ഒന്നും കണ്ടതുമില്ല.

കാരണം, അയാൾക്കെങ്ങും പോകാനില്ലായിരുന്നു'.

ചരിത്രം ഒരാവർത്തനപ്പുസ്തകമാണെന്നു തെളിയിക്കുന്നു, ആലിയ. അധിനിവേശങ്ങളുടെ. പുറപ്പാടുകളുടെ. വംശവെറികളുടെ. ജാതിവിവേചനങ്ങളുടെ. ലിംഗാനീതികളുടെ. മതകലാപങ്ങളുടെ. പലായനങ്ങളുടെ. കുടിയേറ്റങ്ങളുടെ. മണ്ണും മനുഷ്യരും തമ്മിലുള്ള വിശ്ലഥബന്ധങ്ങളുടെ. ചോരക്കലർപ്പുകളുടെ. പാപങ്ങളുടെ - ഒക്കെ ആവർത്തനമാണ് ചരിത്രത്തിന്റെ പാഠസ്വരൂപമെന്ന് ഈ നോവൽ അടിവരയിട്ടു പറയുന്നു.

അതേസമയം, ചരിത്രത്തെ പ്രശ്‌നവൽക്കരിക്കുന്ന നോവൽ എന്ന നിലയിൽ തോമസ്മന്നും പാസ്തർനാക്കും മറ്റുമവതരിപ്പിച്ചതുപോലെ ആലിയ ചരിത്രത്തെക്കുറിച്ചുള്ള ചിന്തകളോ വ്യാഖ്യാനങ്ങളോ അവതരിപ്പിക്കുന്നില്ല. ആനന്ദിന്റേതുപോലെ ചരിത്രത്തിന്റെ രേഖീകരണവും വിമർശനവുമല്ല സേതുവിന്റെ നോവൽരചനാരീതിശാസ്ത്രം. കുന്ദേരയും യോസയും മാർക്കേസുമൊക്കെ ചെയ്തതുപോലെ ചരിത്രം മുൻനിർത്തിയുള്ള മനുഷ്യാസ്തിത്വത്തിന്റെ ആഖ്യാനമല്ല ആലിയായിലുള്ളത്. എക്കോയും റുഷ്ദിയും മറ്റും ഊന്നൽ നൽകിയ ബദൽ ചരിത്രരചനയുമല്ല സേതുവിന്റെ സംരംഭം. മേല്പറഞ്ഞ നാലു സമീപനങ്ങളിൽനിന്നും ഭിന്നമായി, ഒരു ചരിത്രാനുഭവത്തെക്കുറിച്ചു രൂപംകൊണ്ടിട്ടുള്ള നിരവധിയായ ജനപ്രിയപാഠങ്ങളെ പിൻപറ്റി അതിനെക്കുറിച്ചു രൂപപ്പെടുത്തുന്ന ഒരു കഥാപാഠമാണ് ഈ നോവൽ.

ഇസ്രയേലിലേക്കു മടങ്ങുകയോ മടങ്ങാതിരിക്കുകയോ ചെയ്യുന്ന യഹൂദരെക്കുറിച്ചുണ്ടായ നിരവധിയായ ഫീച്ചറുകൾ, റിപ്പോർട്ടുകൾ, അവരുമായി നടത്തിയ അഭിമുഖങ്ങൾ, കറുത്ത യഹൂദരും പരദേശി യഹൂദരുമുൾപ്പെടെയുള്ളവരുടെ വംശപുരാണങ്ങൾ തുടങ്ങിയവയൊക്കെ മുൻനിർത്തി സേതു രൂപപ്പെടുത്തുന്ന നോവൽപാഠം.

നിരവധി ചരിത്രസന്ദർഭങ്ങളുടെ മിത്തുവൽക്കരണവും കഥാവൽക്കരണവുമാണ് ആലിയയുടെ ആഖ്യാന ഘടനയെ സവിശേഷമാക്കുന്നത്. കറുത്ത യഹൂദരുടെ പഴമ്പുരാണം ഏലിയാച്ചയും ആചാരങ്ങളും പാരമ്പര്യങ്ങളും ഏശിമുത്തിമ്മയും ഇസ്രയേൽ രൂപീകരണത്തിന്റെ ചരിത്രവും രാഷ്ട്രീയവും വറുതൂട്ടി മാഷും പന്തിഭോജനത്തിന്റെ കഥ പവിത്രനും ശലമോനു പറഞ്ഞുകൊടുക്കുന്നു. പുറപ്പാടിന്റെ മിത്തും ചരിത്രവും പുരാണവും വർത്തമാനവും ആ കഥകളിൽ മറനീങ്ങുന്നു. ചരിത്രത്തിന്റെ മിത്തിക്കൽ ആവർത്തനങ്ങളെന്ന നിലയിലോ മിത്തുകളുടെ ചരിത്രാത്മക പുനരാഖ്യാനങ്ങളെന്ന നിലയിലോ കാണാവുന്ന ചില സന്ദർഭങ്ങളാണ് പഴയനിയമത്തിന്റെ ജനപ്രിയരൂപകങ്ങളുടെ തനിപ്പകർപ്പുകളായി നോവലിലുടനീളം നിറയുന്നത്. പ്രളയത്തിന്റെ മിത്ത് ഐസക്കിന്റെ മരണത്തിലും മരിച്ചവരുമായുള്ള സംവാദം ശലമോന്റെ സ്വപ്നങ്ങളിലും പിതാപുത്രബന്ധത്തിന്റെ സംഘർഷങ്ങൾ ഒന്നൊഴിയാതെ നാലുതലമുറയിലും അഗമ്യഗമനത്തിന്റെ പാപത്തിണർപ്പുകൾ എസ്‌തേർ-ശലമോൻ ബന്ധത്തിലും റബേക്ക-ഏലിയാസ് ബന്ധത്തിലും ആവർത്തിക്കുന്നു. നിത്യകന്യകയാകുന്നു, എൽസി.

ഏഴു സൂക്ഷ്മഭാവസന്ദർഭങ്ങളാണ് നോവൽ എന്ന നിലയിൽ ആലിയയെ കലാത്മകമാക്കുന്നത്.

മലയാളനോവലിലെ വേറിട്ടുനിൽക്കുന്ന ദേശീയതാ-വംശീയതാ പാഠങ്ങളിലൊന്ന് എന്നതാണ് ആദ്യതലം. പ്രാദേശികനോവൽ, ഉപ-ദേശീയനോവൽ എന്നീ നിലകളിൽ ആലിയ അവതരിപ്പിക്കുന്ന സാംസ്‌കാരിക ഭൂമിശാസ്ത്രത്തിന്റെ ചരിത്രബന്ധം ഇവിടെ വിശദീകരിക്കാനാവും.

സ്ത്രീകളുടെ കർതൃശേഷിയിലുള്ള ഊന്നലാണ് രണ്ടാമത്തേത്. പാണ്ഡവപുരം ഉൾപ്പെടെയുള്ള സേതുവിന്റെ നോവലുകളുടെ തനതു രീതികളിലൊന്നാണിത്. ആലിയയിൽ ഏശിമുത്തിമ്മ, റബേക്ക, എസ്‌തേർ, എൽസി, വീറോണി എന്നീ അഞ്ചു സ്ത്രീകളും താന്താങ്ങളുടെ കുടുംബ, പുരുഷ, കാമനാബന്ധങ്ങളിൽ അസാധാരണമാംവിധം നിർവാഹകശേഷി പ്രകടിപ്പിക്കുന്നവരാണ്. സ്വാത്മബോധവും സ്വാതന്ത്ര്യദാഹവുമാണ് വീറോണിക്കും എൽസിക്കുമുള്ള ബലം. റബേക്കയും എസ്‌തേറും പഴയനിയമത്തിൽ നിന്നിറങ്ങിവന്നവരാകുന്നു. നിഗൂഢവും മോഹനീയവുമായ സ്‌ത്രൈണചേതനകൾ. സാറായുടെ പിൻഗാമികൾ.

 

ക്ഷീണകാമികളായ പുരുഷന്മാരുടേതാണ് മൂന്നാമത്തെ തലം. തൃഷ്ണാക്ഷയം വന്നവരാകുന്നു, എപ്രായിമും ഐസേക്കും മെനഹിമും ഏലിയാസും ശലമോനും ഒന്നടങ്കം. മോസസ് മാഷും അന്ത്രപ്പേരും മറ്റൊരർഥത്തിൽ ക്ഷീണിതരാണ്. കാമനാലോകങ്ങൾക്കു പുറത്താണവരുടെ ജീവിതവും സ്വത്വവും. ഏബ്രഹാം മുതൽ ലോത്ത് വരെയും ഹാം മുതൽ റൂബൻ വരെയും അബ്‌സലോം മുതൽ അമ്‌നോൺ വരെയുമുള്ളവരുടെ അഗമ്യഗമനപാരമ്പര്യം ശലമോനിൽ പൂർത്തീകരിക്കുന്നുവെങ്കിലും എൽസിക്കു മുൻപിൽ അയാൾ ഷണ്ഡനാകുന്നു.

ചരിത്രത്തിന്റെ പരിവർത്തനങ്ങളാണ് നാലാമത്തെ ഭാവതലം. മുൻപു സൂചിപ്പിച്ചതുപോലെ, ചിന്തയുടെ ആഴത്തെക്കാൾ വസ്തുതകളുടെ പരപ്പിൽ അഭിരമിക്കുന്ന നോവലാണ് ആലിയ. കുടിയേറ്റത്തിന്റെയോ പുറപ്പാടിന്റെയോ വംശീയതയുടെയോ വംശഹത്യകളുടെയോ ചരിത്രഭാരം ഏറ്റെടുക്കുന്ന ഭാവബദ്ധതയ്ക്കുപകരം പറിച്ചുനടലിന്റെ വൈകാരികതയിൽ ഒതുങ്ങിനിൽക്കുകയാണ് നോവൽ.

നിശ്ചയമായും സന്ദേഹമുണർത്തുന്ന നിരവധി വസ്തുസ്ഥിതികഥനങ്ങൾ ചരിത്രത്തിന്റെ ആഴക്കുറവിനൊപ്പം ആലിയയുടെ ആഖ്യാനകലയെ പ്രശ്‌നഭരിതമാക്കുന്നുണ്ട്. ഏതാണ്ടൊരു അരനൂറ്റാണ്ടിന്റെ കഥാകാലമുള്ളപ്പോഴും 1940കളും അൻപതുകളുമാണല്ലോ നോവലിലെ പ്രത്യക്ഷകാലം. കമ്യൂണിസ്റ്റ് പാർട്ടി, സമ്മേളനങ്ങൾക്ക് ആളെ വാടകക്കു കൊണ്ടുപോകുന്നതിനെക്കുറിച്ചും മണൽ വാരിയ കയങ്ങളിൽ ചെറുപ്പക്കാർ മുങ്ങിമരിക്കുന്നതിനെക്കുറിച്ചും ചെഗുവേര, സഖാക്കളുടെ പ്രസംഗങ്ങളിൽ നിറയുന്നതിനെക്കുറിച്ചുമൊക്കെയുള്ള സൂചനകൾ ചരിത്രവുമായി പൊരുത്തപ്പെടുന്നവയാണോ? 1930കളിൽ ഡിറ്റക്ടിവ് നോവലുകളും തകഴിയും ബഷീറും ദേവും ഉറൂബും ധാരാളമായി വായിക്കപ്പെടുന്നു എന്ന പരാമർശവും, പത്രം വരുത്താത്ത വീട് റബേക്കയുടെ അപ്പനിൽ വിസ്മയം ജനിപ്പിക്കുന്നതിന്റെ ചിത്രീകരണവും ചരിത്രപരമായി യുക്തിസഹമാണോ?

പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷങ്ങളും സമന്വയങ്ങളുമാണ് അഞ്ചാമത്തെ തലം. ഏശി മുത്തിമ്മയാണ് ഇവ രണ്ടിന്റെയും ദൃക്‌സാക്ഷി; ഭർത്താവും ഭർതൃപിതാവും ഒരു വശത്ത്. മക്കളും കൊച്ചുമകനും മറുവശത്ത്. കല്യാണച്ചടങ്ങുകൾ, പെണ്ണിന്റെ ശുദ്ധി പരിശോധന... ഓരോന്നും മാറിമറിയുന്ന കാലങ്ങൾക്ക് അവർ സാക്ഷിയാകുന്നു.

കഥപറച്ചിലുകളുടെ പരവതാനിലോകമാണ് ആലിയയുടെ ആഖ്യാനഭൂമികയിലൊന്നടങ്കം ചുരുൾ നിവരുന്നത്. കഥകൾ ചരിത്രമാകുന്നു, ചരിത്രം കഥകളാകുന്നു. ഏശിമുത്തിമ്മയും ഏലിയാച്ചയും എസ്‌തേറും മെനിഹിമും ശലമനോടു പറയുന്ന കഥകൾ തങ്ങളുടെ വംശത്തിന്റെയും കുടുംബത്തിന്റെയും ചരിത്രമായി മാറുന്നു. ദാവീദും വറുതൂട്ടിയും പവിത്രനും പറയുന്ന കഥകൾ ലോകത്തിന്റെയും നാടിന്റെയും ചരിത്രമായും. കഥ പറയുക മാത്രമല്ല, സ്വയം കഥയായി മാറുകയും ചെയ്യുന്നു, പല കഥാപാത്രങ്ങളും. എപ്രായിം, ഐസേക്ക് എന്നീ പിതാക്കന്മാർ മാത്രമല്ല, മെനഹിം, റബേക്ക, എസ്‌തേർ എന്നീ പുത്രരും ഉദാഹരണം.

ശലമൊൻ എന്ന നായകബിംബത്തിന്റെ നിർമ്മിതിയാണ് ഏഴാമത്തെ തലം. 1950കളിലും 60കളിലും മലയാളനോവലിൽ സൃഷ്ടിക്കപ്പെട്ട നിരാസക്തനും നിർമ്മമനുമായ അസ്തിത്വാന്വേഷിയുടെ വാർപ്പുമാതൃകയിലാണ് ശലമോനും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എഴുതിയകാല(2013)ത്തിന്റേതെന്നതിനെക്കാൾ കഥാകാല(1950)ത്തിന്റെ ഭാവുകത്വഘടനയിൽ രൂപംകൊള്ളുന്ന നായകനാണയാൾ. ഇതാകട്ടെ, ഒരേസമയംതന്നെ ഒരു സാധ്യതയും പരിമിതിയുമാണ്.

നോവലിൽ നിന്ന്:-

'അവർ വന്നത് കൂട്ടങ്ങളായാണ്, അസീറിയക്കാരുടെ, ബാബിലോണീയരുടെ, റോമാക്കാരുടെ അതിക്രമങ്ങളിൽ പൊറുതിമുട്ടി, ലോകമെമ്പാടും ചിതറിയ കൂട്ടത്തിൽ പരിചിതമായ മുളകുവഴികളിലൂടെ അവർ നമ്മുടെ പടിഞ്ഞാറൻ തീരത്തെത്തിയിരിക്കണം.

പിന്നെ, ഈ കുടിയേറ്റങ്ങൾക്കൊക്കെ ഒരു പൊതുസ്വഭാവമുണ്ട്. കൂട്ടം ചേർന്നുള്ള അലച്ചിലുകൾക്കിടയിൽ അവർ തമ്മിൽ ചോദ്യങ്ങൾ ചോദിക്കാറില്ല. ഉള്ളിൽ കുരുക്കുന്ന സംശയങ്ങളുടെ മുനകൾ അപ്പപ്പോഴായി ഒടിച്ചു മടക്കിയിടാൻ അവർ എന്നേ ശീലിച്ചു കഴിഞ്ഞിരിക്കുന്നു. കാരണം, അവരുടെ മുമ്പിൽ അപ്പോഴുള്ളത് പച്ചയായ ജീവിതം മാത്രമാണ്. ജീവൻ രക്ഷിക്കാനും, ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വ്യഗ്രതയിൽ തങ്ങളുടെ സംശയങ്ങളുടെ പൊരുളില്ലായ്മയും അവരെ അലട്ടാറില്ല.

കാലമിത്ര കഴിഞ്ഞിട്ട് എവിടന്നു വന്നു, എന്നു വന്നു, എന്തിനു വന്നു തുടങ്ങിയ ചോദ്യങ്ങൾ തന്നെ പാഴ്‌വേലയല്ലേ? ആർക്കെങ്കിലും എന്നെങ്കിലും സ്വന്തം ഇടം എന്നൊന്നുണ്ടായിട്ടുണ്ടോ? കുടിയേറ്റങ്ങളുടെ കഥകളല്ലേ ലോകചരിത്രം മുഴുവനും? അതായത്, വന്നവരുടെയും, പോയവരുടെയും, അടിച്ചോടിക്കപ്പെട്ടവരുടെയും കഥകൾ. മനുഷ്യരാശിയുടെ ആരംഭം മുതലേയുള്ള തുടർച്ചയാണത്. ഉയിരുകാക്കാനും പശിയടക്കാനുമുള്ള തത്രപ്പാടിൽ, ഭൂഖണ്ഡങ്ങളിലൂടെയുള്ള മനുഷ്യന്റെ അലച്ചിലുകളിലൂടെ, കടന്നുകയറ്റങ്ങളിലൂടെയല്ലേ, ജനപദങ്ങളും സംസ്‌കാരങ്ങളും രൂപം കൊണ്ടത്? ആദിമമനുഷ്യന്റെ അന്തമില്ലാത്ത സഞ്ചാരങ്ങൾ. ഒഴിച്ചുപോക്കുകൾ. തിന്നും കൊന്നുമുള്ള മുന്നേറ്റങ്ങൾ. കൈയേറാനും കീഴടക്കാനുമുള്ള അവന്റെ വ്യഗ്രതകൾക്കിടയിൽ പല ആദിമഗോത്രങ്ങളും മാഞ്ഞുപോയി. കൈയൂക്കുള്ളവന്റെ മുഷ്‌കിൽ, കൗശലത്തിൽ, നാടും കാടും ജീവജാലങ്ങളുമൊക്കെ അവന്റെ ചൊൽപ്പടിയിലായി.

ഒന്നോർത്തോളൂ, ഈ കുടിയേറ്റമെന്ന് പറയുന്നത് മനുഷ്യന്റെ മാത്രമല്ല; ജന്തുക്കളുടെ, പക്ഷികളുടെ, ജീവജാലങ്ങളുടെ, സസ്യങ്ങളുടെ വരെ. ഈ മഹാപ്രയാണത്തിൽ അറിഞ്ഞോ, അറിയാതെയോ, ഒരുപാട് ഇടകലരലുകൾ നടക്കുന്നു. ഭാഷയിൽ, ജീവിതശൈലിയിൽ, സംസ്‌കാരത്തിൽ. അങ്ങനെ ഒരർത്ഥത്തിൽ കുടിയേറ്റങ്ങൾ രൂപാന്തരങ്ങൾ കൂടിയാകുന്നു.

പറഞ്ഞുപോകുകയാണ് വറുതുട്ടിമാഷ്. പരിചയമില്ലാത്തൊരു മൊഴിയിൽ, മുമ്പിലെ പുഴയെ സാക്ഷിയാക്കിയുള്ള ആ പറച്ചിലുകളിലൂടെ ഏതൊക്കെയോ കാണാലോകങ്ങൾ വിടർന്നുവരികയായിരുന്നു ശലമോന്റെ കൺമുമ്പിൽ.

ഇതിനു പുറകിലെ തെളിവുകളും രേഖകളും തേടിപ്പോകുകയെന്നത് അബദ്ധമാവും. കാരണം വ്യാഖ്യാനങ്ങളും പൊളിവചനങ്ങളുമായി നമ്മെ കുഴക്കുകയെന്നത് ചരിത്രത്തിന്റെ കുസൃതിയാണ്. ശതാബ്ദങ്ങളും തലമുറകളും കടന്ന് ഒരുപാട് കൂട്ടിക്കിഴിക്കലുകളോടെ, വഴിതിരിക്കലുകളിലൂടെ, നമ്മുടെ കൈയിൽപെടുന്ന ചരിത്രത്തിന്റെ തുണ്ടുകൾ എന്തു പുതിയ വെളിച്ചമാണ് തരുന്നത് എന്നു ചോദിച്ചാൽ കുഴങ്ങിപ്പോകുകയേ ഉള്ളൂ.

പ്രാചീന ഈജിപ്തിലെ അടിമത്തം താങ്ങാതായപ്പോൾ യഹോവ പറഞ്ഞുവത്രെ എന്റെ ആളുകൾ പോകട്ടെ. അവരെ നയിച്ചുകൊണ്ടു സീനായ്മലയിലൂടെ മോശ നടത്തിയതായിരുന്നു ആദ്യയാത്ര. പക്ഷേ, യറൂശലേമിലെ രണ്ടാമത്തെ പള്ളി പൊളിച്ചതിനു ശേഷമായിരിക്കാം യഹൂദന്മാരുടെ വലിയൊരു ചിതറിപ്പോക്ക് നടന്നത്. അതായത് ഒന്നാം നൂറ്റാണ്ടിലോ മറ്റോ. ഉയിര്കാക്കുക, വിശപ്പടക്കുക, സുരക്ഷിതമായൊരു താവളം കണ്ടെത്തുക ഇതൊക്കെ മാത്രമായിരുന്നു അന്നവരുടെ മുമ്പിൽ. അങ്ങനെ ലോകമെമ്പാടും പടർന്നുപോയവരുടെ കൂട്ടത്തിൽ ഒരു സംഘം നമ്മുടെ പടിഞ്ഞാറൻ തീരത്തും വന്നതാവാം. യെമനിൽ നിന്ന് വലിയൊരു കൂട്ടം വന്നിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പിന്നെ ഇതൊക്കെ നേരിട്ട് ഒറ്റയടിക്കുള്ള വരവായിരുന്നില്ലല്ലോ. ലോകചരിത്രത്തിൽ നടന്നിട്ടുള്ള എല്ലാ കുടിയേറ്റങ്ങളെയുംപോലെ ഇതും പടിപടിയായുള്ള കൂടുമാറ്റങ്ങളായിരുന്നിരിക്കാം.

കൂടുമാറ്റങ്ങൾ? ശലമോൻ ചോദിച്ചു.

എന്താ സംശയം? അതിരുകളോ, വേലിക്കെട്ടുകളോ ഇല്ലാത്ത വലിയൊരു ലോകമായിരുന്നില്ലോ. പച്ചപ്പും കുടിനീരും തേടിപ്പോകുന്ന കന്നുകാലികളെപ്പോലെ, ഒരിടത്തു നിന്നു മറ്റൊന്നിലേക്ക്, അവിടന്ന് വേറൊന്നിലേക്ക്.... കൂടുതൽ പച്ചപ്പ്, കൂടുതൽ സുരക്ഷ, നീർപ്പറ്റ്.

എന്നാലും, ഇത്രയും ദൂരെ നിന്നു കടലുകൾ കടന്നു, നമ്മുടെ ഈ ചെറിയ ചുറ്റുപാടുകലിലേക്ക്... അതാണ് ശലമോന് വിശ്വസിക്കാനാവാത്തത്.

ഉണ്ടായിരുന്നു, വറുതുട്ടിമാഷ് തറപ്പിച്ചു പറഞ്ഞു. പത്തു രണ്ടായിരം ആണ്ടുകൾക്കു മുമ്പു നമ്മുടെ തീരവും യൂറോപ്യൻ രാജ്യങ്ങളുമായി നടന്നിരുന്ന കുരുമുളകു കച്ചവടം തന്നെ പ്രധാന കാരണം. ചരിത്രത്തിൽ പറയുന്ന സ്‌പൈസ്‌റൂട്ട്. അന്നു നമ്മുടെ മുസിരിസടക്കം പല തുറമുഖങ്ങളുമായി അവർക്ക് കച്ചവടബന്ധമുണ്ടായിരുന്നു. അങ്ങനെ ഒട്ടേറെ പോക്കുവരവുകളിലൂടെ, ആരേയും പേടിക്കാതെ കഴിയാവുന്ന നാടായി അവരിതിനെ കണ്ടുകാണണം.

പക്ഷേ, അവരൊക്കെ യഹൂദന്മാരായിരുന്നോ? 

തീർച്ചയായും അവരിൽ കുറെയേറെ യഹൂദരും ഉണ്ടായിരുന്നിരിക്കും. വറുതുട്ടിമാഷ് ഉറക്കെ ചിരിച്ചു. കാരണം, കച്ചവടം യഹൂദരുടെ ചോരയിലുള്ളതല്ലേ? അങ്ങനെ ചേന്ദമംഗലവും പറവൂരും കൊടുങ്ങല്ലൂരും മാളയും മേത്തലയും പുല്ലൂറ്റുമൊക്കെയായി അവർ പടർന്നുകയറി. ഈ സ്ഥലങ്ങളൊക്കെ ഏതെങ്കിലും തരത്തിൽ അന്നത്തെ കടൽക്കച്ചവടവുമായി കെട്ടുപിണഞ്ഞു കിടന്നിരിക്കണം. മേത്തലയിലെ യഹൂദക്കുളത്തിന്റെ കരയിലെ പഴയ പള്ളി പിന്നീട് അക്രമികൾ കത്തിച്ചുകളഞ്ഞതാണെന്ന് കേട്ടിട്ടുണ്ട്. കിഴക്കിന്റെ യറൂശലേമായിരുന്നു അന്നു മേത്തല. അതുകൊണ്ട് അവിടം വിട്ടുപോകുന്ന തെക്കുംഭാഗക്കാർ ഒരു പിടി ചാരം കിഴി കെട്ടി കൊണ്ടുപോകുമായിരുന്നത്രെ, ചാവുമ്പോൾ ശവപ്പെട്ടിയുടെ മീതെ തൂവാൻ. മറുനാടുകളിലേക്ക് കെട്ടിച്ചുവിടുന്ന പെൺകുട്ടികൾ കുപ്പായത്തുമ്പത്ത് ഇങ്ങനെയൊരു കെട്ടിടാൻ തുടങ്ങിയതോടെ വടക്കുംഭാഗക്കാർ അവരെ ചാരംകെട്ടികളെന്നു കളിയാക്കി വിളിക്കാൻ തുടങ്ങി.

ചിലത് ചരിത്രം. ചിലത് കേട്ടുകേൾവികൾ. വറുതുട്ടിമാഷ് കൂട്ടിച്ചേർത്തു. ഇടയില് കുറെ സത്യങ്ങളും കാണാതിരിക്കില്ല'.

ആലിയ
സേതു
ഡി.സി. ബുക്‌സ്
വില: 320 രൂപ