ന്യൂഡൽഹി: ഡൽഹിയിലെ അത്ഭുതപ്പെടുത്തുന്ന വിജയത്തിന് പിന്നാലെ പാളയത്തിലെ പട ആം ആദ്മി പാർട്ടിയെ ക്ഷീണിപ്പിച്ചെങ്കിലും, അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജ്രിവാളും സംഘവും. ഡൽഹിക്ക് പുറത്തേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന പാർട്ടി പരിപാടിയുടെ അടിസ്ഥാനത്തിൽ ആം ആദ്മി ആദ്യം ലക്ഷ്യമിടുന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പാണ്.

തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുവർഷം കൂടിയുണ്ടെങ്കിലും എഎപി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഒരു ദൗത്യസംഘം പഞ്ചാബിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽനിന്ന് പാർട്ടിക്കുണ്ടായ നേട്ടവും ഈ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ മത്സരിച്ചതിൽ നാലിടത്ത് വിജയിക്കാൻ എഎപിക്ക് സാധിച്ചിരുന്നു.

ഡൽഹി തെരഞ്ഞെടുപ്പിൽ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിക്കുന്നതിന് ചുക്കാൻ പിടിച്ച സംഘം തന്നെയാകും പഞ്ചാബിലെ പ്രവർത്തനങ്ങളെയും ഏകോപിപ്പി്ക്കുക. ആദ്യപടിയായി എഎപിക്ക് പ്രവർത്തന സജ്ജമായ അന്തരീക്ഷമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം.പാർട്ടി ഘടകങ്ങൾ കെട്ടിപ്പടുത്ത് തിരഞ്ഞെടുപ്പാകുമ്പോഴേക്കും തരംഗമായി മാറുകയാണ് കെജരീവാളിന്റെ ലക്ഷ്യം.

ജൂൺവരെ പഞ്ചാബിൽ തങ്ങി ഓരോ മണ്ഡലത്തിലൂടെയും യാത്ര ചെയ്യുന്നതിനായി 30 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. എഎപിയുടെ ഡൽഹി യൂണിറ്റിന്റെ കോകൺവീനർ ദുർഗേഷ് പഥക്കാണ് സംഘത്തലവൻ. പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കുന്നതിനാണ് താനും സംഘവും ഇപ്പോൾ ശ്രമിക്കുന്നതെന്ന് ദുർഗേഷ് പറഞ്ഞു.

117 അസംബ്ലി മണ്ഡലങ്ങളാണ് പഞ്ചാബിലുള്ളത്. ഇതിൽ 25 എണ്ണത്തിൽ എഎപി സംഘം സന്ദർശനം നടത്തിക്കഴിഞ്ഞു. ഓരോ ദിവസവും ഓരോ മണ്ഡലത്തിൽ ചെലവിട്ടാണ് പ്രചാരണപരിപാടികൾ നടത്തുന്നത്. വളണ്ടിയർമാരായി പ്രവർത്തിക്കുന്നവരുമായി ആശയവിനിമയം നടത്തിയും പുതിയ പ്രവർത്തകരെ കണ്ടും പാർട്ടിക്ക് അടിത്തറയൊരുക്കുകയാണ് ദൗത്യ സംഘം ഇപ്പോൾ.

പാർട്ടിയിൽ വിഭാഗീയ പ്രശ്‌നങ്ങളില്ലെന്നും തന്റെ നേതൃത്വത്തെ ഏല്ലാവരും അംഗീകരിക്കുന്നുവെന്നും തെളിയിക്കാൻ കെജ്രിവാളിനുള്ള സുവർണ്ണാവസരമാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്. പാർട്ടിക്ക് ഇനിയും മുന്നേറാനാകുമെന്ന് ഉറപ്പിക്കാനുള്ള അവസരം. അതുകൊണ്ട് തന്നെ ചിട്ടയായ പ്രവർത്തനങ്ങൾ പഞ്ചാബിൽ ഉണ്ടാകണമെന്നാണ് കെജ്രിവാൾ നൽകുന്ന നിർദ്ദേശം.