കോഴിക്കോട്: അഴിമതിക്കെതിരെ പോരാടുകയെന്ന ലക്ഷ്യത്തോടെയും സമന്വയത്തിലൂടെ സഹിഷ്ണുത എന്ന മുദ്രാവാക്യമുയർത്തിയും ആം ആദ്മി പാർട്ടി ഒരുക്കുന്ന ചൂൽവിപ്‌ളവം 2019ന്റെ ഉത്തരകേരള പ്രഖ്യാപനം കോഴിക്കോട്ട് നടന്നു. ഇതോടൊപ്പം മാനുഷരൊന്ന് എന്ന പേരിൽ സംസ്ഥാനത്തെ അമ്പതോളം സമരസംഘടനകളിലെ പ്രവർത്തകരുടെയും നേതാക്കളുടെയും സംഗമവും സംഘടിപ്പിച്ചു. അഴിമതിക്കെതിരായ പോരാട്ടമാണ് ലക്ഷ്യമിടുന്നത്.

ചൂൽ വിപ്ലവത്തിന്റെ പ്രകടനം ഇൻഡോർ സ്്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച് മാനാഞ്ചിറ സ്‌ക്വയർ ചുറ്റി കോംട്രസ്റ്റ് മൈതാനിയിൽ സമാപിച്ചു. ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതെ നടപ്പാതയിലൂടെയാണ് ആയിരത്തോളം പേർ പങ്കെടുത്ത പ്രകടനം മുന്നേറിയത്. സമരസംഗമത്തിൽ നടൻ ജോയ് മാത്യു മുഖ്യാതിഥിയായി. ഹർത്താൽ പോലുള്ള സമരരീതികൾ മാറണമെങ്കിൽ ആദ്യം ചിന്താഗതി മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികളിലെ ചെറുപ്പക്കാർക്കുപോലും അനുഭാവമുണ്ടാവുന്ന തരത്തിലാണ് ആം ആദ്മിയുടെ പ്രവർത്തനങ്ങൾ. താൻ ആപ്പിന്റെ പ്രവർത്തകനല്‌ളെങ്കിലും സുതാര്യതയും മനുഷ്യനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും തന്നെ ഈ പാർട്ടിയുമായി അടുപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡ്വ. സോംനാഥ് ഭാരതി ചൂൽവിപ്‌ളവം 2019ന്റെ പ്രഖ്യാപനം നടത്തി. നിലവിലെ രാഷ്ട്രീയ കാലാവസ്ഥക്കെതിരെ പ്രതിരോധം തീർക്കാനായി ആം ആദ്മി പാർട്ടി രാജ്യത്തെങ്ങും വ്യാപിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചൂൽ വിപ്‌ളവത്തിന്റെ ലോഗോ പ്രകാശനവും പാർട്ടിയിൽ ചേരാനുള്ള മിസ്‌കാൾ നമ്പർ (8030636329) പ്രഖ്യാപനവും അൽക്ക ലാംബ എംഎ‍ൽഎ നിർവഹിച്ചു. സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു.

ദേശീയ നേതാക്കളായ ദീപക് വാജ്‌പേയി, രജത് ഗുപ്ത, സംസ്ഥാന കമ്മിറ്റി അംഗം ഷൗക്കത്തലി ഏരോത്ത് എന്നിവർ സംസാരിച്ചു. ചൂൽവിപ്‌ളവം ജനറൽ കൺവീനർ വിനോദ് മേക്കോത്ത് സ്വാഗതവും എസ്.എ. അബൂബക്കർ നന്ദിയും പറഞ്ഞു. വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. കോഴിക്കോട്ട് മാൻഹോളിൽ രണ്ടുപേരെ രക്ഷിക്കാനിറങ്ങി ജീവത്യാഗം വരിച്ച ഓട്ടോഡ്രൈവർ നൗഷാദിന്റെ മാതാവ് അസ്മവിയെ പരിപാടിയിൽ പ്രത്യേകം ആദരിച്ചു. ആയിരക്കണക്കിന് പേർ പങ്കെടുത്തിട്ടും മുഖ്യധാരമാദ്ധ്യമങ്ങൾ ആരും ഈ സമ്മേളനത്തെ വേണ്ട വിധം ഗൗനിച്ചില്ലെന്നതാണ് വസ്തുത.