ന്യൂഡൽഹി: ദേശീയ പാർട്ടിയാകാനുള്ള ആംആദ്മി പാർട്ടിയുടെ മോഹങ്ങൾക്കു കനത്ത തിരിച്ചടിയായി ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും എഎപി സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തു മൽസരിച്ച 29 സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശു പോലും തിരികെ ലഭിക്കില്ല. സംസ്ഥാനത്ത് നോട്ടയ്ക്ക് ലഭിച്ച വോട്ടുകൾ പോലും നേടാൻ എഎപിക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കണക്കുകൾ വച്ച് ഒരു സ്ഥാനാർത്ഥിക്കു ലഭിച്ചത് 282 വോട്ടുകളാണ്. മറ്റൊരാൾക്ക് 299 വോട്ടുകളും.

ഉനയിലെ ദലിതകർക്കുനേരെയുണ്ടായ ആക്രമണം, പട്ടേൽ പ്രക്ഷോഭം തുടങ്ങിയ കാര്യങ്ങളിൽ കേജ്രിവാൾ നടത്തിയ പ്രസ്താവനകളൊന്നും സാധാരണ ജനങ്ങളെ തെല്ലും സ്വാധീനിച്ചില്ല. ഇതോടെ ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ഗുജറാത്തിലും വേരുപിടിപ്പിക്കാനുള്ള എഎപിയുടെ ശ്രമം പാളി. അതേസമയം, ഡൽഹി മുഖ്യമന്ത്രിയുടെ എഎപി നേതാവുമായ അരവിന്ദ് കേജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തൊഴിൽ മന്ത്രിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ഗോപാൽ റായി തുടങ്ങിയവരും പ്രചാരണത്തിനായി ഇറങ്ങിയതേയില്ല.

ഗോവ തിരഞ്ഞെടുപ്പിൽ 39 സ്ഥാനാർത്ഥികളിൽ 38 പേർക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിലും 20ലെറെ സ്ഥാനാർത്ഥികൾക്കു കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു. ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് എല്ലാ സീറ്റിലും മൽസരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ രണ്ടു സംസ്ഥാനങ്ങളിലെയും മോശം പ്രകടനത്തെത്തുടർന്നു ഡൽഹിയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന നിലപാടിലേക്ക് എഎപി മാറിയത്. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ പരാജയവും അത്തരമൊരു തീരുമാനത്തിലേക്ക് അവരെ എത്തിച്ചു. പിന്നീടാണു നിലപാടു മാറ്റിയത്.

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ 10,000 രൂപ കെട്ടിവയ്ക്കണമെന്നാണു ചട്ടം. മണ്ഡലത്തിൽ പോൾ ചെയ്തവയിൽ ആറിലൊന്നു വോട്ടു പോലും നേടാനായില്ലെങ്കിൽ ഈ കാശ് നഷ്ടപ്പെടും. ഗുജറാത്തിൽ നോട്ടയ്ക്ക് 1.8% വോട്ടു ലഭിച്ചപ്പോൾ എഎപിക്ക് 0.003% വോട്ടു മാത്രമേ ലഭിച്ചുള്ളു.