ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ആംആദ്മി വിജയഗാഥ. മാധ്യമങ്ങളും കോടതിയുമെല്ലാം എതിരായതോടെ കെജ്രിവാളിന്റെ പ്രതാപം തീർന്നുവെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയിലും ഉപതിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ സീറ്റു നിലനിർത്തി. എഎപി വിട്ട് ബിജെപിയിൽ ചേർന്നു മൽസരിച്ച സ്ഥാനാർത്ഥിയെയാണു പരാജയപ്പെടുത്തിയത്.

ഡൽഹിയിലെ ഭാവന നിയമസഭാ മണ്ഡലത്തിൽ എഎപിയുടെ രാംചന്ദർ 59,886 വോട്ടുനേടി വിജയിച്ചു. എഎപി വിട്ട് ബിജെപിയിൽ ചേർന്നു മൽസരിച്ച വേദ് പ്രകാശിനു 35,834 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥി സുരേന്ദർ കുമാറിന് 31,919 വോട്ടും ലഭിച്ചു. മൂന്നു സ്വതന്ത്രർ ഉൾപ്പെടെ എട്ടു സ്ഥാനാർത്ഥികൾ മൽസര രംഗത്തുണ്ടായിരുന്നു. മൊത്തം 2.94 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ പോൾ ചെയ്തതിലെ 45.4% വോട്ടും നേടി ആംആദ്മി പാർട്ടി കരുത്തു തെളിയിച്ചു. ഇതോടെ ആംആദ്മി വീണ്ടും കരുത്തു കാട്ടുകയാണ്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയോട് കടുത്ത തോൽവിയാണ് ആംആദ്മി നേരിട്ടത്. ഇതോടെ കെജ്രിവാളിന്റെ കാലം കഴിഞ്ഞെന്നും വിലയിരുത്തി. ഇതിനിടെയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം.

ആംആദ്മിയിൽ നിന്ന് കാലുമാറി ബിജെപിയിൽ എത്തിയ നേതാവാണ് തോറ്റത്. ഇതോടെ ആംആദ്മിയിൽ നിന്ന് കൂടുതൽ പേരെ അടർത്തിയെടുത്ത് ഡൽഹി പിടിക്കാനുള്ള ശ്രമം ബിജെപി ഉപേക്ഷിക്കുകയും ചെയ്യും. കാലുമാറ്റ രാഷ്ട്രീയത്തിന് എതിരെയുള്ള ജനവിധിയാണ് ഡൽഹിയിലേതെന്നാണ് വിലയിരുത്തൽ. ഈയിടെ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാനാവാത്തത് ഇതുകൊണ്ടാണെന്ന് ബിജെപി വിലയിരുത്തുന്നു. കോൺഗ്രസിന്റെ വോട്ടിലും വമ്പൻ വർദ്ധനവുണ്ടായി. ആദ്യ മൂന്ന് റൗണ്ടിൽ കോൺഗ്രസായിരുന്നു മുന്നിൽ. പിന്നീട് പിന്നിലേക്ക് പോവുകയും ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയുമായിരുന്നു.

അഴിമതി നടത്താനാവാതെ ആംആദ്മിയിൽ നിന്ന് ചാടിയ നേതാവാണ് വേദ് പ്രകാശം. കെജ്രിവാളിനെതിരെ നിരവധി ആരോപണവും ഉന്നയിച്ചു. മുൻസിപ്പൽ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഈ കളിക്ക് ബിജെപി ഇറങ്ങിയത്. എന്നാൽ തീർത്തും പാളിപോയി. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ ഇനി കെജ്രിവാളിനെതിരെ ബിജെപി നീങ്ങൂ. കെജ്രിവാളിന്റെ ജന പിന്തുണ ഇപ്പോഴും അതുപോലെയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ വിജയം. കൂടുതൽ ജനകീയ പദ്ധതികളുമായി പ്രതിച്ഛായ ഉയർത്താനാണ് കെജ്രിവാളിന്റെ തീരുമാനം.

അതിനിടെ ഗോവയിൽ ബിജെപി വമ്പൻ നേട്ടം നേടി. ഗോവയിൽ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പരീക്കറും കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ വിശ്വജിത്‌റാണയും വിജയിച്ചു. ഗോവയിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ തന്റെ സ്ഥിരം മണ്ഡലമായ പനജിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനുമായ ഗിരീഷ് ചോദാങ്കറെ 4803 വോട്ടിനാണു പരാജയപ്പെടുത്തിയത്. 1994 മുതൽ പരീക്കറുടെ സ്ഥിരം സീറ്റാണിത്. വീണ്ടും കഴിഞ്ഞ മാർച്ചിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിവന്ന പരീക്കർക്കു നിയമസഭയിൽ എത്താൻ സിറ്റിങ് ബിജെപി എംഎൽഎ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

ഗോവയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ വിശ്വജിത്‌റാണ തന്റെ വാൽപോയി സീറ്റു നിലനിർത്തുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി റോയി നായിക്കിനെ 10,066 വോട്ടിനാണ് വിശ്വജിത്‌റാണ പരാജയപ്പെടുത്തിയത്. ഇതോടെ 40 അംഗ നിയമസഭയിൽ ബിജെപി എംഎൽഎമാരുടെ എണ്ണം 14 ആയി. 16 എംഎൽഎമാരുമായി കോൺഗ്രസാണ് ഇപ്പോഴും മുൻപിൽ. ഗോവയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ ബിജെപി സ്വതന്ത്രരെയും മറ്റും കൂട്ടുപിടിച്ച് ഭരണം പിടിക്കുകയായിരുന്നു.

ആന്ധ്രപ്രദേശിൽ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി നന്ദ്യാൽ സീറ്റ് നിലനിർത്തി. ഇവിടെ, ടിഡിപിയിലെ ഭൂമ ബ്രഹ്മാനന്ദ റെഡ്ഡി, വൈഎസ്ആർ കോൺഗ്രസിലെ ശിൽപചന്ദ്ര മോഹൻ റെഡ്ഡിയെ 27,000 വോട്ടുകളുടെ വ്യത്യാസത്തിനു തോൽപിച്ചു. ടിഡിപി എംഎൽഎ ഭൂമ നാഗി റെഡ്ഡിയുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.